ശ്രീനാഥ്‌ ഭാസിയും ഷെയ്‌നും പരിഹാരം തേടി അമ്മയിൽ



കൊച്ചി> സിനിമാ സംഘടനകളുടെ വിലക്ക്‌ നേരിടുന്ന നടൻ ശ്രീനാഥ് ഭാസി താരസംഘടനയായ അമ്മയിൽ അം​ഗത്വത്തിന്‌ അപേക്ഷ നൽകി. അമ്മയുടെ ഓഫീസിലെത്തിയാണ് അംഗത്വ അപേക്ഷ നൽകിയത്‌. അടുത്ത എക്‌സിക്യൂട്ടീവ്‌ കമ്മിറ്റില്‍ പരിശോധനയ്‌ക്കുശേഷം അപേക്ഷയിൽ തീരുമാനമെടുക്കുമെന്ന്‌ അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. അം​ഗത്വം നൽകുന്നതിന് അപേക്ഷകന്റെ സ്വഭാവം ഉൾപ്പെടെ പരി​ഗണിക്കണമെന്നാണ് സംഘടനയുടെ ചട്ടം. അമ്മയിൽ അംഗമായ അഭിനേതാക്കളുടെ പേരുവിവരം കൈമാറണമെന്ന നിർമാതാക്കളുടെ സംഘടനയുടെ ആവശ്യം കഴിഞ്ഞദിവസം ചേർന്ന സിനിമാ സംഘടനകളുടെ യോഗത്തിൽ അമ്മ ഭാരവാഹികൾ അംഗീകരിച്ചിരുന്നു. നിർമാതാക്കളുമായി കരാറിലേർപ്പെടുന്ന അഭിനേതാവുമായി ബന്ധപ്പെട്ടുണ്ടാകുന്ന തർക്കങ്ങൾ ഉത്തരവാദിത്വത്തോടെ പരിഗണിക്കുന്നതിനാണിതെന്നാണ്‌ നിർമാതാക്കൾ പറഞ്ഞത്‌. ശ്രീനാഥ്‌ ഭാസി കരാറിൽ ഒപ്പിടാൻ താൽപ്പര്യം കാണിച്ചിരുന്നില്ല. തന്നെ കുടുക്കാനാണ്‌ കരാര്‍ എന്ന വാദമാണ് ശ്രീനാഥ്‌ ഭാസി ഉന്നയിച്ചിരുന്നതെന്നും കരാറിലേർപ്പെടാത്തതിനാൽ നടനുമായി ബന്ധപ്പെട്ട പരാതികൾ ഉത്തരവാദിത്വപ്പെട്ട വേദികളിൽ ഉന്നയിക്കാൻ കഴിഞ്ഞിരുന്നില്ലെന്നും നിർമാതാക്കൾ പിന്നീട്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സിനിമാ സംഘടനകളുടെ വിലക്കിനെതിരെ ഷെയ്ൻ നി​ഗവും അമ്മയെ സമീപിച്ചിട്ടുണ്ട്. തനിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് ഷെയ്ൻ നിഗമിന്റെ വാദം. നേരത്തേ ഏതാനും ചിത്രങ്ങളുമായി ബന്ധപ്പെട്ട് നിർമാതാക്കളുടെ സംഘടന ഷെയ്‌ൻ നിഗമിന്‌ ഏർപ്പെടുത്തിയ വിലക്ക് അമ്മ ഇടപെട്ടാണ്‌ നീക്കിയത്‌. നിർമാതാവിന്‌ വൻതുക നഷ്‌ടപരിഹാരം നൽകിയായിരുന്നു പരിഹാരം. സിനിമാ നിർമാണ പ്രവർത്തനം തടസ്സപ്പെടുത്തുന്നുവെന്ന പേരിലാണ്‌ ശ്രീനാഥ് ഭാസി, ഷെയ്ൻ നി​ഗം എന്നിവരുമായി സഹകരിക്കേണ്ടെന്ന്‌ കഴിഞ്ഞദിവസം ചലച്ചിത്ര നിർമാതാക്കൾ തീരുമാനിച്ചത്. ഫെഫ്ക, അമ്മ എന്നീ സംഘടനകളുടെ പ്രതിനിധികൾ ഉള്‍പ്പെട്ട യോഗത്തിലായിരുന്നു തീരുമാനം.   Read on deshabhimani.com

Related News