വീണ്ടും കരിന്തണ്ടൻ



വയനാട്ടിലെ താമരശ്ശേരി ചുരത്തിന്റെ പിതാവ‌് കരിന്തണ്ടനെ ബ്രീട്ടീഷുകാർ ചതിയിലൂടെ ഇല്ലാതാക്കിയ കഥ വീണ്ടും തിരശ്ശീലയിലേക്ക‌്. നന്ദഗോപൻ സംവിധാനം ചെയ്യുന്ന സിനിമ അടുത്തമാസം തിയറ്ററുകളിലെത്തും. മധു അമ്പാട്ടാണ‌് ക്യാമറ.  കരിന്തണ്ടൻ എന്ന ആദിവാസി മൂപ്പനെ ഉന്മൂലനം ചെയ്ത ബ്രിട്ടീഷുകാരുടെ ക്രൂരത  വയനാട്ടുകാർക്ക്  പോലും അജ്ഞാതമാണ്.  കുന്നും മലകളും നിറഞ്ഞ വയനാട്ടിലേക്കുള്ള ചുരംപാത കണ്ടെത്തിയ കരിന്തണ്ടനെ ചരിത്രകാരന്മാർ മന:പൂർവം മറന്നതാണെന്നാണ‌് ‘കരിന്തണ്ടനും ചങ്ങലമരവും’ എന്ന സിനിമ പറയുന്നത‌്. ലക്കിടിയിലെ ചങ്ങല മരം മാത്രമാണ‌് കരിന്തണ്ടന‌് വയനാട്ടിലുള്ള ചെറിയൊരു സ‌്മാരകം.   കരിന്തണ്ടൻ എന്ന ദേശാഭിമാനിയുടെ ഓർമക്കായി ഒരു അടയാളം  എവിടെയും  സ്ഥാപിക്കാത്തിന് പിന്നിലെ രാഷ്ട്രീയവും സിനിമ ചർച്ചയാക്കുന്നു. കരിന്തണ്ടന‌് നാടറിയുന്ന നിത്യസ‌്മാരകം കൂടി വേണമെന്നാണ‌് സിനിമയുടെ  പിന്നണിയിലുള്ളവർ പറയുന്നത്‌. പയ്യന്നൂർ, വയനാട‌് എന്നിവിടങ്ങളിലാണ‌് സിനിമ ചീത്രീകരിച്ചത‌്. മലബാറിലെ ഒരുകൂട്ടം നാടക കലാകാരന്മാർ സിനിമയിൽ വേഷമിടുന്നു. രജിത്ത‌് കൊയിലാണ്ടി, പരമേശ്വർ, സുമിത്ര എന്നിവർ പ്രധാനവേഷത്തിലെത്തുന്നു. നിർമാണം ശിവശങ്കരൻ. ലണ്ടൻ സ്വദേശികളായ  ചാർലി ആർമോൻ  സംഗീതവും ജോൺ ആർതർ എഡിറ്റിങും നിർവഹിക്കുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. ചമയം: പരപ്പൻ ചാപൈ. കരിന്തണ്ടന്റെ ജീവിതം പ്രമേയമായ  മറ്റൊരു സിനിമ സംവിധായിക ലീല സന്തോഷ‌് മുമ്പ‌് പ്രഖ്യാപിച്ചതാണ‌്. വിനായകൻ നായകനാകുന്ന ഈ സിനിമയുടെ പോസ‌്റ്റർ ശ്രദ്ധേയമായി.  സംവിധായകൻ രാജീവ‌് രവിയുടെ കലക്ടീവ‌് ഫേയ‌്സ‌് വണ്ണാണ‌് ഈ സിനിമ നിർമിക്കുന്നത‌്. Read on deshabhimani.com

Related News