തീയറ്റർ തുറക്കൽ: സിനിമാസംഘടനകളുടെ യോഗം 6ന്‌



കൊച്ചി > സംസ്ഥാനത്തെ സിനിമാ തീയറ്ററുകൾ വീണ്ടും തുറക്കുന്നതിനെക്കുറിച്ച്‌ ആലോചിക്കാൻ സിനിമാ സംഘടനകളുടെ സംയുക്തയോഗം ബുധനാഴ്‌ച കൊച്ചിയിൽ ചേരും. ദീർഘകാലം അടച്ചിട്ടശേഷം തീയറ്ററുകൾ തുറക്കുമ്പോൾ വൻ സാമ്പത്തിക ബാധ്യത ഏറ്റെടുക്കേണ്ടിവരുമെന്നും അക്കാര്യങ്ങൾ ആലോചിക്കാനാണ്‌ യോഗം ചേരുന്നതെന്നും കേരള ഫിലിം ചേംബർ പ്രസിഡന്റ്‌ കെ വിജയകുമാർ പറഞ്ഞു. തിങ്കളാഴ്‌ചമുതൽ കോവിഡ്‌ നിയന്ത്രണങ്ങൾ പാലിച്ച്‌ തീയറ്ററുകൾ തുറക്കാമെന്ന്‌ കഴിഞ്ഞദിവസം മുഖ്യമന്ത്രി അറിയിച്ചിരുന്നു. തീരുമാനത്തെ സിനിമാ സംഘടനകളെല്ലാം സ്വാഗതം ചെയ്‌തു. എന്നാൽ, 10 മാസമായി അടഞ്ഞുകിടക്കുന്ന തീയറ്ററുകൾ തുറക്കുമ്പോൾ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നും പരിഹാരം വേണമെന്നും തീയറ്റർ ഉടമകളുടെ സംഘടനകൾ ആവശ്യപ്പെട്ടു. ഒരു സ്‌ക്രീനിൽ പ്രദർശനം പുനരാരംഭിക്കാൻ 10 ലക്ഷം രൂപയോളം അധികച്ചെലവ്‌ വരും. അറ്റകുറ്റപ്പണികൾ ഉൾപ്പെടെയുള്ളവയ്‌ക്കാണിത്‌. വിനോദനികുതിയിൽ ഇളവ്‌, വൈദ്യുതി ഫിക്‌സഡ്‌ ചാർജ്‌ ഒഴിവാക്കൽ, അറ്റകുറ്റപ്പണികൾക്ക്‌ പലിശരഹിതവായ്‌പ തുടങ്ങിയ ആവശ്യങ്ങൾ‌ തീയറ്റർ ഉടമകൾ സർക്കാരിനുമുന്നിൽ വച്ചിരുന്നു. വിവിധ നികുതിയിളവും ചോദിച്ചു. തീയറ്റർ തുറക്കാൻ അനുമതി നൽകിയ സാഹചര്യത്തിൽ അതേക്കുറിച്ചെല്ലാം ആലോചിച്ച്‌ അഭിപ്രായ സമന്വയമുണ്ടാക്കാനാണ്‌ സംയുക്തയോഗം ചേരുന്നത്‌. Read on deshabhimani.com

Related News