കാൻ ഹ്രസ്വചിത്ര മേളയിൽ അംഗീകാരവുമായി മലയാളി സംവിധായിക



തിരുവനന്തപുരം > കാൻസ്‌ വേൾഡ് ഫിലിം ഫെസ്റ്റിവലിൽ മികച്ച സംവിധായികയ്‌ക്കുള്ള പുരസ്‌കാരം നേടി പുതുമുഖ മലയാളി സംവിധായിക. തിരുവനന്തപുരം സ്വദേശിയായ ലക്ഷ്‌മി പുഷ്‌പ സംവിധാനം ചെയ്‌ത കൊമ്പൽ (The Girl) കാനിലെ പ്രതിമാസ ഹ്രസ്വചലച്ചിത്ര മേളയിൽ ഒക്‌ടോബർ മാസത്തെ മത്സരത്തിലാണ്‌ പുരസ്‌കാരം സ്വന്തമാക്കിയത്‌. ഇതോടെ ചിത്രം 2022ൽ നടക്കുന്ന കാൻ ഗ്രാൻഡ് ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അവസാന റൗണ്ട് മത്സരത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നായി തൊണ്ണൂറോളം ചിത്രം ഉണ്ടായിരുന്നു. ഇതിൽ രണ്ടു ചിത്രം ഇന്ത്യയിൽ നിന്നായിരുന്നു.  പ്രതിമാസ മത്സരങ്ങളിൽ വിജയിക്കുന്ന ചിത്രങ്ങൾക്ക് ലോകത്തെ ഏറ്റവും പ്രശസ്‌തമായ കാൻ ചലച്ചിത്രോത്സവത്തിൽ മത്സരിക്കാം. വിവിധ ചലച്ചിത്ര മേളകളിൽ നിന്നായി ‘കൊമ്പൽ’ ഇതുവരെ പന്ത്രണ്ടോളം അവാർഡുകൾ സ്വന്തമാക്കിയിട്ടുണ്ട്. ഒരു സ്ത്രീയുടെ മാനസിക-ഭൗതിക ജീവിത സാഹചര്യങ്ങളുടെ സൂക്ഷ്‌മ ആവിഷ്‌കാരമാണ്‌ ചിത്രം. ജോളി ചിറയത്ത് നായികയായ ചിത്രത്തിൽ ബൈജു നെറ്റോ, വിഷ്ണു സനൽ കുമാർ തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ. മ്യൂസിയം ടാക്കീസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, മദ്രാസ് ഇൻഡിപെൻഡന്റ് ഫിലിം ഫെസ്റ്റിവൽ എന്നിവിടങ്ങളിൽ മികച്ച നടിക്കുള്ള അവാർഡ് ചിത്രം നേടി.കൂടാതെ മദ്രാസ് ഇൻഡിപെൻഡന്റ് ഫിലിം ഫെസ്റ്റിവലിൽ മികച്ച നടിയെക്കൂടാതെ മികച്ച തിരക്കഥ, മികച്ച സംവിധാനം എന്നീ അവാർഡുകളും ചിത്രത്തിനാണ്. എം ആർ ആരതിയുടേതാണ്‌ കൊമ്പലിന്റെ തിരക്കഥ.  പി വി ഓമനയും പ്രീയ നായരും ചേർന്ന് നിർമ്മിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം ശ്രീരാഗ് മങ്ങാത്തും എഡിറ്റിങ് ആശിഷ് ഗോപിയുമാണ്. പിആർഡിയിൽ വെബ് ആൻഡ് ന്യൂ മീഡിയയിൽ റിസർച്ച് അസിസ്റ്റന്റാണ്‌ ലക്ഷ്‍മി പുഷ്പ. ചിത്രം ഉടൻ പ്രേക്ഷകരിലേക്കെത്തും. Read on deshabhimani.com

Related News