കിഷോർകുമാർ സിനിമാ പുരസ്‌കാരം പ്രഖ്യാപിച്ചു: ഷാഹി കബീർ മികച്ച നവാ​ഗത സംവിധായകൻ

ഷാഹി കബീർ


കൊച്ചി> മികച്ച നവാഗത സംവിധായകനുള്ള രണ്ടാമത് കിഷോർ കുമാർ പുരസ്‌കാരം ഷാഹി കബീറിന്. 'ഇലവീഴാ പൂഞ്ചിറ' എന്ന സിനിമയ്‌ക്കാണ് അംഗീകാരം ലഭിച്ചത്. ഫിലിം സൊസൈറ്റി സംഘാടകനും സാംസ്‌കാരിക പ്രവർത്തകനുമായിരുന്ന കിഷോർ കുമാറിന്റെ സ്‌മ‌രണാർഥം ജനചിത്ര ഫിലിം സൊസൈറ്റി ഏർപ്പെടുത്തിയതാണ് അവാർഡ്. ആദ്യത്തെ കിഷോർ കുമാർ പുരസ്‌കാരം 'ആർക്കറിയാം' എന്ന ചിത്രത്തിലൂടെ സാനു ജോൺ വർഗീസാണ് നേടിയത്. 2017ൽ ദിലീഷ് പോത്തന്റെ സംവിധാന സഹായിയായി 'തൊണ്ടിമുതലും ദൃക്സാക്ഷിയും' എന്ന സിനിമയിലൂടെയാണ് ഷാഹി കബീർ സിനിമാ രംഗത്തെത്തുന്നത്. 2018-ൽ എം പത്മകുമാർ സംവിധാനം ചെയ്‌ത 'ജോസഫ് ' എന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചു. പിന്നീട് 'നായാട്ട്', 'ആരവം', 'റൈറ്റർ' എന്നീ ചിത്രങ്ങൾക്ക് തിരക്കഥയും സംഭാഷണവും എഴുതി. തുടർന്ന് ഇലവീഴാ പൂഞ്ചിറ എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായി. ഫെബ്രുവരി 12ന് ഞായറാഴ്ച തൃപ്രയാറിൽ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സമാപന സമ്മേളനത്തിൽ വെച്ച് കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദാണ് ഷാഹി കബീറിന് പുരസ്‌കാരം നൽകുക. 25,000 രൂപയും ടി പി പ്രേംജി രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. സംവിധായകൻ സജിൻ ബാബു, കവിയും തിരക്കഥാകൃത്തുമായ പി എൻ ഗോപീകൃഷ്ണൻ, സിസ്റ്റർ ജെസ്‌മി എന്നിവർ അടങ്ങുന്ന ജൂറിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. Read on deshabhimani.com

Related News