മരയ്‌ക്കാർ റിലീസിന്‌ മിനിമം ഗ്യാരണ്ടി നൽകില്ലെന്ന്‌ ഫിയോക്ക്‌; ആന്റണി പെരുമ്പാവൂരിന്റെ ആവശ്യം തള്ളി



കൊച്ചി > മോഹൻലാൽ ചിത്രമായ മരയ്‌ക്കാർ അറബിക്കടലിന്റെ സിംഹം റിലീസിന്‌ നിർമാതാവ്‌ ഉന്നയിച്ച മിനിമം ഗ്യാരണ്ടി ആവശ്യം തള്ളി തിയറ്റർ ഉടമാസംഘടന. എന്നാൽ ഒടിടി റിലീസ്‌ ഉപേക്ഷിച്ച്‌ ചിത്രം തിയറ്ററിൽ റിലീസ്‌ ചെയ്യാൻ പരമാവധി തുക അഡ്വാൻസ്‌ നൽകാമെന്നും ശനിയാഴ്‌ച കൊച്ചിയിൽ ചേർന്ന തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ എക്‌സിക്യൂട്ടീവ്‌ യോഗം തീരുമാനിച്ചു. ഒടിടിയിൽ റിലീസ്‌ ചെയ്യാൻ തീരുമാനിച്ച മരയ്‌ക്കാർ തിയറ്ററിൽ റിലീസ്‌ ചെയ്യണമെങ്കിൽ മിനിമം ഗ്യാരണ്ടി നൽകണമെന്ന്‌ നിർമാതാവ്‌ ആന്റണി പെരുമ്പാവൂർ ആവശ്യപ്പെട്ടിരുന്നു. റിലീസിന്‌ മുമ്പ്‌  തിയേറ്ററുടമകൾ 25 ലക്ഷം രൂപാ വീതം അഡ്വാൻസ്  നൽകണമെന്നും കുറഞ്ഞത്‌ ഇരുന്നൂറോളം സ്‌ക്രീനുകളിൽ മൂന്നാഴ്‌ചയെങ്കിലും സിനിമ പ്രദർശിപ്പിക്കണമെന്നുമായിരുന്നു ആവശ്യം. എന്നാൽ ആന്റണി പെരുമ്പാവൂരിന്റെ മിനിമം ഗ്യാരണ്ടി ആവശ്യം അംഗീകരിക്കേണ്ടതില്ലെന്ന്‌ ഫിയോക്‌ യോഗം തീരുമാനിച്ചു. മലയാള സിനിമയിൽ മിനിമം ഗ്യാരണ്ടി എന്ന ഏർപ്പാടില്ല. അന്യഭാഷാ ചിത്രങ്ങൾക്ക്‌ ഉൾപ്പെടെ നിശ്‌ചിത തുക തിയറ്റർ ഉടമകൾ അഡ്വാൻസ്‌ നൽകാറുണ്ട്‌. മരയ്‌ക്കാർ റിലീസിന്‌ അഞ്ചുകോടിരൂപ നൽകിയിരുന്നു. അത്‌ വിവാദങ്ങൾക്കിടെ ആന്റണിപെരുമ്പാവൂർ തിരിച്ചു നൽകി. അതിനേക്കാൾ ഭേദപ്പെട്ട തുക അഡ്വാൻസായി നൽകാൻ തയ്യാറാണെന്നും മറ്റു മിനിമം ഗ്യാരണ്ടികളൊന്നും നൽകാനാകില്ലെന്നും ഫിയോക്‌ ഭാരവാഹികൾ പറഞ്ഞു. പ്രശ്‌നം ആന്റണി പെരുമ്പാവൂരുമായി ചർച്ച ചെയ്യാൻ കേരള ഫിലിം ചേംബർ പ്രസിഡന്റ്‌ ജി സുരേഷ്‌ കുമാറിനെ ഫിയോക്ക്‌ യോഗം ചുമതലപ്പെടുത്തി. ഇതിനിടെ, ഫിയോക്കിൽ നിന്ന് ആന്റണി പെരുമ്പാവൂർ രാജിവച്ചതായുള്ള വാർത്തകൾ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ നിഷേധിച്ചു. ഫിയോക്ക് വൈസ്‌ ചെയർമാനായ ആന്റണി പെരുമ്പാവൂർ ഫിയോക്‌ യോഗത്തിൽ പങ്കെടുത്തിരുന്നില്ല. യോഗത്തിൽ പങ്കെുടുക്കില്ലെന്ന കാര്യവും അറിയിച്ചിരുന്നില്ല. എന്നാൽ അദ്ദേഹത്തിന്റെ രാജിക്കത്ത്‌ തങ്ങൾക്ക്‌ ലഭിച്ചിട്ടില്ലെന്നും ഫിയോക്‌ പ്രസിഡന്റ്‌ കെ വിജയകുമാർ, ജനറൽ സെക്രട്ടറി സുമേഷ്‌ ജോസഫ്‌ എന്നിവർ പറഞ്ഞു. ഫിയോക്‌ ചെയർമാൻ ദിലീപിന്‌ രാജിക്കത്ത്‌ നൽകിയതായി അറിയില്ലെന്നും അവർ പറഞ്ഞു. Read on deshabhimani.com

Related News