സിനിമ തിയറ്ററിൽ ആഘോഷിക്കപ്പെടണം; വിനീത്‌ ശ്രീനിവാസൻ സംസാരിക്കുന്നു...



ഗായകനായി, നടനായി, സംവിധായകനായി പല വേഷങ്ങളിൽ വിനീത്‌ ശ്രീനിവാസൻ കുറേ വർഷമായി നമുക്കിടയിലുണ്ട്‌. ജീവിതം സിനിമയാണെന്ന്‌ ചിന്തിച്ച, അതിനായി ജീവിച്ച ഒരാൾ. സംവിധാനംചെയ്‌ത ഹൃദയം പ്രേക്ഷകരിൽ തീർത്ത ഓളം അവസാനിക്കുംമുമ്പേ അംഗീകാരമായി സംസ്ഥാന പുരസ്‌കാരമെത്തി. ഇപ്പോൾ സംവിധായകന്റെ വേഷം അഴിച്ചുവച്ച്‌ മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സിൽ നായകനായി. വിനീത്‌ ശ്രീനിവാസൻ സംസാരിക്കുന്നു... തിരക്കഥയാണ്‌ ആകർഷിച്ചത്‌ തമാശയുടെ അന്തരീക്ഷത്തിൽ ഒരുക്കിയ ചിത്രമാണ്‌ മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ്‌. എന്നാൽ, വളരെ ഗൗരവകരമായ കാര്യങ്ങളും സിനിമ പറയുന്നുണ്ട്‌. വളരെ ലൗഡായി തമാശ പറയാതെ കഥാപാത്രങ്ങളിലൂടെ  ഒതുക്കത്തിൽ പറയുന്ന രീതിയിലാണ്‌ സിനിമ. തിരക്കഥ കേട്ടാണ്‌ സിനിമ ചെയ്യാമെന്ന്‌ തീരുമാനിച്ചത്‌. നമ്മൾ പ്രതീക്ഷിക്കാത്ത സംഭവങ്ങൾ തിരക്കഥയിലുണ്ട്‌. അതാണ്‌ സിനിമയിലേക്ക്‌ ആകർഷിച്ചത്‌. ഇത്തരത്തിലുള്ള കഥാപാത്രം ഇതിനുമുമ്പ്‌ ചെയ്‌തിട്ടില്ല. തിരക്കഥയും കഥാപാത്രത്തിന്റെ പുതുമയുമാണ്‌ സിനിമ തെരഞ്ഞെടുക്കുമ്പോൾ പ്രാധാന്യം കൊടുക്കുന്നത്‌. സംവിധായകനായി അറിയപ്പെടണം സിനിമയെക്കുറിച്ച്‌ ചിന്തിച്ച്‌ തുടങ്ങിയ കാലംമുതൽ സംവിധായകൻ ആകാൻ തന്നെയായിരുന്നു ആഗ്രഹം. ഇന്നും എന്റെ പ്രധാന ശ്രദ്ധ സംവിധാനത്തിലാണ്‌. ഇടവേളകളിൽ രസകരമായ കഥകൾ, ടീം എന്നിവർക്കൊപ്പം ചേർന്ന്‌ അഭിനയിക്കുന്നു.  ഇങ്ങനെ സിനിമ ചെയ്യുന്നതുകൊണ്ട്‌ ഗുണം ഉണ്ടാകുന്നുണ്ട്‌. അതിൽനിന്നെല്ലാം പുതിയ അനുഭവങ്ങൾ കിട്ടുന്നു. അതെല്ലാം സംവിധായകൻ എന്ന നിലയിലും ഗുണകരമാണ്‌. മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സിന്റെ സംവിധായകൻ അഭിനവ്‌ എന്റെകൂടെ അസി. ഡയറക്ടറായിരുന്നു. എന്നാൽ,  അഭിനവിന്റെ രീതികൾ വളരെ വ്യത്യസ്‌തമാണ്‌. തിരക്കഥയിൽ പുതുമ ആവശ്യം ഒരു സിനിമ  ചെയ്യാൻ കഥകളുടെ ആലോചന മുതൽ  രണ്ടുമൂന്നു വർഷം അതിനു പിറകിൽ ചെലവിടണം. സിനിമയെക്കുറിച്ചുള്ള ആലോചനകൾ സ്വാഭാവികമായും നമ്മളെയും ബാധിക്കും. ഞാൻ സമാധാനം ആഗ്രഹിക്കുന്ന ആളാണ്‌. അതുകൊണ്ട്‌ കുറച്ചുകാലം ശുഭപര്യവസായിയായ സിനിമകൾ ചെയ്യാനാണ്‌ ചിന്തിക്കുന്നത്‌. ലോകം മാറിക്കൊണ്ടിരിക്കുന്ന സമയമാണ്‌. ആളുകൾ കടുത്ത അവസ്ഥയിലൂടെയാണ്‌ പോകുന്നത്‌. അതിനാൽത്തന്നെ മാനസിക പിരിമുറുക്കം ഉണ്ടാകും. ആളുകളിൽ കടുത്ത നിരാശയുമുണ്ട്‌. ഈ സമയത്ത്‌ ആളുകളെ സന്തോഷിപ്പിക്കുന്ന, അവരുടെ മാനസികാവസ്ഥ മാറ്റുന്ന, ആശ്വാസം നൽകുന്ന സിനിമകളാണ്‌ ആവശ്യം. നല്ല പാട്ടുകളൊക്കെയുള്ള ചിത്രങ്ങൾ. കുറച്ചുകാലം ഇനി അങ്ങനെയുള്ള സിനിമകളാണ്‌ ആലോചനയിലുള്ളത്‌. ആളുകളുമായി കണക്ട്‌ ചെയ്യാൻ കഴിയണം രണ്ടു രീതിയിൽ സിനിമ ചെയ്യാം. പുതിയ രീതിയിലുള്ള സിനിമകൾ ചെയ്യാം. റോഷാക്‌ ഒക്കെ പോലെയുള്ളവ. മുകുന്ദൻ ഉണ്ണിയും ഒരു പുതിയ രീതിയിലുള്ള സിനിമയാണ്‌. എന്നാൽ, ഒരുപാടുപേർ ചെയ്‌ത, പലരും പോയ വഴിയിലൂടെ തന്നെ പോയി, അതിലൊരു പുതിയ രീതിയിലും സിനിമ ചെയ്യാം. മുമ്പ്‌ ചെയ്‌ത രീതിയിൽനിന്ന്‌ ചെറിയ വ്യത്യാസമുണ്ടാകും.  പുതിയൊരു സമീപനം ഉണ്ടാകണമെന്നു മാത്രം. അതിന്‌ തിരക്കഥയിൽ പുതുമ വേണം. ഹൃദയം ചെയ്‌തപ്പോൾ ഇതാണ്‌ ഇതിന്റെ കഥ. സിനിമയിൽനിന്ന്‌ ഇതാണ്‌ പ്രതീക്ഷിക്കേണ്ടത്‌ എന്നെല്ലാം പ്രൊമോഷൻ സമയത്തുതന്നെ പറഞ്ഞിരുന്നു. സംവിധാനം ചെയ്യുന്ന സിനിമകളിൽ ഒരു പ്രവചനാതീത സ്വഭാവം കൊണ്ടുവരാൻ ഉദ്ദേശിക്കുന്നില്ല. കാണാൻ വരുന്നവരെ കണക്ട്‌ ചെയ്യാൻ സിനിമയ്‌ക്ക്‌ കഴിയണം.   അവാർഡിനായി സിനിമ ചെയ്യില്ല അവാർഡ്‌ കിട്ടിയപ്പോൾ സന്തോഷം തോന്നി.  എന്നാൽ, സിനിമാ തിയറ്ററിൽ കാണുമ്പോൾ ആളുകൾക്ക്‌ ഉണ്ടാകുന്ന സന്തോഷവും തിയറ്റർ വിജയവുമാണ്‌ ഏറ്റവും ആഗ്രഹിക്കുന്നത്‌. പുരസ്‌കാരങ്ങളോട്‌ ഒരിക്കലും ആകർഷണം തോന്നിയിട്ടില്ല. അതിൽ വലിയ താൽപ്പര്യവുമില്ല. ഞാൻ കണ്ടു ശീലിച്ചത്‌ നാടോടിക്കാറ്റ്‌ പോലെയുള്ള അച്ഛന്റെ സിനിമകളാണ്‌. അതെല്ലാം ആളുകൾ ആഘോഷിക്കുന്നതു കണ്ടാണ്‌ വളർന്നത്‌. അതാണ്‌ ഞാനും ആഗ്രഹിച്ചിട്ടുള്ളത്‌. Read on deshabhimani.com

Related News