രണ്ട് സിനിമകളുടെ വിനോദ നികുതി ഒഴിവാക്കി: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍



 കൊച്ചി>ഡിവോഴ്‌സ്, നിഷിദ്ധോ എന്നീ സിനിമകളുടെ വിനോദ നികുതി ഒഴിവാക്കിയതായി തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു. ചിത്രങ്ങളുടെ വനിതാ ശക്തീകരണ കാഴ്ചപ്പാട് പരിഗണിച്ചാണ് നടപടി. സര്‍ക്കാരിന് വേണ്ടി സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ നിര്‍മ്മിച്ചതാണ് രണ്ട് ചിത്രങ്ങളും. ഇരു സിനിമകളുടെയും സംവിധായകര്‍ വനിതകളാണ്. ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഷാജി എന്‍ കരുണിന്റെ അപേക്ഷ പരിഗണിച്ചാണ് തീരുമാനം. 2019-20 ബഡ്ജറ്റില്‍ വനിതാ സംവിധായകരുടെ രണ്ട് സിനിമകള്‍ നിര്‍മ്മിക്കാന്‍ 3 കോടി രൂപ അനുവദിച്ചിരുന്നു. ഈ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച സിനിമകളാണ് ഡിവോഴ്‌സും നിഷിദ്ധോയും. ചിത്രാഞ്ജലി സ്റ്റുഡിയോയുടെ സാങ്കേതിക സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയായിരുന്നു നിര്‍മ്മാണം. ഡിവോഴ്‌സ് ജൂണ്‍ 24നും നിഷിദ്ധോ ജൂലൈ അവസാനവുമാണ് തിയറ്ററുകളില്‍ എത്തുന്നത്. സാമൂഹ്യ പ്രസക്തിയും മദ്യ വര്‍ജ്ജന സന്ദേശവും മുന്‍നിര്‍ത്തി മാഹി എന്ന ചിത്രത്തിനും ഈയടുത്ത് സര്‍ക്കാര്‍ വിനോദനികുതി ഒഴിവാക്കി നല്‍കിയിരുന്നു.   Read on deshabhimani.com

Related News