ഓൺലൈനിൽ ഒന്നാമതാകാൻ ‘സൂഫിയും സുജാതയും’



മലയാളത്തിൽ ആദ്യമായി ഓൺലൈൻ റിലീസിന്‌ ഒരുങ്ങുന്ന ‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ആമസോൺ പ്രൈമിൽ എത്തി. ജയസൂര്യയും അദിതിറാവു ഹൈദരിയും പ്രധാന വേഷത്തിലെത്തുന്ന ചിത്രം ജൂലൈ മൂന്നുമുതൽ  പ്രദർശിപ്പിക്കും‌‌. കോവിഡ്‌ പ്രതിരോധത്തിന്റെ ഭാഗമായി തിയറ്റർ അടച്ചതിനെ തുടർന്ന്‌ ഒടിടി (ഓവർ ദി ടോപ്) പ്ലാറ്റ്‌ഫോമിൽ റിലീസാകുന്ന നാലാമത്തെ ഇന്ത്യൻ സിനിമയാണിത്‌. നിർമാതാക്കളും തിയറ്റർ ഉടമകളും തുടക്കത്തിൽ എതിർത്തെങ്കിലും പിന്നീട്‌ മയപ്പെട്ടതോടെ റിലീസിന്‌ അവസരമൊരുങ്ങി. ഓൺലൈൻ, തിയറ്റർ റിലീസുകൾ രണ്ടാണെന്നും പണം മുടക്കുന്നവർക്ക്‌ തങ്ങളുടെ ഇഷ്ടത്തിന്‌ ഏതുവേണമെന്ന്‌ തീരുമാനിക്കാമെന്നും പ്രൊഡ്യൂസേഴ്‌സ്‌ അസോസിയേഷൻ പ്രസിഡന്റ്‌ എം രഞ്ജിത് പറഞ്ഞു. ദേശീയതലത്തിൽ നിർമാതാക്കളുടെ കൂട്ടായ്‌മയായ പ്രൊഡ്യൂസേഴ്‌സ്‌ ഗിൽഡ്‌ ഒടിടി റിലീസിന്‌ അനുകൂല നിലപാട്‌ എടുത്തതോടെയാണ്‌ പ്രാദേശിക എതിർപ്പ്‌ കുറഞ്ഞത്‌. സിനിമാരംഗമാകെ അനിശ്ചിതത്വത്തിലായ സാഹചര്യത്തിൽ നിർമാതാക്കൾ നിലനിൽപ്പിന്റെ വഴിതേടുന്നതിൽ തെറ്റില്ലെന്നായിരുന്നു ഗിൽഡിന്റെ അഭിപ്രായം.   തിയറ്റർ റിലീസിൽനിന്നുള്ള സാമ്പത്തികനേട്ടം ഓൺലൈൻ റിലീസിലൂടെ കിട്ടില്ലെന്ന്‌ സൂഫിയുടെ നിർമാതാവ്‌ വിജയ്‌ബാബു പറഞ്ഞു. സാറ്റലൈറ്റ്‌ അവകാശവിൽപ്പന കൂടിയാകുമ്പോൾ ചെറു സിനിമകൾക്ക്‌ നഷ്ടമില്ലാതെ രക്ഷപ്പെടാനാകുമെന്നും അദ്ദേഹം പറഞ്ഞു. മെയ്‌ 29ന്‌ റിലീസായ ജ്യോതികയുടെ പൊൻമകൾ വന്താൽ എന്ന തമിഴ്‌ ചിത്രമാണ്‌ ആമസോൺ പ്രൈമിലൂടെ ആദ്യം പ്രേക്ഷകരിൽ എത്തിയത്‌. ചിത്രത്തിന്റെ നിർമാതാവുകൂടിയായ നടൻ സൂര്യക്കെതിരെ തമിഴ്‌ സിനിമാ നിർമാതാക്കളുടെ വലിയ പ്രതിഷേധവുമുയർന്നു. സൂര്യയുടെ ചിത്രങ്ങളുടെ തിയറ്റർ റിലീസ്‌ ബഹിഷ്‌കരിക്കാനാണ്‌ അവരുടെ തീരുമാനം. ജൂൺ 12ന്‌ അമിതാഭ്‌ബച്ചൻ നായകനായ ഗുലാബോ സിതാബോ റിലീസ്‌ ചെയ്‌തു. 19ന്‌ കീർത്തി സുരേഷ്‌ നായികയായ മലയാളം ഉൾപ്പെടെ അഞ്ചു ഭാഷയിലെ പെൻഗ്വിൻ എത്തി. Read on deshabhimani.com

Related News