വോട്ട്‌ മറിക്കൽ: യുഡിഎഫ്‌ ‌വസ്‌തുത പറയണം



കമ്യൂണിസ്‌റ്റുകാരെ തോൽപ്പിക്കാൻ ബിജെപി കോൺഗ്രസിന്‌ വോട്ട്‌ മറിച്ചിട്ടുണ്ടെന്ന്‌ ബിജെപിയുടെ മുതിർന്ന നേതാവായ ഒ രാജഗോപാൽ ഒടുവിൽ പരസ്യമായി സമ്മതിച്ചു. കഴിഞ്ഞതവണ നേമം നിയമസഭാ മണ്ഡലത്തിൽ തനിക്ക്‌ കോൺഗ്രസിന്റെ വോട്ട്‌ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം തുറന്നു പറഞ്ഞുകഴിഞ്ഞു. കേരളത്തിൽ കോൺഗ്രസ്‌ –- ബിജെപി കൂട്ടുകെട്ട്‌ ഒളിഞ്ഞും തെളിഞ്ഞും നിലവിലുണ്ടെന്ന്‌ ബിജെപിയുടെ ഉന്നതനേതാവ്‌ സമ്മതിക്കുമ്പോൾ അതിന്‌‌ രാഷ്‌ട്രീയപ്രാധാന്യം ഏറെയാണ്‌. കേരളം മറ്റൊരു നിയമസഭാ തെരഞ്ഞെടുപ്പിലേക്ക്‌ നീങ്ങവെ രാജഗോപാൽ നടത്തിയ തുറന്നുപറച്ചിൽ വർഷങ്ങളായി അവിശുദ്ധ കൂട്ടുകെട്ട്‌ തുടരുന്ന യുഡിഎഫിനും ബിജെപിക്കുമേറ്റ കനത്ത പ്രഹരമാണ്‌. -വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ മണ്ഡലങ്ങളിൽ യുഡിഎഫ്‌–-ബിജെപി വോട്ടുമറിക്കലിന്‌ കളമൊരുക്കുമ്പോഴാണ്‌ ഒ രാജഗോപാലിന്റെ ഈ വെളിപ്പെടുത്തൽ‌. കേരളത്തിൽ യുഡിഎഫ്‌ –-ബിജെപി രഹസ്യ ധാരണയുണ്ടെന്നാണ്‌ കണക്കുകളും വസ്‌തുതകളും വ്യക്തമാക്കുന്നത്‌. സമീപകാല തെരഞ്ഞെടുപ്പുകളിൽ യുഡിഎഫ്‌ പിന്നോട്ടു പോയ പല മണ്ഡലങ്ങളിലും ബിജെപിക്ക്‌ ഗണ്യമായി വോട്ട്‌ വർധിച്ചത്‌ അന്നേ ചർച്ചയായതാണ്‌. ഇടതുപക്ഷം തോറ്റ ചിലയിടങ്ങളിൽ ബിജെപിക്ക്‌ വോട്ട്‌ കുറയുകയും ചെയ്തു. സംഘപരിവാർ അണികളുടെ കമ്യൂണിസ്‌റ്റ്‌ വിരുദ്ധത മുതലെടുത്ത്‌ ബിജെപി നേതാക്കളുടെ സഹായത്തോടെ കോൺഗ്രസ്‌ ഏറെക്കാലം വോട്ട്‌ മറിച്ചു വാങ്ങി. തുടർച്ചയായുള്ള വോട്ട്‌ മറിക്കലിന്‌ സംഘപരിവാർ പ്രതിഫലം ചോദിച്ചതോടെ 1991ൽ രൂപംകൊണ്ട കുപ്രസിദ്ധമായ കോലീബി സഖ്യം ഈ കൂട്ടുകെട്ടിന്റെ പരസ്യമായ രംഗപ്രവേശമായിരുന്നു. യുഡിഎഫിന്റെ പിന്തുണയോടെ വടകരയിലും ബേപ്പൂരിലും ബിജെപിക്കാരെ പൊതുസ്വതന്ത്രരായി അവതരിപ്പിച്ചു. മുസ്ലിംലീഗിന്റെ മുൻകൈയിലാണ്‌ സഖ്യം രൂപംകൊണ്ടത്‌. ബിജെപിയും ലീഗും നേരത്തേ പ്രഖ്യാപിച്ച സ്ഥാനാർഥികളെ പിൻവലിച്ചാണ്‌ ബേപ്പൂരിൽ മാധവൻകുട്ടിയെ പിന്തുണച്ചത്‌. എന്നാൽ, യുഡിഎഫ്‌–-ബിജെപി കുതന്ത്രം തിരിച്ചറിഞ്ഞ പ്രബുദ്ധരായ വോട്ടർമാർ വടകരയിൽ രത്‌നസിങ്ങിനും ബേപ്പൂരിൽ മാധവൻകുട്ടിക്കും കനത്ത പ്രഹരമേൽപ്പിച്ചു. ധാരണയുണ്ടാക്കി പൊതുസ്ഥാനാർഥിയെ നിർത്തിയിട്ടും അക്കാര്യം സമ്മതിക്കാൻ കോൺഗ്രസോ ലീഗോ ബിജെപിയോ തയ്യാറായിരുന്നില്ല. ബിജെപി നേതാക്കളായിരുന്ന കെ ജി മാരാരുടെ ജീവചരിത്രത്തിലും കെ രാമൻപിള്ളയുടെ ആത്മകഥയിലും കോലീബി സഖ്യത്തെക്കുറിച്ച്‌ പിന്നീട്‌ തുറന്നു പറഞ്ഞിട്ടുണ്ട്‌. രത്നസിങ്ങിന്റെയും മാധവൻകുട്ടിയുടെയും ഓർമക്കുറിപ്പുകളിലും ഇക്കാര്യം സമ്മതിക്കുന്നു‌.   കേരളത്തിലെ കോൺഗ്രസ്‌, ബിജെപി നേതാക്കൾ ഏറെക്കാലമായി അണിയുന്ന രാഷ്‌ട്രീയ പൊയ്‌മുഖമാണ്‌ ഒ രാജഗോപാലിന്റെ വെളിപ്പെടുത്തലോടെ അഴിഞ്ഞുവീണത്‌. കമ്യൂണിസ്‌റ്റു‌കാരെ തോൽപ്പിക്കാൻ കോൺഗ്രസിന്‌ വോട്ട്‌ മറിച്ചു നൽകിയിട്ടുണ്ടെന്ന്‌‌ ഒരു ബിജെപി നേതാവ്‌ ആദ്യമായാണ്‌ തുറന്നു പറഞ്ഞത്‌. നേമത്ത്‌ യുഡിഎഫ്‌ ദുർബല സ്ഥാനാർഥിയെ നിർത്തി ബിജെപിക്ക്‌ വോട്ട്‌ മറിച്ച കാര്യം കണക്കുകളിൽ വ്യക്തവുമാണ്‌. ഇക്കാര്യമാണ്‌ ഇപ്പോൾ ഒ രാജഗോപാൽ എടുത്തുപറയുന്നത്‌. ഇടതുപക്ഷത്തെ തോൽപ്പിക്കാൻ ആദ്യകാലത്ത്‌ യുഡിഎഫിന്‌ വോട്ട്‌ മറിച്ച ബിജെപി ദേശീയ തലത്തിൽ പാർടി ശക്തിപ്രാപിച്ചതോടെ യുഡിഎഫിൽനിന്ന്‌ പ്രതിഫലം തിരിച്ചു ചോദിച്ചുതുടങ്ങി‌. നേമം പോലുള്ള മണ്ഡലങ്ങളിൽ ദുർബല സ്ഥാനാർഥികളെ നിർത്തിയാണ്‌ കോൺഗ്രസ്‌ പ്രത്യുപകാരം ചെയ്‌തത്‌. മറ്റിടങ്ങളിൽ ബിജെപി കുറേ വോട്ടുകൾ യുഡിഎഫിന്‌ മറിക്കാനും തയ്യാറായി. ബിജെപിക്ക്‌ സാമാന്യം ശക്തിയുള്ള കൂടുതൽ മണ്ഡലങ്ങളിൽ യുഡിഎഫ്‌ ദുർബല സ്ഥാനാർഥികളെ നിർത്തി വോട്ട്‌ മറിക്കാൻ ഇത്തവണ തന്ത്രം മെനയുന്നതിനിടയിലാണ്‌ ഒ രാജഗോപാൽ വെളിപ്പെടുത്തലുമായി രംഗത്തുവന്നത്‌. എന്നാൽ, ബിജെപി യുഡിഎഫിന്‌ വോട്ട്‌ മറിച്ചുവെന്ന രാജഗോപാലിന്റെ വെളിപ്പെടുത്തൽ വാർത്തയാക്കാൻ ഇടതുപക്ഷ വിരുദ്ധത തലയ്‌ക്കു പിടിച്ച ഒരു വിഭാഗം മാധ്യമങ്ങൾ തയ്യാറായതേയില്ല. ബിജെപിയിലെ ഗ്രൂപ്പ്‌ വഴക്കിന്റെ ഭാഗമായി ആർഎസ്‌എസ്‌ മുഖപത്രമായ ഓർഗനൈസറിന്റെ എഡിറ്റർ ബാലശങ്കർ നടത്തിയ പരാമർശത്തിന്റെ പേരിൽ ഇടതുപക്ഷത്തെ ആക്രമിക്കാനാണ്‌ മാധ്യമങ്ങളുടെ ശ്രമം. വർഗീയതയ്‌ക്കെതിരെ വിട്ടുവീഴ്‌ചയില്ലാതെ പൊരുതുന്ന ഇടതുപക്ഷം വോട്ടിനുവേണ്ടി നിലപാട് മാറ്റുന്നവരല്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്‌. സംഘപരിവാറിന്റെ വർഗീയതയ്‌ക്കെതിരെ പൊരുതാൻ ഇടതുപക്ഷത്തിന്‌ മാത്രമേ സാധിക്കൂ. നേമം അടക്കമുള്ള മണ്ഡലങ്ങളിൽ ബിജെപിയെ തറപറ്റിക്കാൻ ഇടതുപക്ഷം പ്രതിജ്ഞാബദ്ധമാണ്‌. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നേമത്ത്‌ സ്വന്തം വോട്ടുകൾ ബിജെപിയിലെത്തിയത്‌ എങ്ങനെയാണെന്ന്‌ തുറന്നു പറയാൻ ഇനിയെങ്കിലും കോൺഗ്രസ്‌ തയ്യാറാവുകയാണ്‌ വേണ്ടത്‌.   Read on deshabhimani.com

Related News