സൂര്യയുടെ 'സൂരറൈ പൊട്രു' ആമസോൺ പ്രൈം റിലീസ്‌; അഞ്ച് കോടി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക്



സൂര്യയെ നായകനാക്കി സുധ കൊങ്കര സംവിധാനം ചെയ്യുന്ന 'സൂരറൈ പൊട്രു' തീയേറ്റര്‍ ഒഴിവാക്കി നേരിട്ട് ഒടിടി പ്ലാറ്റ്ഫോം വഴി പ്രേക്ഷകരിലേക്ക്. ആമസോണ്‍ പ്രൈമിലൂടെ ഒക്ടോബര്‍ 30നാണ് റിലീസ്. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളില്‍ ചിത്രം എത്തും. ട്വിറ്ററിലൂടെയാണ് സൂര്യയുടെ പ്രഖ്യാപനം. നേരത്തെ സൂര്യയുടെ ഭാര്യ കൂടിയായ നടി ജ്യോതിക പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച പൊന്മകള്‍ വന്താല്‍, കീര്‍ത്തി സുരേഷ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച പെന്‍ഗ്വിന്‍ എന്നീ തമിഴ് ചിത്രങ്ങള്‍ ആമസോണ്‍ പ്രൈമിലൂടെത്തന്നെ ഡയറക്‌ട് ഒടിടി റിലീസ് ആയി എത്തിയിരുന്നു. പൊന്മകള്‍ വന്താൽ സിനിമയുടെ നിര്‍മ്മാതാവ് സൂര്യ ആയിരുന്നു. ചിത്രത്തിന്‍റെ ഡയറക്‌ട് ഒടിടി റിലീസ് ചര്‍ച്ചയായ സമയത്ത് സൂര്യയുടെ വരുംകാല ചിത്രങ്ങള്‍ക്ക് തീയേറ്റര്‍ അനുവദിക്കില്ലെന്ന് തമിഴ്‌നാട്ടിലെ തീയേറ്റര്‍ ഉടമകളുടെ സംഘടന ഭീഷണി മുഴക്കിയിരുന്നു. "എന്‍റെ സിനിമാജീവിതത്തിലെ ഒരു പ്രധാന ചിത്രമാണ് സൂരറൈ പൊട്രു. ആരാധകര്‍ക്കൊപ്പം തീയേറ്ററിലിരുന്ന് ഈ ചിത്രം കാണാനായിരുന്നു എന്‍റെ ആഗ്രഹവും. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യം അതിന് അനുവദിക്കുന്നില്ല. ഒരുപാട് പേരുടെ അധ്വാനവും സര്‍ഗാത്മകതയും ചേര്‍ന്നതാണ് ഒരു സിനിമ. അത് സമയത്തുതന്നെ അതിന്‍റെ പ്രേക്ഷകരിലേക്ക് എത്തിക്കുക എന്നത് ഒരു നിര്‍മ്മാതാവിന്‍റെ കടമയാണ്", ചിത്രത്തിന്‍റെ റിലീസ് ചെലവ് ഇനത്തില്‍ മാറ്റിവച്ചിരുന്ന അഞ്ച് കോടി രൂപ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുമെന്നും ചലച്ചിത്രമേഖലയിലെ തൊഴിലാളികള്‍ക്കും പൊതുജനങ്ങള്‍ക്കും പ്രയോജനകരമാംവിധം തുക വിനിയോഗിക്കുമെന്നും സൂര്യ പറയുന്നു. Read on deshabhimani.com

Related News