തോൽക്കില്ല നമ്മൾ ; സർക്കാരിന്റെയും ആരോഗ്യപ്രവർത്തകരുടെയും നിർദേശം പാലിക്കുക



എല്ലാവരും വീട്ടിലിരിക്കുന്ന കാലത്ത്, സർക്കാരിന്റെയും ആരോഗ്യപ്രവർത്തകരുടെയും നിർദേശം പാലിച്ചാൽ നാം തോറ്റവരാകില്ലെന്ന് പറയുകയാണ് മഞ്ജുവാര്യരും മമ്മൂട്ടിയും ഇത് ആരും നിർബന്ധിച്ചുതരുന്ന തടവല്ല. നമ്മളെ ആരും പിടിച്ചുകെട്ടി ഇടുന്നില്ല. ഇത് അകത്തിരിക്കേണ്ട കാലമാണ്. പുറത്ത്‌ പലയിടത്തായി കാത്തുനിൽക്കുന്ന വൈറസിനെ നാം നമ്മുടെ ദേഹത്തേക്ക്‌ പടരാൻ അനുവദിക്കാതെ, പുറത്തുനിർത്തി കൊല്ലുന്നു എന്ന്‌ കരുതിയാൽ മതി. ഇതു ചെയ്യുന്നത്‌ നമുക്കുവേണ്ടി മാത്രമല്ലല്ലോ. രോഗമുണ്ടെന്ന്‌ സംശയിക്കുന്നവരോടും രോഗികളോടും നിർബന്ധപൂർവം അകത്തിരിക്കാൻ പറയുമ്പോൾ അവർ പുറത്തിറങ്ങുന്നത്‌ സഹിക്കാവുന്ന കാര്യമല്ല. അവരിലൂടെ എത്രയോ പേരിലേക്ക് അസുഖമെത്താനുള്ള വാതിലാണ്‌ തുറക്കുന്നത്. അകത്തിരിക്കേണ്ടവർ പുറത്തുപോകുമ്പോൾ വഴിതുറക്കുന്നത്‌ മഹാമാരിയിലേക്കുതന്നെയാണ്. വീടിനകത്തിരിക്കുക എന്നത് അസ്വസ്ഥത തന്നെയാണ്. പക്ഷേ, അതൊരു കരുതലായി കാണണം. അനാവശ്യമായി ഒന്നും വാങ്ങിക്കൂട്ടേണ്ടതില്ല. നാം വാങ്ങിക്കൂട്ടുമ്പോൾ മറ്റു പലർക്കുമത് ഇല്ലാതാകും. സത്യത്തിൽ അതവരുടെ ഭക്ഷണം തട്ടിയെടുക്കുന്നതിന്‌ തുല്യമാണ്. ഭക്ഷണമെന്നത് ആർഭാടമല്ല, അത്യാവശ്യമാണെന്ന്‌ വീണ്ടും വീണ്ടും ഈ ദിവസങ്ങൾ നമ്മെ ഓർമിപ്പിക്കുകയാണ്. ദിവസക്കൂലികൊണ്ടുമാത്രം ജീവിക്കുന്ന ഒരുപാടുപേരുണ്ട്. അവർക്ക്‌ കരുതിവയ്ക്കുന്നതിൽ പരിമിതിയുണ്ട്. ഓരോരുത്തരും അവരുടെ വീടിനടുത്തുള്ള അല്ലെങ്കിൽ, പരിചയമുള്ള മനുഷ്യരെക്കുറിച്ച് ആലോചിക്കണം. അവർ കരുതിവച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കണം. റേഷനടക്കമുള്ള കാര്യങ്ങൾ സർക്കാർ നൽകുന്നുണ്ട്. അതുകൊണ്ട്‌ തികയണമെന്നില്ല. ഇതെല്ലാം ചെയ്യുമ്പോഴും അകത്തിരിക്കുമ്പോഴും എനിക്ക് പുറത്തുനിൽക്കേണ്ടി വരുന്നവരെ ഓർക്കാതിരിക്കാനാകില്ല; നമ്മുടെ ആരോഗ്യപ്രവർത്തകരെ. അവരെ ലോകം മുഴുവൻ അഭിനന്ദിക്കുന്ന കാഴ്ചകൾ നാം കാണുന്നില്ലേ. അത് അഭിനന്ദനം മാത്രമല്ല, അവർക്കുള്ള പ്രാർഥനകൂടിയാണ്. ലോകത്തിന്റെ ഒരു കോണിലേക്കും ഓടി രക്ഷപ്പെടാനാകില്ലെന്ന് ഓർക്കണം. അവിടെയെല്ലാം വൈറസ് നമ്മെ കാത്തുനിൽക്കുന്നു. നമുക്ക്‌ രക്ഷ നമ്മുടെ വീട്‌ മാത്രമാണ്. ഇവിടെ നമ്മൾ തോറ്റുപോയാൽ പിന്നീട് നമ്മളെ കാത്തിരിക്കുന്നത് വളരെ വലിയ ദുരന്തമാണ്. ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടും ആളുകൾ അത് വകവയ്ക്കാതെ പുറത്തിറങ്ങുന്നത് കാണുമ്പോൾ സങ്കടമുണ്ട്. ഓരോരുത്തരും  ഒന്നിച്ചുനിൽക്കേണ്ട സമയമാണിത്. വൈറസിന്റെ വ്യാപനം തടയുക എന്നത് നമ്മുടെ ഓരോരുത്തരുടെയും ദൗത്യവും ഉത്തരവാദിത്തവുമാണ്. അധികാരികളുടെ നിർദേശങ്ങൾ പാലിച്ചേ പറ്റൂ.  മരുന്നും അത്യാവശ്യസാധനങ്ങളൊക്കെ വാങ്ങാൻ പുറത്തുപോകാം.  പക്ഷേ, വെറുതെ പുറത്തുപോകുമ്പോൾ തകർന്നുപോകുന്നത് കോടിക്കണക്കിന് ആളുകളുടെ അധ്വാനമാണ്. സഹായത്തിന് സർക്കാർ മുന്നിലുണ്ട്.  ഈ നാട് മുഴുവൻ ഒന്നിച്ചുനിൽക്കേണ്ട സമയമാണിത്. വൈറസിന്റെ വ്യാപനം തടയുക എന്നത് നമ്മുടെ ഓരോരുത്തരുടെയും ദൗത്യവും ഉത്തരവാദിത്തവുമാണ്‐ മഞ്ജു ഫെയ്‌സ്‌ബുക്കിലൂടെ പുറത്തുവിട്ട വീഡിയോയിൽ പറഞ്ഞു. Read on deshabhimani.com

Related News