സുബീഷ്‌ നായകൻ



ചെറുതെങ്കിലും ഒരുപിടി ശ്രദ്ധേയ വേഷങ്ങളിലുടെ സിനിമാ പ്രേക്ഷകരുടെ ഇഷ്‌ടം നേടിയ സുബീഷ്‌ സുധിയുടെ അഭിനയ ജീവിതത്തിൽ പുതുവർഷം വഴിത്തിരിവാകുമെന്ന്‌ ഉറപ്പ്‌. പതിനാറ്‌ വർഷത്തോളമായി മലയാളസിനിമാഭിനയരംഗത്തുള്ള സുബീഷിനെ ഒടുവിൽ നായകവേഷം തേടിയെത്തി. നിസാം റാവുത്തറിന്റെ കഥയിൽ രഞ്‌ജിത്ത്‌ പൊതുവാൾ, ടി വി രഞ്ജിത്ത് എന്നിവർ ചേർന്നു സംവിധാനം ചെയ്യുന്ന ചിത്രമാണത്‌. മാർച്ച്‌ അവസാനത്തോടെ സിനിമയുടെ ചിത്രീകരണജോലികൾ തുടങ്ങും. 2006 ൽ ലാൽ ജോസിന്റെ ക്ലാസ്‌മേറ്റ്‌സ്‌ എന്ന ചിത്രത്തിലൂടെയാണ്‌ സുബീഷിന്റെ അരങ്ങേറ്റം. പയ്യന്നൂരിലെ രാമന്തളിയിൽനിന്ന്‌ സിനിമയുടെ മാസ്‌മര ലോകത്തേക്കുള്ള യാത്ര അത്ര എളുപ്പമുള്ളതൊന്നുമല്ലായിരുന്നു. സ്‌കൂൾ കലോത്സവങ്ങളിലും സർവകലാശാല യുവജനോത്സവങ്ങളിലും സമ്മാനിതനായതിന്റെ ആത്മവിശ്വാസവുമായാണ്‌ സുബീഷ്‌ സിനിമാമോഹവുമായി  വണ്ടികയറിയത്‌.   അഭിനയശേഷിയുള്ള ചെറുപ്പക്കാരൻ എന്ന വിലയിരുത്തലിൽ തന്നെയാണ്‌ ലാൽ ജോസ്‌  ക്ലാസ്‌മേറ്റ്‌സിലേക്ക്‌ കൈപിടിച്ചുകയറ്റിയത്‌. പിന്നീട്‌ ലാൽ ജോസ്‌ സംവിധാനം ചെയ്‌ത 12 ചിത്രങ്ങളിൽ എട്ടിലും സുബീഷിന്‌ ചെറുതല്ലാത്ത വേഷങ്ങളുണ്ടായിരുന്നു. തുടർന്നിങ്ങോട്ട്‌, എൺപതോളം സിനിമകളിൽ  അഭിനയിച്ചു. അപ്രധാനമെന്ന്‌ പറയാമെങ്കിലും സുബീഷിന്റെ സവിശേഷ അഭിനയശേഷിയാൽ പ്രത്യേക തിളക്കം നേടിയ  വേഷങ്ങളായിരുന്നു അവയൊക്കെ. ലാൽജോസിന്റെ അറബിക്കഥ,  അനിൽ രാധാകൃഷ്‌ണൻ മേനോന്റെ  ലോർഡ്‌ ലിവിങ്സ്‌റ്റൺ 7000 കണ്ടി, കഥ പറയുമ്പോൾ, പുള്ളിപ്പുലിയും ആട്ടിൻകുട്ടിയും, മറിയം മുക്ക്, എന്ന് നിന്റെ മൊയ്തീൻ, കറുത്ത ജൂതൻ  എന്നിവയിലെ വേഷങ്ങൾ പ്രത്യേകം എടുത്തു പറയേണ്ടത്‌. അഭിനയശേഷിയുടെ മാത്രം കരുത്തിൽ  സുബീഷ്‌ നായകവേഷത്തിലേക്ക്‌ എത്തുമ്പോൾ അദ്ദേഹത്തെ ഇഷ്‌ടപ്പെടുന്ന പ്രേക്ഷകർക്കൊപ്പം ലാൽജോസും സന്തോഷം പങ്കിട്ടിരുന്നു. സിനിമയോടുള്ള അഭിനിവേശവും തോറ്റുപിന്മാറാൻ തയ്യാറല്ലെന്ന നിശ്ചയദാർഢ്യവും കൈമുതലാക്കിയ ഈ ചെറുപ്പക്കാരന് ജീവിതത്തിന്റെ പുതിയ വഴിത്തിരിവിൽ എല്ലാവിധ സ്നേഹവും ആശംസകളും നേരുന്നു എന്നാണ്‌ ലാൽ ജോസ്‌ തന്റെ സമൂഹമാധ്യമ പേജിൽ കുറിച്ചത്‌. Read on deshabhimani.com

Related News