മോഡലുകളുടെ അപകട മരണം; ഹോട്ടൽ ഉടമയും ജീവനക്കാരും അറസ്‌റ്റിൽ



കൊച്ചി മുൻ മിസ്‌ കേരള ഉൾപ്പെടെ മൂന്നുപേർ വാഹനാപകടത്തിൽ മരിച്ച കേസിൽ ഫോർട്ട്‌ കൊച്ചി നമ്പർ 18 ഹോട്ടൽ ഉടമ ഉൾപ്പെടെ ആറുപേർ അറസ്റ്റിൽ. ഹോട്ടൽ ഉടമ റോയി ജെ വയലാട്ട്‌ ജീവനക്കാരനും ഐടി വിദഗ്‌ധരുമായ കെ കെ അനിൽ, വിൽസൻ റെയ്‌നോൾഡ്‌, എം ബി മെൽവിൻ, ജി എ സിജുലാൽ, വിഷ്‌ണുകുമാർ എന്നിവരാണ്‌ പിടിയിലാത്‌. നിശാപാർടി ഉൾപ്പെടെയുള്ള നിർണായക തെളിവ്‌ നശിപ്പിച്ചത്‌ ഇവരാണെന്ന്‌ കണ്ടെത്തി. രണ്ടുദിവസത്തെ ചോദ്യംചെയ്യലിനും തെളിവെടുപ്പിനുംശേഷമാണ്‌ നടപടി. ബുധൻ രാവിലെ പാലാരിവട്ടം പൊലീസ്‌ സ്‌റ്റേഷനിലെത്തിച്ച്‌ റോയിയെ ചോദ്യം ചെയ്‌തിരുന്നു. ഫോർട്ട്‌ കൊച്ചിയിലെ ഹോട്ടലിലെത്തിച്ചും തെളിവെടുത്തു. വീണ്ടും പാലാരിവട്ടത്ത്‌ എത്തിച്ചശേഷം വൈകിട്ടോടെ അറസ്റ്റ്‌ രേഖപ്പെടുത്തി. ദൃശ്യം അടങ്ങിയ കംപ്യൂട്ടർ ഹാർഡ്‌ ഡിസ്‌ക്‌ തേവര കണ്ണങ്കാട്ട്‌ പാലത്തിനുസമീപം ഉപേക്ഷിച്ചെന്ന്‌ ഇയാൾ വെളിപ്പെടുത്തി. ഇവിടെ പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല. ഹോട്ടലിലെ നിശാപാർടി കഴിഞ്ഞിറങ്ങിയ സംഘം അപകടത്തിൽപ്പെട്ടതറിഞ്ഞ്‌ സിസിടിവി ദൃശ്യം ശേഖരിക്കാൻ പൊലീസ് ശ്രമിച്ചിരുന്നു. ഉടമയുടെ നിർദേശപ്രകാരം ഇത് മാറ്റിയെന്ന്‌ ജീവനക്കാർ മൊഴി നൽകി. ഹോട്ടലുടമയാണ്‌ അപകടത്തിൽപ്പെട്ട വാഹനത്തെ ഔഡി കാറിൽ പിന്തുരാൻ ആവശ്യപ്പെട്ടതെന്ന്‌  സൈജുവും വെളിപ്പെടുത്തി.  ഒരു ഡിവിആറുമായാണ്‌ റോയി ചൊവ്വാഴ്‌ച പൊലീസിൽ ഹാജരായത്‌. നിശാപാർടി നടന്ന ഹാളിലെ  ഡിവിആർ ഇതിലില്ലായിരുന്നു. ഇത്‌ ബുധനാഴ്ച ഹാജരാകാൻ നിർദേശിച്ചെങ്കിലും നൽകിയില്ല. തുടർന്നായിരുന്നു അറസ്‌റ്റ്‌. അതിനിടെ സംഭവത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട്, മരിച്ച അൻസി കബീറിന്റെ കുടുംബം പാലാരിവട്ടം പൊലീസിൽ പരാതി നൽകി. ഫോർട്ട്‌ നമ്പർ 18 ഹോട്ടലുടമ റോയിയുടെ ഇടപെടലുകളിൽ സംശയമുണ്ട്‌.  പൊലീസിന്റെ ഇതുവരെയുള്ള അന്വേഷണം തൃപ്തികരമാണെന്നും ബന്ധുക്കൾ പറഞ്ഞു. Read on deshabhimani.com

Related News