സീനാണ്‌, ട്വിസ്റ്റാണ്‌ 'കെറോ സീൻ'



തിരുവനന്തപുരം> സാധാരണക്കാരന്റെ ജീവിതത്തിന്റെ ഭാഗമായ, പാവപ്പെട്ടവന്റെ അടുക്കളകളുടെ മണമായ മണ്ണെണ്ണ പ്രധാന കഥാപാത്രമായ ഒരു ഹൃസ്വചിത്രം. സാധാരണക്കാരന്റെ കുടുംബജീവിതത്തിൽ മണ്ണെണ്ണ സൃഷ്‌ടിക്കുന്ന "സീൻ' രസകരമായി അവതരിപ്പിക്കുന്നതാണ്‌ കോതമംഗലം സ്വദേശി ജോയൽ കൂവള്ളൂർ സംവിധാനം ചെയ്ത "കെറോ സീൻ' എന്ന ചിത്രം. മണ്ണെണ്ണയുടെ ഇംഗ്ലീഷ്‌ പദമാണ്‌ കെറോസീൻ. പതിനാലാമത്‌ അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേളയിൽ (ഐഡിഎസ്എഫ്എഫ്‌കെ) മലയാളം മത്സരേതര വിഭാഗത്തിൽ പ്രദർശിപ്പിച്ച ചിത്രം യൂട്യൂബിൽ റിലീസ് ചെയ്തു. റിയലിസ്റ്റിക്‌ ഹൃസ്വചിത്രമെന്ന്‌ അക്ഷരാർത്ഥത്തിൽ വിളിക്കാൻ കഴിയുന്ന രസകരമായ ചിത്രമാണ്‌ കെറോ സീൻ. സ്വന്തം നാടിന്റെ സൗന്ദര്യവും നാടൻ പശ്ചാത്തലവും തന്നെയാണ്‌ സംവിധായകൻ ചിത്രത്തിൽ ഉപയോഗിച്ചത്‌. ദിവ്യ എം നായർ, നന്ദിനി ഗോപാലകൃഷ്‌ണൻ, ആലീസ്‌ പോൾ, ടിജോ ജോർജ്‌, റഫീഖ്‌ മറ്റേൽ, ആർദ്ര അനിൽകുമാർ എന്നിങ്ങനെ വിരലിലെണ്ണാവുന്ന അഭിനേതാക്കൾ മാത്രം. മദ്യപാനിയായ ഗൃഹനാഥനും മണ്ണെണ്ണ വാങ്ങാൻ ദിവസവും ഭർത്താവിനെ പറഞ്ഞുവിടുന്ന ഭാര്യയുമൊക്കെ കെറോസീനിനെ മികച്ചതാക്കുന്നു. ക്ലൈമാക്സിലേക്ക്‌ എത്തുമ്പോൾ ചെറിയൊരു "ട്വിസ്റ്റും' സംവിധായകൻ പ്രേക്ഷകർക്കായി കാത്തുവച്ചിട്ടുണ്ട്‌. ജോയലിന്റേത്‌ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും. അമിതമായി വലിച്ചുനീട്ടി പ്രേക്ഷകനെ മടുപ്പിക്കാതെ 11 മിനിറ്റിൽ ചിത്രം അവസാനിക്കും. ജോസ്‌കുട്ടി ജോസഫാണ്‌ ക്യാമറ, എഡിറ്റർ: ഹരി ദേവകി, സംഗീതം: ചാൾസ് നസാറെത്ത്‌. "വെള്ളിയാഴ്ച'യാണ്‌ ജോയലിന്റെ ആദ്യ ചിത്രം. ഇതും യൂട്യൂബിൽ ലഭ്യമാണ്‌.   Read on deshabhimani.com

Related News