പ്രതിരോധത്തിലാകുന്ന ആന്റിബയോട്ടിക്കുകള്‍



രോഗചികിത്സ വന്‍ വ്യവസായമായതോടെ ചികിത്സിച്ച് രോഗികളാക്കുക എന്നതായിരിക്കുന്നു ആരോഗ്യരംഗത്തെ പുതിയശീലം. വന്‍കിട സ്വകാര്യ ആശുപത്രികളുടെയും കുത്തകകള്‍ കൈയടക്കിയ മരുന്നുവിപണിയുടെയും ഇരകളായി ജനങ്ങള്‍ മാറി. വ്യാപാരതാല്‍പ്പര്യങ്ങള്‍ക്ക് കീഴ്പ്പെടാതെ മെഡിക്കല്‍ എത്തിക്സ് ഉയര്‍ത്തിപ്പിടിക്കുന്ന ഡോക്ടര്‍മാരാകട്ടെ ചെറുന്യൂനപക്ഷവും. പൊതുജനാരോഗ്യ സൌകര്യങ്ങളും സര്‍ക്കാര്‍ ആശുപത്രികളും ഏറെ മെച്ചപ്പെട്ടെങ്കിലും ചികിത്സാരംഗത്ത് സ്വകാര്യമേഖലയുടെ പങ്ക് ചെറുതല്ല. ജനങ്ങളുടെ ആവശ്യത്തിനനുസരിച്ച് സൌകര്യങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ ആശുപത്രികള്‍ പ്രാപ്തമായിട്ടില്ല. സര്‍ക്കാര്‍ ആരോഗ്യരക്ഷാ പദ്ധതികള്‍വഴി സ്വകാര്യമേഖലയിലെ സൌകര്യങ്ങള്‍ പാവങ്ങള്‍ക്ക് ചെറിയതോതില്‍ ലഭ്യമാകുന്നുണ്ട്. നല്ലൊരുപങ്ക് ജനങ്ങള്‍ സ്വകാര്യമേഖലയെ ആശ്രയിക്കാന്‍ നിര്‍ബന്ധിതരാകുന്നവരാണ്. മരുന്നുകളുടെ കാര്യത്തിലാകട്ടെ സ്വകാര്യമേഖലയുടെ കുത്തക അനിയന്ത്രിതവും. മലയാളികളുടെ ഉയര്‍ന്ന ആരോഗ്യ അവബോധവും ചൂഷണംചെയ്യപ്പെടുന്നു. ചെറിയ അസുഖങ്ങള്‍ക്ക് ചികിത്സ തേടിയെത്തുന്നവരെ അനാവശ്യ പരിശോധനകള്‍ക്കും അമിത മരുന്നുപയോഗത്തിനും വിധേയരാക്കുന്ന സ്വകാര്യ ആശുപത്രികള്‍ നിരവധിയാണ്. ഇത് വരുത്തിവയ്ക്കുന്ന സാമ്പത്തികനഷ്ടത്തിലുപരി രോഗാതുരമായ സമൂഹത്തെ സൃഷ്ടിക്കുന്നുവെന്നതാണ് ഏറ്റവും ഗൌരവമുള്ള പ്രശ്നം. അമിത- അനാവശ്യ മരുന്നുപയോഗംമൂലം പ്രതിരോധശേഷി നഷ്ടപ്പെട്ട് രോഗങ്ങള്‍ക്ക് എളുപ്പം വഴിപ്പെടുന്നവരായി മാറുന്നു പുതിയ തലമുറ. ജീവിതശൈലീരോഗങ്ങള്‍ വര്‍ധിച്ചുവരുന്ന കേരളത്തില്‍ മരുന്നുജന്യ രോഗങ്ങള്‍കൂടി സാധാരണമാവുകയാണ്. തെറ്റായ ഭക്ഷണക്രമവും വ്യായാമം ഇല്ലായ്മയുമൊക്കെ ശാരീരികസന്തുലനത്തെ തകിടംമറിക്കുമ്പോള്‍ മറ്റ് പരിഹാരങ്ങള്‍ തേടാതെ എളുപ്പത്തില്‍ മരുന്നിനെ ആശ്രയിക്കുന്ന ശീലം ലോകത്തിലെ മികച്ച മരുന്നുവിപണിയായി കേരളത്തെ മാറ്റി.  മരുന്നുകളുടെ ബ്രാന്‍ഡ് പ്രൊമോഷന് ഡോക്ടര്‍മാര്‍ കൂട്ടുനില്‍ക്കുന്ന പ്രവണതയെ ചെറുക്കുന്നതിനായി ജനറിക് നാമം കുറിച്ചുകൊടുക്കണമെന്ന നിഷ്കര്‍ഷ സര്‍ക്കാര്‍ കൊണ്ടുവന്നെങ്കിലും പ്രായോഗികതലത്തില്‍ വലിയ മാറ്റമൊന്നും വന്നിട്ടില്ല. മരുന്നുകളുടെ ദുരുപയോഗത്തില്‍ ഏറ്റവും മുന്‍പന്തിയില്‍ ആന്റിബയോട്ടിക്കുകളാണ്. പകര്‍ച്ചവ്യാധികളെ നേരിടുന്നതില്‍ നാഴികക്കല്ലായിരുന്നു ആന്റിബയോട്ടിക്കുകളുടെ കണ്ടുപിടിത്തം. എന്നാല്‍, രോഗകാരികളായ വൈറസും ബാക്ടീരിയയും മരുന്നുകളെ പ്രതിരോധിക്കാനുള്ള ശേഷി നേടുന്നത് അന്താരാഷ്ട്ര പ്രാധാന്യമുള്ള വിഷയമാണ്. ഇതിന് തടയിടാന്‍ സാധിക്കുന്നില്ലെങ്കില്‍ വസൂരിയും കോളറയും പ്ളേഗുംപോലുള്ള മഹാമാരികള്‍ മനുഷ്യരാശിക്ക് ഭീഷണിയായി പുനരവതരിക്കും. ഐക്യരാഷ്ട്ര സംഘടന, ലോകാരോഗ്യ സംഘടന, ഭക്ഷ്യ- കൃഷി സംഘടന, മറ്റ് യുഎന്‍ ഏജന്‍സികള്‍, അന്തര്‍ദേശീയ സന്നദ്ധ സംഘടനകള്‍ എന്നിവ ഈ വിപത്തിനെതിരെ രംഗത്തുണ്ട്. ദേശീയതലത്തില്‍ സമഗ്ര കര്‍മപദ്ധതിക്ക് കഴിഞ്ഞ ഏപ്രിലിലെ ഡല്‍ഹി പ്രഖ്യാപനത്തോടെ തുടക്കം കുറിച്ചു. ആന്റിബയോട്ടിക്കുകളെ അതിജീവിക്കുന്ന രോഗാണുക്കളെ ഇല്ലാതാക്കുന്ന പ്രവര്‍ത്തനത്തിന് അതിവിപുലമായ തയ്യാറെടുപ്പ് ആവശ്യമാണ്. ആഗോള, ദേശീയ, പ്രാദേശിക തലങ്ങളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ കൂട്ടിയോജിപ്പിക്കണം. ജനങ്ങളില്‍ അവബോധം വളര്‍ത്തുക, ജാഗ്രതയോടെയുള്ള മേല്‍നോട്ടം, ആന്റിബയോട്ടിക്കുകളുടെ യുക്തിസഹമായ ഉപയോഗം, അണുബാധ കുറയ്ക്കാന്‍ മുന്‍കരുതല്‍, ഗവേഷണം ശക്തിപ്പെടുത്തല്‍ തുടങ്ങി ബഹുമുഖ കര്‍മപദ്ധതിയാണ് ആവിഷ്കരിക്കേണ്ടത്. ദേശീയ ജാഗ്രതാ സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്. ആന്റിബയോട്ടിക്കുകളുടെ ഉപയോഗം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഷെഡ്യൂള്‍ എച്ച്1 വിഭാഗത്തില്‍പ്പെട്ട മരുന്നുകളുടെ വില്‍പ്പനയ്ക്ക് നിയന്ത്രണങ്ങളുമുണ്ട്. രാജ്യത്തിന്റെ വിസ്തൃതിയും രോഗങ്ങളുടെ വ്യാപ്തിയും കണക്കിലെടുക്കുമ്പോള്‍ ഈ നിയന്ത്രണങ്ങള്‍ എങ്ങുമെത്തുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. ആന്റിബയോട്ടിക് പ്രതിരോധം കൃഷി, മൃഗപരിപാലനം, പരിസ്ഥിതി തുടങ്ങിയ മേഖലകളുമായും ബന്ധമുള്ളതാണ്. ഇത് കണക്കിലെടുത്ത് 'വണ്‍ ഹെല്‍ത്ത് അപ്രോച്ച്' പദ്ധതിയുടെ ഭാഗമായി വിവിധ വകുപ്പുകളെ സംയോജിപ്പിച്ചുകൊണ്ടുള്ള കര്‍മപദ്ധതിയാണ് ആവിഷ്കരിച്ചിട്ടുള്ളത്. നിരുത്തരവാദപരമായ ആന്റിബയോട്ടിക് ഉപയോഗം, അമിതമായ കീട- കള നാശിനി പ്രയോഗം, ഭക്ഷണത്തില്‍ മായം, മനുഷ്യരിലും മൃഗങ്ങളിലും ഫംഗസ് പ്രതിരോധമരുന്നുകളുടെ ഉപയോഗം എന്നിവയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനുള്ള വ്യാപകമായ പ്രചാരണപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കേണ്ടതുണ്ട്!! ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതില്‍ എന്നും മാതൃക കാട്ടിയ കേരളം ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗം തടയാനും മുന്നിട്ടിറങ്ങുകയാണ്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരം, പരിസ്ഥിതി, കൃഷി വകുപ്പുകള്‍ സംയുക്തമായി വിപുലമായ പദ്ധതിക്കാണ് രൂപം നല്‍കിയിട്ടുള്ളത്. പുതിയ ആന്റിബയോട്ടിക് നയത്തിന് രൂപം നല്‍കും. ആന്റിബയോട്ടിക് ദുരുപയോഗത്തിനെതിരെ എംബിബിഎസ് വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക ക്ളാസ് നല്‍കും. അപകടകാരികളെന്ന് ലോകാരോഗ്യ സംഘടന കണ്ടെത്തിയ പല രോഗാണുക്കളുടെയും സാന്നിധ്യം കേരളത്തിലുമുണ്ട്. മാംസം, മത്സ്യം, പാല്‍, പച്ചക്കറികള്‍ തുടങ്ങിയവയില്‍ കണ്ടെത്തിയ വിഷാംശവും അപകടകരമായ നിലയിലാണ്. ഈ സാഹചര്യത്തിലാണ് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് 'വണ്‍ ഹെല്‍ത്ത് അപ്രോച്ച്' പദ്ധതി നടപ്പാക്കുന്നത്. 2012ല്‍ ആരംഭിച്ച ദേശീയ ആന്റി മൈക്രോബൈല്‍ ആക്ഷന്‍ പ്ളാന്‍ മറ്റ് സംസ്ഥാനങ്ങളിലൊന്നും  മുന്നോട്ടുപോയിട്ടില്ല. പദ്ധതി നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറുമെന്ന ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ പ്രതീക്ഷ യാഥാര്‍ഥ്യമാക്കാന്‍ എല്ലാതലങ്ങളിലുംനിന്നുള്ള കൂട്ടായ പരിശ്രമമാണ് ആവശ്യം   Read on deshabhimani.com

Related News