ഗോത്രവർഗ സംസ്‌കാരത്തിൽ 
‘ഒരേ പകൽ’

‘ഒരേ പകൽ’ ഹ്രസ്വ ചിത്രത്തിലെ അഭിനേതാക്കളും അണിയറ ശിൽപ്പികളും


തൊടുപുഴ  ഗോത്രവർഗ സംസ്‌കാരങ്ങളിലെ ആദ്യകാല വിദ്യാഭ്യാസരീതിയുടെ നേർക്കാഴ്‌ച ‘ഒരേ പകൽ’ ഒരുങ്ങുന്നു. പ്രശസ്ത പ്രകൃതി–- വന്യജീവി ഫോട്ടോഗ്രാഫർ ബിജു കാരക്കോണവും വിഷ്വൽ എഫക്ട്‌സ്‌ ഡയറക്ടറും സിനിമാ സംവിധായകനുമായ സൂരജ്‌ ശ്രീധറും ചേർന്ന്‌ തയ്യാറാക്കുന്ന ഹ്രസ്വചിത്രമാണിത്‌.   അടിമാലിക്കു സമീപം കുറത്തിക്കുടി ഗോത്രവർഗ ഊരിലെ കുട്ടികളും പ്രദേശവാസികളുമാണ്‌ വേഷമിടുന്നത്‌. ഉൾക്കാടുകളിൽ‌ കിഴക്ക്‌ വെള്ള വീശുന്നതോടെ മുതുവാൻ സമുദായത്തിന്റെ ഗോത്ര ഊരുകൾ ഉണരും. പകൽ വെളിച്ചം വീഴുന്നതോടെ ഉള്ളതുകഴിച്ച്‌ സ്‌ത്രീകളും കുട്ടികളുമടങ്ങുന്ന കുടുംബങ്ങൾ കൂട്ടം ചേർന്ന്‌ ജീവിതസമ്പാദന മാർഗംതേടി വിരിപ്പിലേക്കും വനവിഭവശേഖരണത്തിനുമായി യാത്രയാകും. ഇവിടെ പുറമെനിന്നെത്തുന്നവരെ കണ്ടാൽ സ്ത്രീകളും കുട്ടികളും ഭയപ്പെട്ട്‌ കാടുകയറും. ഇത്തരം ഒരു ഊരിൽ എത്തപ്പെട്ട ഏകാധ്യാപക വിദ്യാലയത്തിലെ അധ്യാപകന്റെ അനുഭവങ്ങളാണ്‌ ഒരേപകൽ എന്ന കൊച്ചുസിനിമയുടെ പ്രമേയം. മാതാപിതാക്കൾ കൊച്ചുകുട്ടികളെ മുതുകത്തു കെട്ടിയാണ്‌ യാത്രയാകുന്നത്‌. അഞ്ച്‌ വയസ്സ്‌ കഴിഞ്ഞാൽ മിക്ക ഗോത്ര ഊരിലേയും കുട്ടികൾ സ്വതന്ത്ര ജീവിതം നയിക്കുന്നവരാണ്‌. കുട്ടിസംഘങ്ങൾ അവരാൽ കഴിയുന്നത്‌ സമ്പാദിക്കാനായി ഉൾക്കാടുകളിലേക്ക്‌ യാത്രയാവും.           അടിമാലി ബിആർസിയിലെ ഷമീറിന്റെ നേതൃത്വത്തിൽ മറ്റ്‌ അധ്യാപകരുടെ സഹകരണവും സിനിമയുടെ പിറവിക്ക്‌ സഹായകരമായി. അമലയാണ്‌ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌. അടിമാലി ബിആർസിയിലെ വിഷ്‌ണു ചന്ദ്രബോസും ഡോ. ആശയും ബെറ്റി സൂരജും രചിച്ച ഗാനങ്ങൾ അധ്യാപകനായ ജോണിയാണ്‌ ചിട്ടപ്പെടുത്തിയത്‌. ഗാനങ്ങൾ ആലപിച്ചത് അനിത. സിനിമ സംവിധാനം ചെയ്‌തത്‌ സൂരജ്‌ ശ്രീധറാണ്‌. കുറത്തിക്കുടി ആദിവാസി ഊരിലെ കുട്ടികളും രക്ഷിതാക്കളുമാണ്‌  സിനിമയിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. ഒപ്പം കുറത്തിക്കുടി ഊരിലെ ഏകാധ്യാപകനായ പി കെ മുരളിയും വേഷമിടുന്നു. Read on deshabhimani.com

Related News