നിഗൂഢതകൾ ഒളിപ്പിച്ചു കൊണ്ട് കാർത്തിയുടെ 'ജപ്പാൻ': ടീസർ പുറത്ത്



ചെന്നൈ > നടൻ കാർത്തിയുടെ ജന്മദിനത്തിൽ പുതിയ ചിത്രമായ ജപ്പാന്റെ ടീസർ പുറത്തുവിട്ട് നിർമ്മാതാക്കളായ ഡ്രീം വാരിയർ പിക്‌ചേഴ്‌സ്. കാർത്തിയുടെ ഇരുപത്തിയഞ്ചാം ചിത്രമാണിത്. ആരാണ് ജപ്പാൻ എന്ന ചോദ്യവുമായി നിഗൂഢതകൾ ഒളിപ്പിച്ചു വെച്ചു കൊണ്ടാണ് ടീസർ എത്തിയിരിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ചു ഭാഷകളിൽ പുറത്തിറങ്ങുന്ന ജപ്പാന്റെ മലയാളം ടീസറും അണിയറ പ്രവർത്തകർ പുറത്തു വിട്ടിട്ടുണ്ട്. " ആരാണു ജപ്പാൻ? അവന് കുമ്പസാരത്തിന്റെ ആവശ്യമില്ല. ദൈവത്തിൻ്റെ അതിശയ സൃഷ്‌ടികളിൽ അവനൊരു ഹീറോയാണ്" എന്നാണ് ടീസറിലൂടെ വെളിപ്പെടുത്തുന്നത്. രാജു മുരുകൻ രചനയും സംവിധാനവും നിർവഹിക്കുന്ന സിനിമയിൽ കാർത്തിയുടെ നായികയാവുന്നത് മലയാളിയായ അനു ഇമ്മാനുവലാണ്. ഡ്രീം വാരിയർ പിക്‌ചേഴ്‌സിന്റെ ബാനറിൽ എസ് ആർ പ്രകാശ് ബാബു, എസ് ആർ പ്രഭു എന്നിവർ നിർമ്മിക്കുന്ന ആറാമത്തെ കാർത്തി ചിത്രമാണ് ജപ്പാൻ. കാർത്തിയുടെ ഇരുപത്തിയഞ്ചാമത്തെ സിനിമയായ ' ജപ്പാൻ' ബ്രഹ്മാണ്ഡ ചിത്രമായിട്ടാണ് അണിയിച്ചൊരുക്കുന്നത്. തെലുങ്കിൽ ഹാസ്യ നടനായി രംഗ പ്രവേശം നടത്തി നായകനായും വില്ലനായും കീർത്തി നേടിയ നടൻ സുനിൽ ഈ സിനിമയിലൂടെ തമിഴിൽ ചുവടു വെക്കുന്നു. 'ഗോലി സോഡ', 'കടുക്' എന്നീ സിനിമകൾ സംവിധാനം ചെയ്‌ത് ശ്രദ്ധേയനായ ഛായാഗ്രാഹകൻ വിജയ് മിൽട്ടനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഛായാഗ്രഹണം: രവിവർമ്മൻ. സംഗീത സംവിധാനം: ജി വി പ്രകാശ് കുമാർ. സംഘട്ടനം: അനൽ - അരസ്. പിആർഒ: സി കെ അജയ് കുമാർ. തൂത്തുക്കുടി, കേരളം എന്നിവിടങ്ങളിലാണ് ഷൂട്ടിങ്. ദീപാവലിക്ക് 'ജപ്പാൻ' റിലീസ് ചെയ്യും.   Read on deshabhimani.com

Related News