ചെയിൻ നമുക്ക്‌ തകർക്കാം ; കോവിഡ്‌ 19നെതിരെ മഞ്ജുവാര്യർ



കോവിഡ്‌ 19നെതിരെ യുദ്ധം നയിക്കുന്ന കേരള സർക്കാരിനും മന്ത്രി കെ കെ ശൈലജയ്‌ക്കും സല്യൂട്ടുമായി നടി മഞ്ജുവാര്യരുടെ ഫെയ്‌സ്‌ബുക്ക്‌ വീഡിയോ. വൈറസിനെതിരെ വ്യക്തിശുചിത്വം പാലിക്കണമെന്നും വൈറസ്‌ ചെയിൻ ബ്രേക്ക്‌ തകരണമെന്നും ആഹ്വാനം ചെയ്‌താണ്‌ 52 സെക്കൻഡ്‌ ദൈർഘ്യമുള്ള വീഡിയോ. ""ചൈനയിലെ വുഹാനിൽ ഉടലെടുത്ത കൊറോണ വൈറസ്‌ ഒരാളിൽനിന്ന്‌ മറ്റൊരാളിലേക്ക്‌ പകർന്ന്‌ ആയിരക്കണക്കിന്‌ കിലോമീറ്ററുകൾ താണ്ടി ഇന്ന്‌ ലോകത്തിന്റെ നാനാഭാഗത്തേക്കും എത്തിയിരിക്കുകയാണ്‌. ഇത്‌ എത്തിച്ചത്‌ മനുഷ്യരാണ്‌. ഒരാളിൽനിന്ന്‌ മറ്റൊരാളിലേക്ക്‌ ഒരു ചെയിൻ കണക്കെയാണ്‌ കൊറോണ വൈറസ്‌ പടർന്നുപിടിക്കുന്നത്‌. ഈ ചെയിൻ കേരളത്തിൽ നമുക്ക്‌ ബ്രേക്ക്‌ ചെയ്യാൻ സാധിക്കണം, സാധിക്കും. അതിന്‌ ഏറ്റവും ആവശ്യം ശുചിത്വമാണ്‌. പൊതുഗതാഗത സംവിധാനങ്ങളിലെ യാത്ര, ഓഫീസ്‌ മുറികൾ, വ്യാപാര സ്ഥാപനങ്ങൾ, ആളുകൾ തടിച്ചുകൂടുന്ന മറ്റിടങ്ങൾ എന്നിവിടങ്ങളിൽനിന്നൊക്കെ നമ്മളിലേക്ക്‌ ഇത്‌ പകരാം. അതിനാൽ നമ്മുടെ കൈകൾ ഏറ്റവും വൃത്തിയായും ശുചിയായും സൂക്ഷിക്കുക എന്നുള്ളതാണ്‌ ഇതിനുള്ള പ്രതിവിധി. നമ്മുടെ കൈകൾ കൂടെക്കൂടെ സോപ്പും വെള്ളവും ഉപയോഗിച്ച്‌ 20 സെക്കൻഡ്‌ നേരം കഴുകുക. ആൽക്കഹോൾ കണ്ടന്റുള്ള ഹാൻഡ്‌ സാനിറ്റൈസറുകൾ ഉപയോഗിക്കുക. ഇതുവഴി ഈ വൈറസിന്റെ വ്യാപനം നമുക്ക്‌ തടയാൻ സാധിക്കും. ബ്രേക്ക്‌ ദ ചെയിൻ'' മഞ്ജുവാര്യർ ഫെയ്സ്‌ബുക്ക്‌ വീഡിയോയിൽ പറഞ്ഞു. Read on deshabhimani.com

Related News