സിനിമയും പ്രേക്ഷകരും മാറി; സംവിധായകൻ ലിയോ തദ്ദേവൂസ് സംസാരിക്കുന്നു

ലിയോ തദ്ദേവൂസ്


ലിയോ തദ്ദേവൂസ് ഒരുക്കുന്ന ചിത്രം ‘പന്ത്രണ്ട്’ തിയറ്ററിൽ എത്തി. വിനായകൻ, ഷൈൻ ടോം ചാക്കോ, ദേവ്‌ മോഹൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു. സ്‌കൈ പാസ് എന്റർടൈൻമെന്റിന്റെ ബാനറിൽ വിക്‌ടർ എബ്രഹാമാണ്‌ നിർമാണം. സംവിധായകൻ സംസാരിക്കുന്നു: മിസ്‌റ്റിക്‌ ആക്ഷൻ ചിത്രം ബൈബിളിലെ പുതിയ നിയമം സമകാലിക സാഹചര്യങ്ങളുമായി ചേർത്ത്‌വെക്കുകയാണ്‌. യേശുവും 12 ശിഷ്യന്മാരും എന്ന ആശയമാണ്‌ സിനിമയുടെ ഇതിവൃത്തം.  കഥാപാത്രങ്ങൾക്ക്‌ ഒരു ഗ്യാങ്ങ്സ്റ്റർ  പശ്ചാത്തലം നൽകി ഒരു മിസ്റ്റിക്‌ ആക്ഷൻ ഡ്രാമ എന്ന രീതിയിലാണ്‌ ഒരുക്കിയത്‌. യേശുവിനെ അവലംബിച്ച് ധാരാളം സിനിമകൾ ഉണ്ടായിട്ടുണ്ട്‌. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്ത ശ്രമമാണ്. ബൈബിൾ കാണുന്ന പല സംഭവങ്ങളെ ഇപ്പോൾ നമ്മൾ കാണുന്ന സംഭവങ്ങളിലേക്ക് വ്യാഖ്യാനിക്കുകയാണ് ചെയ്തിരിക്കുന്നത്. അതിൽ ഒരു മിസ്റ്റിക്‌ സ്വഭാവം നൽകുകയാണ്‌. പുതിയ ആഖ്യാനം മുമ്പ് ചെയ്‌തിരുന്ന സിനിമകളുടെ ശൈലിയിൽ നിന്ന് ഒരു മാറ്റം പന്ത്രണ്ടിലുണ്ട്‌. കഥ പറച്ചലിൽ വ്യത്യസ്തമായ നരേറ്റീവ് വേണമെന്ന് തീരുമാനിച്ചിരുന്നു. മറ്റു സിനിമകളിൽ നിന്ന്‌ വ്യത്യസ്ഥമായി അതിനു വേണ്ടി കുറെ വർക്ക് ചെയ്തിട്ടുണ്ട്. ദൃശ്രങ്ങൾക്കും ശബ്ദത്തിനും പ്രധാന്യം നൽകിയാണ്‌ ചെയ്‌തത്‌. തിയറ്ററിൽ തന്നെ ഇറക്കണമെന്ന്‌ തീരുമാനിച്ച ചെയ്‌ത സിനിമയാണ്‌.  സംഭാഷങ്ങളിലൂടെ കഥ പറയുന്ന നമ്മുടെ പതിവ്‌ രീതിയിൽ നിന്ന്‌ വ്യത്യസ്ഥമായ ആഖ്യാനത്തിന്‌ ശ്രമിച്ചത്‌. എന്നാൽ ആളുകൾ ഇത്‌ എങ്ങനെ എടുക്കുമെന്നതിൽ ഒരു വെല്ലുവിളിയുമുണ്ട്‌. വിനായകൻ - ഷൈൻ കൂട്ടുകെട്ട് അധികം വരാത്ത ഒരു കൂട്ട്‌കെട്ടാണ്‌ ഷൈനും വിനായകനും. അവർ സഹോദരങ്ങളായാണ്‌ അഭിനയിക്കുന്നത്‌. ഒപ്പം പ്രഖാന കഥാപാത്രമായി ദേവ്‌ മോഹനുമുണ്ട്‌.  വിനായകന്‌ കൃത്യമായി ചേരുന്ന കഥാപാത്രമാണ്‌. ഞങ്ങൾ തമ്മിൽ 25 വർഷത്തെ പരിചയമുണ്ട്‌. വേഗത്തിൽ പരസ്‌പരം സംവദിക്കാൻ കഴിയുമെന്നതും ഗുണകരമായി. വിനയാകനൊപ്പം നിൽക്കാൻ കഴിയുന്ന ഒരാൾ എന്ന നിലയിലാണ്‌ ഷൈനിലേക്ക്‌ എത്തുന്നത്‌. ദേവ്‌ മോഹൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌. ഇതുകൂടാതെ ലാൽ, സൃന്ദ അടക്കം നിരവധി പേർ സിനിമയുടെ ഭാഗമാണ്‌. ഇനി സ്‌പൂൺ ഫീഡിങ്‌ ആവശ്യമില്ല മലയാളത്തിൽ സിനിമയിൽ അവതരിപ്പിക്കുന്നതിൽ വലിയ മാറ്റമുണ്ടായി. പ്രേക്ഷകരിലും മാറ്റമുണ്ടായി. പണ്ട് എല്ലാ കാര്യവും മുഴുവൻ പറഞ്ഞു കൊടുക്കണമായിരുന്നു. ഇന്ന്‌ ഒരു സൂചന നൽകിയാൽ മതി. പണ്ട് ഡയലോഗ് വേണ്ട സ്ഥലത്ത് ഇന്ന്‌ ഒരു നോട്ടം മതി. സ്‌പൂൺ ഫീഡിങിന്റെ കാലം കഴിഞ്ഞു.  സൂചന കൊടുത്താൽ ബാക്കി ആളുകൾ സിനിമ കണ്ട് അവർ തന്നെ പൂരിപ്പിക്കുന്ന സ്ഥിതിയിലേക്ക് മലയാളസിനിമ വളർന്നു. പ്രേക്ഷകരുടെ മനസ്സ് ഓരോ കാലഘട്ടത്തിലും ഓരോ സമയത്തും ഓരോ കാലാവസ്ഥയ്ക്കും അനുസരിച്ച്‌ മാറിക്കൊണ്ടിരിക്കും. അത് ഒരു മേക്കറും കലാകാരനും എന്നും നേരിടുന്ന വെല്ലുവിളിയാണ്‌. നമ്മൾ ഇതിന്‌ വിധിക്കപ്പെട്ടവരാണ്‌. സിനിമ ആദ്യം തിയറ്ററിലെത്തണം സിനിമ ഒടിടി പ്രീമിയർ ചെയ്യുന്നത്‌ തിയറ്റർ എന്ന സംവിധാനം തന്നെ ഇല്ലാതാക്കുകയാണ്‌. എന്നാൽ, സിനിമ തിയറ്ററിൽ കളിച്ചതിന്‌ ശേഷം ഒടിടിയിൽ എത്തുന്നത്‌ ഗുണകരമാണ്‌. മറ്റു രാജ്യങ്ങളിലടക്കമുള്ളവരിലേക്ക്‌ സിനിമ എത്തും. അത് ഗുണകരവുമാണ്‌. ഒടിടി ഭാവിയിൽ സിനിമയുടെ ഫോർമാറ്റിൽ തന്നെ മാറ്റം വരുത്തും. ഒടിടി സിനിമകൾ,  തിയറ്റർ സിനിമകൾ എന്നിങ്ങനെ വേർതിരിവുണ്ടാകും. ആളുകൾ തിയറ്റർ സിനിമകൾ തെരഞ്ഞെടുത്ത്‌ മാത്രം തിയറ്റിൽ കാണാൻ വരുന്ന രീതിയും ഉണ്ടാകാം. Read on deshabhimani.com

Related News