ദേശീയ ചലച്ചിത്ര പുരസ്‌കാരം: അവാർഡിൽ നിറഞ്ഞ് മലയാളം, മികച്ച നടി അപര്‍ണ, സംവിധായകൻ സച്ചി, നടന്‍ സൂര്യ, അജയ് ദേവ്​ഗൺ, സഹനടൻ ബിജു മേനോൻ



ന്യൂഡൽഹി അറുപത്തെട്ടാമത്‌ ദേശീയ ചലച്ചിത്ര അവാർഡുകളുടെ പ്രഖ്യാപനത്തിൽ തിളങ്ങി മലയാളം. സംവിധായകന്‍, നടി, സഹനടന്‍, ​ഗായിക അടക്കം  പതിനഞ്ചിലേറെ  പുരസ്കാരം മലയാളചലച്ചിത്രപ്രതിഭകള്‍ നേടി. നാലു സുപ്രധാന പുരസ്കാരവുമായി  ‘അയ്യപ്പനും കോശിയും’ തിളങ്ങി. അകാലത്തിൽ വിടപറഞ്ഞ സച്ചിക്ക് ഈ അവസാന സിനിമയിലൂടെ മികച്ച സംവിധായകനുള്ള ദേശീയപുരസ്കാരം. അയ്യപ്പനായി തിളങ്ങിയ ബിജുമേനോൻ മികച്ച സഹനടൻ. ‘കളക്കാത്ത സന്ദനമേറാ’ എന്ന നാടന്‍പാട്ടിലൂടെ ശ്രദ്ധേയായ നഞ്ചിയമ്മ മികച്ച ഗായിക. മാഫിയാ ശശിയും ഒപ്പമുള്ളവരും മികച്ച സംഘട്ടന ചിത്രീകരണത്തിനുള്ള പുരസ്കാരവും നേടി. ‘സൂരരൈ പോട്ര്‌’ എന്ന തമിഴ് ചിത്രത്തിലെ നായിക അപർണ ബാലമുരളിയും നായകന്‍ സൂര്യയും മികച്ച അഭിനേതാക്കള്‍ക്കുള്ള പുരസ്കാരം സ്വന്തമാക്കി.  മികച്ച നടനുള്ള പുരസ്‌കാരം സൂര്യയ്ക്കൊപ്പം അജയ്‌ദേവ്‌ഗണ്‍ (താനാജി ദി അൺസങ് വാരിയർ) പങ്കിട്ടു. സെന്നാ ഹെഗ്‌ഡെയുടെ ‘തിങ്കളാഴ്‌ച നിശ്ചയം’ മലയാളത്തിലെ മികച്ച ചിത്രം. ‘വാങ്ക്‌’സംവിധായിക കാവ്യ പ്രകാശ്‌ പ്രത്യേക ജൂറി പരാമർശം നേടി.  സുധാകൊങ്കരാ പ്രസാദ്‌ സംവിധാനം ചെയ്‌ത ‘സൂരരൈ പോട്ര്‌’ മികച്ച ചിത്രം. തിരക്കഥയ്ക്കുള്ള പുരസ്കാരവും ചിത്രം നേടി.സുധാകൊങ്കരയും തിരുവനന്തപുരം സ്വദേശിയായ സംവിധായിക ശാലിനി ഉഷാനായരും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. ലക്ഷ്‌മിപ്രിയ ചന്ദ്രമൗലി മികച്ച സഹനടി(ശിവരഞ്‌ജിനിയും ഇന്നും സില പെൺഗളും). കൈനിറയെ പുരസ്കാരം മലയാളത്തിനുള്ള മറ്റ് പുരസ്‌കാരങ്ങൾ: വിഷ്‌ണുഗോവിന്ദ്‌, ശ്രീ ശങ്കർ (റീ റെക്കോഡിസ്റ്റ്‌ ഓഫ്‌ ഫൈനൽ മിക്‌സ്‌ഡ്‌ട്രാക്ക്‌–- ‘മാലിക്’), അനീസ്‌ നാടോടി (പ്രൊഡക്‌ഷൻ ഡിസൈൻ–- ‘കപ്പേള’). നിഖിൽ എസ്‌ പ്രവീൺ ( കഥേതര വിഭാഗം, മികച്ച ഛായാഗ്രഹണം– -‘ശബ്ദിക്കുന്ന കലപ്പ’), ‘ഡ്രീമിങ് ഓഫ്‌ വേർഡ്‌സ്‌’ (മികച്ച വിദ്യാഭ്യാസചിത്രം – സംവിധാനം നന്ദൻ). അനൂപ്‌ രാമകൃഷ്‌ണന്റെ ‘എം ടി: അനുഭവങ്ങളുടെ പുസ്‌തകം’ എന്ന ഗ്രന്ഥത്തിന്‌ പ്രത്യേക പരാമർശം. കേരള ടൂറിസത്തിനുവേണ്ടി നിർമിച്ച ‘റാപ്‌സോഡി ഓഫ്‌ റെയിൻസ്‌–- മൺസൂൺസ്‌ ഓഫ്‌ കേരള’ ഡോക്യുമെന്ററിയിലെ ശബ്ദവിവരണത്തിന്‌ ശോഭ തരൂർ ശ്രീനിവാസൻ പുരസ്‌കാരത്തിന് അർഹയായി. അശ്വിൻ നവാഗത സംവിധായകന്‍ -‘മണ്ടേലാ’ എന്ന തമിഴ്‌ ചിത്രത്തിലൂടെ മഡോണെ അശ്വിൻ മികച്ച നവാഗത സംവിധായകനും സംഭാഷണത്തിനുമുള്ള പുരസ്‌കാരം നേടി. പശ്ചാത്തല സംഗീതം പുരസ്കാരം സൂരരൈ പോട്രിലൂടെ ജി  വി പ്രകാശ്‌ കുമാർ നേടി.‘താനാജി ദി ലോൺ വാരിയർ’ ജനപ്രിയ, വിനോദ ചിത്രത്തിനുള്ള പുരസ്‌കാരം നേടി. സംവിധായകൻ വിപുൽഷാ അധ്യക്ഷനായ പത്തംഗ ജൂറിയാണ്‌ പുരസ്‌കാരജേതാക്കളെ തെഞ്ഞെടുത്തത്‌. 2020ലെ സിനിമകൾക്കുള്ള പുരസ്കാരമാണ് പ്രഖ്യാപിച്ചത്.   Read on deshabhimani.com

Related News