പ്രശസ്ത തമിഴ് ചലച്ചിത്ര താരം മയില്‍സാമി അന്തരിച്ചു



ചെന്നൈ > പ്രശസ്ത തമിഴ് ഹാസ്യതാരം മയില്‍സാമി (57) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് മരണം. നാല് പതിറ്റാണ്ട് നീളുന്ന അഭിനയ ജീവിതത്തില്‍ എണ്ണമറ്റ കഥാപാത്രങ്ങളായി പ്രേക്ഷകരുടെ കൈയടി നേടിയ നടനാണ് മയില്‍സാമി. കോമഡി റോളുകളിലും ക്യാരക്റ്റര്‍ വേഷങ്ങളിലും ഒരുപോലെ തിളങ്ങിയ പ്രിയ സഹപ്രവര്‍ത്തകന്‍റെ അപ്രതീക്ഷിത വിയോഗം സൃഷ്‌ടിച്ച ആഘാതത്തിലാണ് തമിഴ് സിനിമാലോകം. കെ ഭാഗ്യരാജിന്‍റെ സംവിധാനത്തില്‍ 1984 ല്‍ പുറത്തെത്തിയ ധവനി കനവുകള്‍ എന്ന ചിത്രത്തിലൂടെയാണ് മയില്‍സാമിയുടെ സിനിമാ അരങ്ങേറ്റം. ആ ചിത്രത്തില്‍ ആള്‍ക്കൂട്ടത്തിലെ ഒരാള്‍ മാത്രമായിരുന്നെങ്കിലും പിന്നീടുള്ള വര്‍ഷങ്ങളില്‍ ശ്രദ്ധേയ കഥാപാത്രങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. ദൂള്‍, വസീഗര, ഗില്ലി, ഗിരി, ഉത്തമപുത്രന്‍, വീരം, കാഞ്ചന, കണ്‍കളെ കൈത് സെയ് തുടങ്ങിയവയാണ് അഭിനയിച്ചവയില്‍ ഏറ്റവും ശ്രദ്ധേയ ചിത്രങ്ങള്‍. ഇതില്‍ കണ്‍കളെ കൈത് സെയ് എന്ന ചിത്രത്തിലെ അഭിനയത്തിന് തമിഴ് സര്‍ക്കാരിന്‍റെ മികച്ച കൊമേഡിയനുള്ള പുരസ്കാരം ലഭിച്ചു. സുജാതയുടെ രചനയില്‍ ഭാരതിരാജ സംവിധാനം ചെയ്ത് 2004 ല്‍ പുറത്തെത്തിയ ചിത്രമാണിത്. 2000 മുതല്‍ ഇങ്ങോട്ട് തമിഴ് സിനിമയുടെ അവിഭാജ്യ ഘടകമാണ് മയില്‍സാമി. 2016 ല്‍ മാത്രം 16 ചിത്രങ്ങളിലാണ് അദ്ദേഹം കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.   Read on deshabhimani.com

Related News