"കല്ലെടുത്തെറിയുന്നവരുണ്ടാകും, വിജയം കൊണ്ട് അവരെ കൊല്ലുക; പുഞ്ചിരികൊണ്ട് അവരെ സംസ്‌കരിക്കുക': വിജയ്‌



ആദായ നികുതി വിഭാഗം ക്ലീന്‍ചിറ്റ് നല്‍കിയതിന് പിന്നാലെ റെയ്ഡില്‍ നിലപാട് വ്യക്തമാക്കി നടന്‍ വിജയ്. പുതിയ ചിത്രം മാസ്റ്ററിന്റെ ഓഡിയോ ലോഞ്ചിനിടെയാണ് നടന്‍, പരിശോധന സംബന്ധിച്ച് പ്രതികരിച്ചത്. ജീവിതം ഒരു പുഴപോലെയാണ്. അതിന്റെ വഴിയില്‍, തിരി കത്തിച്ച് ഒഴുക്കുന്നവര്‍ പല ഇടത്തുമുണ്ടാകും, വെള്ളത്തിലേക്ക് കല്ലെടുത്തെറിയുന്നവരുമുണ്ടാകും. കല്ലുകളെ താഴ്ചയിലേക്കാക്കി പുഴ ഒഴുക്ക് തുടരും. അതുപോലെ ചെയ്യുകയെന്നതാണ് ജീവിതത്തില്‍ നമ്മുടെ ഉത്തരവാദിത്വം. നിങ്ങളുടെ വിജയം കൊണ്ട് അവരെ കൊല്ലുക. പുഞ്ചിരികൊണ്ട് അവരെ സംസ്‌കരിക്കുക. ഇങ്ങനെയായിരുന്നു നടന്റെ വാക്കുകള്‍. ഇപ്പോഴത്തെ ദളപതി, 20 വര്‍ഷം മുന്‍പത്തെ ഇളയദളപതിയോട് എന്താണ് ചോദിക്കുകയെന്ന് അവതാരകന്‍ ഉന്നയിച്ചപ്പോള്‍ ഇങ്ങനെയായിരുന്നു മറുപടി. അന്നത്തെ സമാധാനമുള്ള ജീവിതമാണ് ചോദിക്കുക. റെയ്ഡുകളൊന്നുമില്ലാത്ത ആ കാലം. 24 മണിക്കൂര്‍ കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യലും ദിവസങ്ങള്‍ നീണ്ട പരിശോധനകളും നടത്തിയിരുന്നെങ്കിലും നടന്‍ ഏതെങ്കിലും തരത്തില്‍ ക്രമക്കേട് നടത്തിയതായി ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കണ്ടെത്താനായിരുന്നില്ല. ബിഗില്‍, മാസ്റ്റര്‍ എന്നീ ചിത്രങ്ങളുടെ നികുതി കൃത്യമായി അടച്ചിട്ടുണ്ടെന്നാണ് പരിശോധനയില്‍ വ്യക്തമായത്. ഇതോടെ ക്ലീന്‍ചിറ്റ് നല്‍കുകയായിരുന്നു. 50 കോടി രൂപയാണ് ബിഗിലന്റെ പ്രതിഫലം. മാസ്റ്ററിന് 80 കോടിയും. ഫെബ്രുവരിയില്‍ വിജയ്‌യുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കണക്കില്‍പ്പെടാത്ത പണമൊന്നും ലഭിച്ചില്ല. ബിഗിലിന്റെ നിര്‍മ്മാണ കമ്പനിയായ എജിഎസ് ഗ്രൂപ്പിന്റെ ഓഫീസുകളില്‍ നടത്തിയ റെയ്ഡിന്റെ തുടര്‍ച്ചയായിട്ടായിരുന്നു നടപടി. എന്നാല്‍ നടനെ വേട്ടയാടാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് വിമര്‍ശനവും പിന്നാലെ ഇതിനെതിരെ ശക്തമായ പ്രതിഷേധവും ഉയര്‍ന്നിരുന്നു. Read on deshabhimani.com

Related News