ബാബറി പള്ളി തകര്‍ക്കല്‍: പ്രതികള്‍ വിചാരണക്കൂട്ടില്‍



ഇന്ത്യന്‍ മതേതരത്വത്തിന്റെ അടിവേരറുത്തുകൊണ്ട്, ബാബറി മസ്ജിദ് എന്ന പുരാതന മുസ്ളിം ആരാധനാലയം സംഘപരിവാര്‍ തകര്‍ത്തത് പതിനായിരക്കണക്കിന് കര്‍സേവകരെ അണിനിരത്തിയായിരുന്നു. ആളിക്കത്തിച്ച മതവികാരം ഉന്മാദാവസ്ഥയിലെത്തിച്ച ജനക്കൂട്ടത്തെ മുന്നിലും പിന്നിലും നിന്ന് നയിച്ചവര്‍ നിയമത്തിന്റെ പിടിയില്‍നിന്ന് തെന്നിമാറാന്‍ കാല്‍നൂറ്റാണ്ടുകാലമായി നടത്തിയ പരിശ്രമം അന്തിമമായി പരാജയപ്പെട്ടു. അദ്വാനിയെയും കൂട്ടരെയും വിചാരണ ചെയ്യാന്‍ സുപ്രീംകോടതി ഉത്തരവായിരിക്കുന്നു. കേവലം ഒരു പള്ളി തകര്‍ക്കല്‍മാത്രമായിരുന്നില്ല 1992 ഡിസംബര്‍ ആറിന് അയോധ്യയില്‍ നടന്നത്. ദുര്‍ബലമായിരുന്ന ഹിന്ദുത്വരാഷ്ട്രീയത്തെ വേരുപിടിപ്പിക്കാന്‍ പതിറ്റാണ്ടുകളായി തുടരുന്ന ഗൂഢനീക്കങ്ങളുടെ സുപ്രധാന ഘട്ടമായിരുന്നു അത്. അഞ്ചുനൂറ്റാണ്ടുമുമ്പ് പണിത ബാബറി പള്ളിക്കുമേല്‍ പുരാണ പുരുഷനായ രാമന്‍ ജനിച്ച സ്ഥലമെന്ന പേരില്‍ അവകാശവാദമുന്നയിച്ച് അശാന്തിയുടെ കേന്ദ്രമാക്കി മാറ്റുകയായിരുന്നു ബിജെപി. പള്ളി തകര്‍ക്കുന്നതിനുമുമ്പും പിന്‍പും ആയിരക്കണക്കിന് നിരപരാധികളുടെ രക്തം ചിന്തിയ നിരവധി കലാപങ്ങള്‍ക്ക് അയോധ്യ വഴിമരുന്നിട്ടു.  ബാബറി മസ്ജിദിനകത്ത് 1949ല്‍ രാമവിഗ്രഹം കൊണ്ടുവച്ച ഗൂഢാലോചനയ്ക്കുപിന്നില്‍ ഗൊരഖ്പുര്‍ മഠാധിപതിയായിരുന്നുവെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. അന്ന് അടച്ചിട്ട്, കോടതി കയറിയ പള്ളി രാജീവ്ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ 1986ല്‍ ഹിന്ദു ആരാധനയ്ക്ക് തുറന്നുകൊടുത്തതോടെയാണ് ബിജെപിയുടെ രാഷ്ട്രീയ ആയുധമായത്. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി എല്‍ കെ അദ്വാനി നടത്തിയ രഥയാത്രകള്‍ രാജ്യത്താകെ മതവിദ്വേഷത്തിന്റെ വിത്തുകള്‍ വിതച്ചു. വര്‍ഗീയകലാപങ്ങള്‍ക്കിരയായി നിരവധി ജീവിതങ്ങള്‍ പൊലിഞ്ഞു. പൂജിച്ച ശിലകളുമായി കര്‍സേവകര്‍ ഇടയ്ക്കിടെ അയോധ്യയിലേക്ക് നീങ്ങി. ബിഹാറിലെ ലാലുപ്രസാദ് സര്‍ക്കാര്‍ അദ്വാനിയുടെ രഥയാത്ര തടഞ്ഞത് കേന്ദ്രത്തിലെ വി പി സിങ് സര്‍ക്കാരിന്റെ പതനത്തിലാണ് കലാശിച്ചത്. ജനതാദള്‍ സര്‍ക്കാരിനെ താഴെയിറക്കാന്‍ കോണ്‍ഗ്രസും ബിജെപിയും കൈകോര്‍ത്തു. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതിമാറ്റിയ സംഭവമായിരുന്നു വി പി സിങ് സര്‍ക്കാരിന്റെ പതനം. കേന്ദ്രത്തില്‍ കോണ്‍ഗ്രസും യുപിയില്‍ ബിജെപിയും അധികാരത്തില്‍ എത്തിയതോടെ ഹിന്ദുത്വരാഷ്ട്രീയത്തിന്റെ രാശി തെളിഞ്ഞു. നരസിംഹറാവു മൌനംകൊണ്ടും കല്യാണ്‍സിങ് കളത്തിലിറങ്ങിയും കര്‍സേവകരെ തുണച്ചു. ബാബറി പള്ളി ഇടിച്ചുനിരത്തിയ ബിജെപിക്കും അത് തടയാന്‍ തയ്യാറാകാത്ത കോണ്‍ഗ്രസിനും രാഷ്ട്രീയഭാവി വിപരീതദിശകളിലായിരുന്നു. വര്‍ഗീയതയോട് സന്ധിചെയ്ത് നീങ്ങിയ കോണ്‍ഗ്രസ്, പതനങ്ങളുടെ ആഴങ്ങള്‍ തേടി. എന്നാല്‍, തീവ്രവര്‍ഗീയതയുടെ വിളവെടുപ്പിലൂടെ ബിജെപി രാജ്യഭരണം കൈക്കലാക്കി. ബാബറിപ്രശ്നത്തിന് തീപിടിപ്പിക്കാന്‍ പതിറ്റാണ്ടുകളായി അവിശ്രമം പ്രവര്‍ത്തിക്കുന്നവരാണ് ഇപ്പോള്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നവരെല്ലാം. പക്ഷേ, നിയമത്തിന്റെ പഴുതുകളിലൂടെ ഇവര്‍ 25 വര്‍ഷം നീതിയെ വെല്ലുവിളിച്ചു. മസ്ജിദ് തകര്‍ത്തതിന്റെ തൊട്ടടുത്തവര്‍ഷംതന്നെ അദ്വാനി ഉള്‍പ്പെടെ 13 സംഘപരിവാര്‍ നേതാക്കള്‍ക്കെതിരെ സിബിഐ ഗൂഢാലോചനക്കുറ്റം ചുമത്തിയെങ്കിലും നിയമനടപടി ഇഴഞ്ഞുനീങ്ങി. 2001ല്‍ വിചാരണക്കോടതിയും 2010ല്‍ അലഹബാദ് ഹൈക്കോടതിയും ഗൂഢാലോചനക്കേസിനെതിരെ വിധിച്ചു. ഉപപ്രധാനമന്ത്രിയായിരിക്കെ കേസില്‍നിന്ന് വിടുതല്‍ നേടിയെങ്കിലും അദ്വാനിയുടെ പ്രധാനമന്ത്രിസ്വപ്നം ഒരിക്കലും പൂവണിഞ്ഞില്ല. ഇപ്പോള്‍ സുപ്രീംകോടതിവിധിയിലൂടെ വീണ്ടും പ്രതിക്കൂട്ടില്‍ നില്‍ക്കുമ്പോള്‍ രാഷ്ട്രപതി സ്ഥാനാര്‍ഥിത്വം എന്ന പ്രതീക്ഷയും അദ്വാനിക്ക് നിഷേധിക്കപ്പെടുകയാണ്. അധികാരത്തിന്റെ പടവുകള്‍ കയറാന്‍ അദ്വാനി തീവ്രവര്‍ഗീയതയും അന്യമതവിദ്വേഷവും ഇന്ധനമാക്കിയെങ്കില്‍ ആശാന്റെ നെഞ്ച് ലക്ഷ്യമാക്കുന്ന ശിഷ്യനാണ് മോഡി. ഗോധ്രയും ഗുജറാത്തും ഉള്‍പ്പെടെ എണ്ണമറ്റ ഗൂഢാലോചനകളിലൂടെ ന്യൂനപക്ഷ ജനവിഭാഗങ്ങളെ ഭയത്തിന്റെ നിഴലിലാക്കിയ നേതാവാണ് രാജ്യം ഭരിക്കുന്നത്. ബിജെപിയിലെ കുതികാല്‍വെട്ടിന്റെയും പടലപ്പിണക്കത്തിന്റെയും പശ്ചാത്തലംകൂടിയുണ്ടെങ്കിലും ആരാണ് കൂടുതല്‍ തീവ്രവാദി എന്നതാണ് സംഘപരിവാറിനെ നയിക്കുന്ന ആര്‍എസ്എസിന്റെ മാനദണ്ഡം. മോഡിയും അമിത് ഷായും വന്ന വഴിയും മറ്റൊന്നല്ല. യോഗി ആദിത്യനാഥിലൂടെ അത് ഒന്നുകൂടി അരക്കിട്ടുറപ്പിച്ചു. ബാബറി കേസിലെ വിചാരണക്കൂട്ടില്‍ നില്‍ക്കേണ്ടവരില്‍ രണ്ടുപേര്‍ ഇപ്പോള്‍ ഭരണഘടനാപദവിയില്‍ ഇരിക്കുന്നവരാണ്. അന്നത്തെ യുപി മുഖ്യമന്ത്രി കല്യാണ്‍സിങ് ഇപ്പോള്‍ രാജസ്ഥാന്‍ ഗവര്‍ണറാണ്. കാലാവധി പൂര്‍ത്തിയാകുംവരെ കോടതി ഒഴിവ് നല്‍കിയിട്ടുണ്ടെങ്കിലും, നീതിനിഷ്ഠയോട് അല്‍പ്പമെങ്കിലും കൂറുണ്ടെങ്കില്‍ സ്ഥാനമൊഴിഞ്ഞ് വിചാരണ നേരിടുകയാണ് വേണ്ടത്. വിദ്വേഷപ്രസംഗത്തിന് പേരുകേട്ട ഉമാഭാരതിയാകട്ടെ കേന്ദ്രമന്ത്രിസഭാംഗത്വം ഒഴിയില്ലെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. മാത്രമല്ല, ഉടനെ അയോധ്യയില്‍ ചെന്ന് രാമക്ഷേത്രം പണിക്ക് നേതൃത്വം നല്‍കുമെന്നും തട്ടിവിട്ടു. ഭരണഘടനയോടും നീതിന്യായവ്യവസ്ഥയോടും തെല്ലും ബഹുമാനമില്ലാത്ത പ്രതികരണം. ബാബറി കേസില്‍ കൂട്ടുപ്രതികളായ മുരളിമനോഹര്‍ ജോഷി, വിനയ് കത്യാര്‍, സതീഷ് പ്രധാന്‍, അശോക് സിംഗാള്‍, വിഷ്ണുഹരി ഡാല്‍മിയ, ഗിരിരാജ് കിഷോര്‍,സാധ്വി ഋതംഭര തുടങ്ങിയവരും വിദ്വേഷരാഷ്ട്രീയ പ്രചാരകര്‍ എന്ന നിലയില്‍ കുപ്രസിദ്ധരാണ്. പ്രതികളില്‍ ജീവിച്ചിരിക്കുന്നവരെയെല്ലാംബാബറി കേസില്‍ വിചാരണയ്ക്ക് വിധേയരാക്കാനുള്ള സുപ്രീംകോടതിയുടെ വിധി ചരിത്രപ്രാധാന്യമുള്ളതാണ്. പ്രത്യേകിച്ച് രാജ്യത്ത് ഇന്ന് നിലനില്‍ക്കുന്ന ഭയത്തിന്റെ അന്തരീക്ഷത്തില്‍. രണ്ടുവര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാനുള്ള നിര്‍ദേശവും പ്രാധാന്യമര്‍ഹിക്കുന്നു; അധികാരം ഉയര്‍ത്തുന്ന ഭീഷണിക്കുമുന്നില്‍ നീതിപീഠം നല്‍കുന്ന ആശ്വാസമെന്ന നിലയില്‍ Read on deshabhimani.com

Related News