തോട്ടേക്കാട്ട്‌ മൊത്തം സിനിമാക്കാരാ...



കാലടി > തൊണ്ണൂറു കഴിഞ്ഞ കറപ്പനും എൺപത്തഞ്ചുകാരി കുട്ടി സുബ്രനുമെല്ലാം ഇന്ന്‌ സിനിമാതാരങ്ങളാണ്‌. വയസ്സുകാലത്ത്‌ സിനിമയിൽ അഭിനയിച്ചതിന്റെ വിശേഷങ്ങൾ നാട്ടിലൊക്കെ പറയാമെന്നു കരുതിയാൽ അതും രക്ഷയില്ല.  കാലടി ശ്രീശങ്കര കോളേജിനുസമീപം തോട്ടേക്കാട് എന്ന ഗ്രാമത്തിലെ മിക്ക കുടുംബങ്ങളിലും  സിനിമാക്കാരുണ്ടെന്നതാണ്‌ കാരണം. ഒന്നും രണ്ടുമല്ല, 71 പേരാണ്‌ ഒറ്റയടിക്ക്‌ ഇവിടെ നടീനടന്മാരായത്‌. ഓലക്കൊട്ടകയിലെ ബെഞ്ചിൽ കടലയും കൊറിച്ചിരുന്ന്‌ സത്യന്റെയും കൊട്ടാരക്കരയുടെയും എസ്‌ പി പിള്ളയുടെയും അടൂർ പങ്കജത്തിന്റെയും അഭിനയം കണ്ട്‌ രസിച്ചവർ സ്വപ്‌നത്തിൽപ്പോലും കരുതിയിട്ടുണ്ടാകില്ല‌, ഇങ്ങനെയൊരു യോഗം വരുമെന്ന്. നാട്ടുകാരനായ വിനോദ് ലീല കഥയെഴുതി സംവിധാനം ചെയ്യുന്ന ‌ഹ്രസ്വചിത്രമായ ‘പീനാറി’യിൽ അഭിനയിക്കാൻ ക്ഷണിച്ചപ്പോൾ അവർ അന്തംവിട്ടു. കൊട്ടകയിലിരുന്ന്‌ ചിരിക്കുകയും പൊട്ടിക്കരയുകയും  ചെയ്‌തിട്ടുള്ളതല്ലാതെ സിനിമയുമായി അവർക്ക്‌ ഒരു ബന്ധവുമില്ല. പക്ഷേ, ചാൻസ്‌ വന്നാൽ വിട്ടുകൊടുക്കുന്നത്‌ എങ്ങനെ. നാട്ടിൻപുറത്തെ ഒരു മാട്ടേൽ നാടകത്തിൽപ്പോലും അഭിനയിച്ചിട്ടില്ലാത്ത എൺപത്തഞ്ചുകാരി കുട്ടി സുബ്രൻപോലും ഡയലോഗ്‌ കാച്ചി സംവിധായകനെ ഞെട്ടിച്ചു. അഞ്ചുമുതൽ 90 വരെ പ്രായമുള്ളവരുടെ ഈ താരനിര ഈ ഗ്രാമത്തിന്റെ പരിച്ഛേദമാണ്‌. വിദ്യാർഥികളും കൂലിപ്പണിക്കാരും  വീട്ടമ്മമാരും ഓട്ടോഡ്രൈവർമാരുമെല്ലാം അവരിലുണ്ട്‌. നാട്ടിലെ എഴുപതിൽപ്പരം പുതുമുഖങ്ങളെ അഭിനയിപ്പിക്കുക  വെല്ലുവിളിയായിരുന്നെന്ന്‌ വിനോദ്‌ പറയുന്നു. ആകെ മൂന്നുപേർമാത്രമാണ് മുമ്പ്‌ അഭിനയിച്ചിട്ടുള്ളത്‌. നാലുദിവസംകൊണ്ടാണ് ഇതിന്റെ ചിത്രീകരണം പൂർത്തിയാക്കിയത്.  രാംകുമാർ, മിഥുൻ നളിനി, അനിത തങ്കച്ചൻ, കെ ആർ ഗോപി കൃഷ്ണ, കെ ബി നിഷാദ്, മുകേഷ് വിക്രമൻ എന്നിവരാണ് പ്രധാന വേഷം ചെയ്യുന്നത്. നിർമാണം ബജറ്റ് ലാബ് പ്രൊഡക്‌ഷന്റെ ബാനറിൽ നിഷാന്ത് പിള്ള നിർവഹിക്കുന്നു. സംസ്ഥാന അവാർഡ് ജേതാവ് അപ്പു ഭട്ടതിരിയാണ് ചിത്രസംയോജകൻ. ഛായാഗ്രഹണം സുദേവും സംഗീതം സനൽ വാസുദേവും കലാസംവിധാനം വി ആർ വിഷ്ണുവും ശബ്ദമിശ്രണം ജെസ്വിൻ മാത്യുവും നിർവഹിക്കുന്നു. Read on deshabhimani.com

Related News