വയനാടൻ ചുരം കയറി സിനിമാക്കാർ



‘‘ഈ കുറുക്കൻ മൂല ഞാൻ കത്തിക്കു’’മെന്ന്‌ വില്ലൻ ഷിബു പറഞ്ഞാലെന്താ... മിന്നൽ മുരളി വിതറിയ ആവേശം വയനാട്ടിൽ ഇതു വരെ തീർന്നിട്ടില്ല.  കുറുക്കൻ മൂലയിൽ കടുവാ ഭീതി നിറയുന്നതിനിടയിൽ സിനിമ ഇറങ്ങിയതോടെ  ആളുകൾക്ക്‌ കമ്പവും കൂടി. സംവിധായകൻ ബേസിൽ ജോസഫ്‌ വയനാട്ടുകാരനും. ഷൂട്ടിങ് നടന്നത്‌ കേരള– കർണാടക അതിർത്തിയായ ബൈരക്കുപ്പയിലും സമീപ പ്രദേശങ്ങളിലും. സിനിമാ ഷൂട്ടിങുകൾ അപൂർവമായെത്തുന്ന‌ വയനാട്ടിൽ ഇപ്പോൾ സിനിമാക്കാലമാണ്‌. ഷൂട്ടിങിനായി സിനിമാക്കാർ വയനാട്‌ ചുരം കയറുകയാണ്‌.   ആസാദ്‌ അലവി സംവിധാനംചെയ്യുന്ന ക്രൈം ത്രില്ലർ ‘അസ്‌ത്ര’യുടെ ഷൂട്ടിങ്ങാണ്‌ ഇപ്പോൾ നടക്കുന്നത്‌. ക്യാമറക്കണ്ണുകൾക്ക്‌ ഒപ്പിയെടുക്കാൻ ഒരു പാട്‌ പ്രകൃതി ദൃശ്യങ്ങളും നാട്ടിൻ പുറത്തിന്റെ കഥകൾ പറയാൻ കാണാൻ ചേലുള്ള ഗ്രാമങ്ങളുമൊക്കെ ജില്ലയ്‌ക്കുണ്ട്‌. പക്ഷേ, എന്തുകൊണ്ടോ  സിനിമാക്കാർ ഈ നാടിനോട്‌ അകലം പാലിച്ചു. എത്തിപ്പെടാനുള്ള ദൂരവും അതിനൊരു കാരണമാണ്‌.  ‘അസ്‌ത്ര’  സിനിമയുടെ ചിത്രീകരണം  ചൊവ്വാഴ്‌ചയാണ്‌ പൂർത്തിയായത്‌. അമിത്‌ ചക്കാലക്കൽ, സന്തോഷ്‌ കീഴാറ്റൂർ, കലാഭവൻ ഷാജോൺ, സുധീർ കരമന, സുഹാസിനി കുമരൻ, നീന കുറുപ്പ് എന്നിവർ പ്രധാന വേഷത്തിൽ. മിഥുൻ മാനുവൽ തോമസ്‌ സംവിധാനംചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങും രണ്ട്‌ മാസം മുമ്പ്‌ ജില്ലയിലുണ്ടായിരുന്നു. അജു വർഗീസ്‌, വിജയ്‌ ബാബു തുടങ്ങിയവരെല്ലാം ചിത്രീകരണത്തിനെത്തി. കൈലാഷ്‌ നായകനായ ‘മാത്തുക്കുട്ടിയുടെ വിശേഷങ്ങൾ’ സിനിമയുടെ ചിത്രീകരണവും ജില്ലയിലായിരുന്നു. സിനിമ റിലീസായിട്ടില്ല.     പതിറ്റാണ്ടുകൾക്ക്‌ മുമ്പ്‌ രാമു കര്യാട്ടിന്റെ ‘നെല്ല്‌’ സിനിമയായിരുന്നു വയനാട്‌ കണ്ട സൂപ്പർ ഹിറ്റ്‌ സിനിമയിലൊന്ന്‌. ആ കഥ ഇപ്പോഴും ഈ നാട്ടിലെ പ്രായമുള്ളവർ പറയും. നസീറിനെയും ജയഭാരതിയെയുമെല്ലാം നേരിൽ കണ്ട സന്തോഷമുണ്ടാകും അവരിൽ പലരുടെയും വാക്കുകളിൽ. അത്രയേറെ അപൂർവമായാണ്‌ സിനിമാ ചിത്രീകരണം വന്നെത്തിയത്‌.   ലെനിൻ രാന്ദ്രേൻ സംവിധാനം ചെയ്‌ത പുരാവൃത്തമായിരുന്നു പിന്നീട്‌ വയനാട്ടുകാർക്ക്‌ ചർച്ചയായ സിനിമകളിലൊന്ന്‌. ബോളിവുഡ്‌ താരം ഓം പുരി വന്നതും ഈ സിനിമയുടെ അപൂർവതയായി. മുരളി, രേവതി തുടങ്ങിയവരും വേഷമിട്ട സിനിമ ബോക്‌സോഫീസിൽ പരാജയമായെങ്കിലും ജില്ലയിലുള്ളവർക്ക്‌ അന്ന്‌ ആവേശമായിരുന്നു.   പിന്നീട്‌ സുരേഷ്‌ ഗോപിയുടെ പൊന്നുച്ചാമി, റഹ്‌മാന്റെ  മറുപടി, സമർപ്പണം തുടങ്ങി നിരവധി സിനിമകൾ ജില്ലയിൽ ചിത്രീകരിച്ചു. എന്ന്‌ നിന്റെ  മൊയ്‌തീനിലെ പാട്ടുസീനുകളും വയനാട്ടിൽ ചിത്രീകരിച്ചു. പക്ഷേ, മറ്റ്‌ ജില്ലകളെ അപേക്ഷിച്ച്‌ ഷൂട്ടിങ്ങുകൾ കുറവായിരുന്നു. മമ്മൂട്ടി സിനിമ ‘അങ്കിൾ’ സൂപ്പർ ഹിറ്റായതോടെ സിനിമാക്കാർ വീണ്ടും വന്നെത്തി.  ഇനി ഈ നാട്‌ സിനിമാക്കാരുടെ ഇഷ്ടഭൂമിയായി മാറുകയാണ്‌.  Read on deshabhimani.com

Related News