മരക്കാർ ഒടിടി റിലീസിന് കരാര്‍ ഒപ്പിട്ടിരുന്നില്ല; ഞാൻ ബിസിനസുകാരന്‍ തന്നെയാണ് - മോഹൻലാൽ



കൊച്ചി > മരക്കാർ അറബിക്കടലിന്റെ സിംഹം സിനിമയുടെ ഒടിടി റിലീസിന് കരാര്‍ ഒപ്പിട്ടിരുന്നില്ലെന്ന് മോഹന്‍ലാല്‍. ഉദ്ദേശശുദ്ധിയെ സംശയിച്ചവരോട് ഒന്നും പറയാനില്ല. സിനിമയുടെ ഒരുഘട്ടത്തിലും ഒടിടി ഒരു ലക്ഷ്യമായിരുന്നില്ല. തിയറ്റര്‍ റിലീസിന് ശേഷമാണ് ഒടിടിയിലേക്ക് സിനിമ നല്‍കാനിരുന്നതെന്നും മോഹൻലാൽ വ്യക്തമാക്കി. ഒടിടിയിൽ റിലീസ്‌ ചെയ്യുന്ന കാര്യം മറ്റു ചിലരാണ്‌ പറഞ്ഞത്‌. ഞങ്ങൾ ആരും അത്തരത്തിൽ പറഞ്ഞിട്ടില്ല. 43 വർഷമായി സിനിമയിൽ അഭിനയിക്കുന്നു. നിർമാതാവുമാണ്‌. ചെയ്‌ത പല സിനിമകളും സാമ്പത്തികമായി നഷ്‌ടമുണ്ടായി. അതിൽ ഒരു കുഴപ്പവുമില്ല. കാലാപാനിയും വാനപ്രസ്ഥവുമടക്കം നഷ്‌ടമായിരുന്നു. അതിലൊന്നും ആരോടും പരാതി പറഞ്ഞിട്ടില്ല. ഞാൻ ബിസിനസുകാരന്‍ തന്നെയാണ്. 100 കോടി മുടക്കിയാല്‍ 105 കോടി കിട്ടണം എന്ന് കരുതുന്നതില്‍ എന്താണ് തെറ്റെന്നും മോഹൻലാൽ ചോദിച്ചു. ഡിസംബർ രണ്ടിന്‌ മരക്കാര്‍ റിലീസുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. താന്‍ മരിച്ചാലും സിനിമ മുന്നോട്ടുപോകും. അത് തിയറ്റര്‍ ഉടമകള്‍ മനസ്സിലാക്കണം – മോഹൻലാൽ പറഞ്ഞു. നസീറിനും ജയനും ശേഷം മലയാള സിനിമ ഉണ്ടായിരുന്നു എന്നത്‌ മോഹൻലാൽ മനസ്സിലാക്കണം എന്നായിരുന്നു ഫിയോക്‌ ഭാരവാഹികൾ പറഞ്ഞത്‌. ഇതിന്‌ മറുപടിയാണ്‌ മോഹൻലാലിന്റെ പ്രതികരണം. Read on deshabhimani.com

Related News