പ്രേമമുല്ല പൂത്ത മണം മായുന്നു... ഇനി മടക്കം.... 'നൻപകൽ നേരത്ത് മയക്കം ' എന്ന സിനിമയെകുറിച്ച് ഇന്ദു മേനോൻ എഴുതുന്നു



തമിഴുമായുള്ള എന്റെ ബന്ധം യഥാർഥത്തിൽ നിഗൂഢവും ദുരൂഹവും ആയിരുന്നു. ഉത്തരമേയില്ലാത്ത പെരും സമസ്യ. എന്റെ പല പിരാന്തിലൊരു പിരാന്തായി മാത്രമത് അടയാളപ്പെട്ടു.   നാലര അഞ്ച് വയസ്സിലാണ് ഞാൻ ആദ്യമായി തമിഴ് സംസാരിക്കുന്നത് എന്റെ വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഏതെങ്കിലും തമിഴ്നാട്ടുകാരുമായിട്ടോ തമിഴ് സിനിമകളുമായിട്ടോ തമിഴ് പറയുന്ന ആരെങ്കിലുമായിട്ടോ എനിക്ക് യാതൊരുവിധത്തിലുള്ള സ്ഥിരബന്ധവും ഉണ്ടായിരുന്നില്ല. എന്നിട്ടും അയൽപക്കത്തെ വീട്ടിൽ ഫോൺ വന്നപ്പോൾ ആ ഫോൺ ഞാൻ എടുത്ത്‌ ഹലോ എന്നുപറഞ്ഞു. കട്ട തമിഴിൽ ഒരാൾ എന്റെ ഹലോയ്ക്ക് മറുകുറി പറഞ്ഞു. എന്റെ ശബ്ദം കേട്ടതും വാത്സല്യപ്പാസപ്പേച്ചിൽ ചോദ്യം വന്നു. “യാര് പാപ്പാവാ?” “ആ മാ പാപ്പാ താൻ. നീങ്കെ യാറ് പേസറ് ത്?” എന്ന് ഞാൻ തിരിച്ചുചോദിച്ചു. സഭ നിശ്ശബ്ദമായി. അമ്മയുടെയും അച്ഛന്റെയും മാത്രമല്ല ആശാരിമാമയുടെയും കണ്ണുകൾ അത്ഭുതത്താൽ പൂത്തു. “മുട്ടക്കോയ പേസറേൻ. ഗംഗാധറൻ ഇറിക്കാളാ?” “ഇറുക്കില്ല ഗംഗാധരൻ കടിക്കും” ഞാനൊരു തർക്കുത്തരം പറഞ്ഞു ചിരിച്ചു. “ഇല്ലിയേ അവങ്കെ കലമ്പിയിട്ടേൻ” “സറി” എന്നുപറഞ്ഞ്‌ ആ ഫോൺ സംഭാഷണം അവസാനിച്ചു. ഇത് കേട്ട്, അച്ഛനും അമ്മയും എല്ലാവരും അത്ഭുതപ്പെട്ടുനിന്നു.  തമിഴ് ഇതെങ്ങനെ പഠിച്ചു എന്ന് അച്ഛൻ അമ്മയോട് ചോദിച്ചു. 'ആവോ മാഷെ എനിക്കറിയില്ല. വല്ല അണ്ണാച്ചിമാരും ഫ്രണ്ട്‌സ് കാണും’ എന്ന് അമ്മ മറുപടിയും പറഞ്ഞു.  എന്നാൽ അക്കാലത്ത് എനിക്ക് ഒരു തമിഴ് സുഹൃത്തുക്കളും ഉണ്ടായിരുന്നില്ല. ആ തമിഴ് എനിക്കറിയാവുന്ന, എന്റുള്ളിൽനിന്നും ഉറപൊട്ടിയ ഒരു തമിഴായിരുന്നു .  എന്റെ “സൊന്തത്തമിഴ്”. ഇപ്പോൾ ഞാൻ പറയുന്നതും എനിക്ക് അറിയാവുന്നതും അന്ന് പറഞ്ഞതും  ഒന്നാം ക്ലാസിൽ ഞാൻ സംസാരിച്ചിരുന്നതുമായ അത്ഭുത തമിഴിന്റെ ഉറവ് കാണാതെ എന്റെ അമ്മച്ഛൻമാർ ഉഴറി. അമ്മയറിയാതെ ഏതോ അണ്ണാച്ചിമാരുടെ കൂടെ ഞാൻ പോയിട്ടുണ്ടാകുമെന്ന് അയൽവാസികൾ ഉറപ്പിച്ചു. “വേണങ്കി കുപ്പിപ്പാട്ടയും ഓള് പെറുക്കും” “ഇത് യെൻ സൊന്ത തമിഴ്‌മാ” ഞാൻ പേസി. ആ തമിഴിന്നും ഉള്ളിൽ ഉറ കൊട്ടുന്നുണ്ട്. തമിഴിൽ സിനിമ കാണാനും ഏത്‌ തമിഴനോടും സംസാരിക്കാനും തമിഴിൽ പ്രസംഗിക്കാനും തമിഴിൽ അഭിമുഖം നൽകുവാൻവരെയുള്ള ആത്മവിശ്വാസം എനിക്കുണ്ട്. അന്നും ഇന്നും എന്നും എന്റെ തമിഴ് പേച്ച് ആന്തരികമായ വിചിത്ര സംഗതിയായി നിൽക്കുന്നു.  ചെറുപ്പകാലത്ത് ഊത്തുക്കാട് സോങ്സും ഞ്യാനപ്പളവും പാടിയത് കേൾക്കെ അച്ഛന്റെ ഗുരുവായ ശെമ്മങ്കുടി സാമി 'അടെങ്കപ്പ എന്നയിത്. കുറലും പേച്ചും തമിഴ്‌ക്‌ സേർന്ത മാതിരി’  എന്നെന്റെ തലയിൽ തൊട്ടു. എന്റെ ഭാഷയുടെയും റെൻഡറിങ്ങിന്റെയും പ്രത്യേകത നോക്കിയ ഒരു ലിങ്ക്വിസ്റ്റ് പറഞ്ഞത് ശ്രീലങ്കൻ തമിഴിനോടാണ് എന്റെ തമിഴിന് കൂടുതൽ സാദൃശ്യം എന്നാണ്. ചത്തുപോയ വല്ല തമിഴനും ചെറുപ്പത്തിലെ ഉടലിൽ കയറിയോ  ? അല്ലെങ്കിൽ ചത്തുതുലഞ്ഞ ഏതോ തമിഴത്തി വീട്ടിൽ ജനിച്ചുവോ എന്ന് തുടങ്ങിയ പല ജാതി വർത്തമാനങ്ങളും അക്കാലത്ത് എന്റെ വീട്ടിലും നാട്ടിലും ഉണ്ടായിരുന്നു.  എങ്ങനെ തമിഴ് അറിയുന്നു  ? തമിഴ് സംസാരിക്കുന്നു? എന്നത് അത്യധികം ഗൂഢമായിത്തന്നെ ഇരുന്നു. ഇപ്പോഴും എനിക്ക് തമിഴ് സംസാരിക്കാനോ വ്യുല്പത്തി കുറവാണെങ്കിൽപ്പോലും പ്രസംഗിക്കാനോപോലും യാതൊരു വിഷമവുമില്ല. മടിയോ പേടിയോ ഇല്ല.  ഒരുപാട്‌ കാലം ഇത്തരത്തിലുള്ള ഉത്തരമില്ലാത്ത പലതരം ചോദ്യങ്ങൾകൊണ്ട് സമൃദ്ധമായിരുന്നു എന്റെ തല. അപസ്മാരമുള്ള ഒരു ചെറിയ പെൺകുട്ടി, സദാ ഫിറ്റ്സ് വരുന്ന ഒരുവൾ. ചെറുപ്രായത്തിൽ ചെന്നിക്കുത്തും ബാലവിഷാദവും ഉള്ളവൾ. അവളുടെ തലയിൽ ഭാഷയുടെ ആണിയല്ല ചിന്തയുടെയും ശ്രദ്ധയുടെയും എല്ലാ ഓർമകളുടെയും ആണികൾ അഴിഞ്ഞു കിടക്കുകയാണെന്ന് പലരും വിശ്വസിച്ചു.  തെലുഗുഭാഷയിലും ഏതാണ്ട് ഇതുപോലെ തന്നെയുള്ള ഒരു അറിവ് എനിക്കുണ്ട് വളരെ സാവകാശം തെലുങ്കിൽ സംസാരിച്ചാൽ നന്നായിട്ട് മനസ്സിലാവും. സബ്ടൈറ്റിൽ ഇല്ലെങ്കിലും തെലുങ്ക് സിനിമകൾ കാണാൻ കഴിയും കന്നടയും ഇത്രത്തോളം വരില്ലെങ്കിലും മാനേജ് ചെയ്യാൻ പറ്റുന്ന ഒരു അവസ്ഥയിലാണ്. റാവ്ള, ബെട്ടക്കുറുബ കാട്ടുനായ്‌ക്ക എന്നീ ഭാഷകളും ഏതാണ്ട് ഇതുപോലൊക്കെതന്നെ.  ഗോത്രഭാഷകൾ പെട്ടെന്നുതന്നെ പഠിക്കാനും മനസ്സിലാക്കാനും  ഇഷ്ടപ്പെടാനുമുള്ള അദൃശ്യമായ എന്തോ ഒന്ന്‌ എന്റെ തലയിലും ഹൃദയത്തിലുമുണ്ടായിരുന്നു.  “ഭാഷാ വരം” ഡോക്ടർ എൻ എസ് വി ചികിത്സക്കിടെ അമ്മയോട് പറഞ്ഞുകൊടുത്തു. “എന്തു സങ്കീർണാണ് മനുഷ്യരെ തോട്ട് പ്രോസെസ്സ്. ഇദ് അപസ്മാരത്തിന്റെയൊന്നുമല്ല. നമക്കൊന്നും പറയാൻ പറ്റില്ല” ഭാഷയുമായി ബന്ധപ്പെട്ട് കിടക്കുന്ന ആ ഒരു യന്ത്രം എന്റെ മസ്തിഷ്കത്തിൽ വളരെ ഫ്ലെക്സിബിൾ ആയി തന്നെ കിടക്കുന്നുണ്ടായിരിക്കണം. ദ്രാവിഡീയമായ ഉറവുകൾ ഉൾച്ചേർന്ന്‌ ഉറപൊട്ടുന്ന ഭാഷയുടെ ഒരു കടൽ ഉള്ളിൽ തിരയടിച്ചു സദാ ഉയർന്നു. ഒരു പക്ഷേ ചെറുപ്പത്തിൽ തോന്നിയിരുന്ന സഞ്ചിതമായ ജനിതക ഓർമകളുടെ ഒരു ബാക്കിപത്രം കൂടിയാകാം ഈ ഭാഷാവരം എന്ന് കരുതി ഞാൻ അതിനെ കൂടുതൽ ചിന്തിക്കാൻ പോകാതെ ഇരിക്കും ദ്രാവിഡീയമായ ഉറവുകൾ ഉൾച്ചേർന്ന്‌ ഉറപൊട്ടുന്ന ഭാഷയുടെ ഒരു കടൽ ഉള്ളിൽ തിരയടിച്ചു സദാ ഉയർന്നു. ഒരു പക്ഷേ ചെറുപ്പത്തിൽ തോന്നിയിരുന്ന സഞ്ചിതമായ ജനിതക ഓർമകളുടെ ഒരു ബാക്കിപത്രം കൂടിയാകാം ഈ ഭാഷാവരം എന്ന് കരുതി ഞാൻ അതിനെ കൂടുതൽ ചിന്തിക്കാൻ പോകാതെ ഇരിക്കും. ചിന്തിച്ചാൽ ഞാനാകെ കുഴയും. സുന്ദരാംബാൾ ശബ്ദംപോലെ മെഴുകി മെഴുകിയ ഒച്ചയിൽ ആരോ തമിഴിൽ ആണ്ടാളെ പാടും. MGR ഡയലോഗുകൾ പിൻവഴിയിൽ കേൾക്കും. പഴയ തമിഴ് സിനിമകളുടെ റേഡിയോച്ചെത്തം. മുല്ലയും കനകാംബരവും കഴുതച്ചാണകവും മണക്കുന്ന തെരുവിൽ പാൽവണ്ടിയുടെ മണികിലുക്കുന്ന സൈക്കിൾക്കാരൻ. നനഞ്ഞ മുറ്റത്ത് കോലം പോട്ട് പല്ലില്ലാ മോണയിൽ വെളുക്കെ ചിരിക്കുന്ന പാട്ടിമാർ. പനയിൽ ആരോ ആഞ്ഞു വെട്ടുന്നു. നൊങ്കുകൾ വീണ്‌ തറയിൽ ഫുട്‌ബോൾ കളിയുണരും പോലെ. ഞാനാര്? ഞാനാര്  ?എന്ന ചോദ്യം എന്നെയീ ലോകം അപരിചിതമാക്കുന്ന ഒരവസ്ഥയിൽ എത്തിക്കും. “അമ്മാ അമ്മാ” എന്ന്‌ ഞാൻ ഭയന്നുകരയുമ്പോൾ ഒന്നും ഓർമിക്കരുതെന്നമ്മയുമെന്നെ ഓർമിപ്പിക്കും. ഉത്തരമില്ലാത്ത ഒരു മനസ്സിന്റെ സമസ്യകൾ പൂരിപ്പിക്കാൻ ഞാനുമമ്മയും ശ്രമിക്കാതിരുന്നു.  ശ്രീലങ്കയിൽ ടൂർ പോയപ്പോഴാണ് എന്റെ സുഹൃത്ത് പറഞ്ഞതെത്ര കൃത്യമെന്ന് മനസ്സിലായത്. ഞാൻ ടിക്കറ്റ് എടുക്കുമ്പോൾ എന്നെ ഫോറിനറായി കണക്കാക്കാതെ ശ്രീലങ്കനായി കണ്ട് അധികൃതർ എല്ലായിടങ്ങളിലും കുറച്ച് എൻട്രി ഫീ മാത്രം വാങ്ങി. ഞാൻ സംസാരിച്ചു. സംസാരിക്കുമ്പോൾ അവർക്ക് മലയാളി പോയിട്ട് ഇന്ത്യൻ ആണോ ഞാൻ എന്നുപോലും തോന്നാറില്ല. ശുദ്ധ ശ്രീലങ്കിയായവർ എന്നെ പരിഗണിച്ചു. സിംഹള സുഹൃത്തുക്കൾ അത്ഭുതപ്പെട്ടു. ഡംബുള്ള ഗുഹയിലെ തണുത്ത വായു തട്ടെ പഴയ ദേജാവുവിൽ ഞാൻ കുളിർന്നു. ഴകാരം പഴകിയ ഒരു തമിഴക്ഷരം വന്ന് എന്റെ ഓർമയിൽ തൂങ്ങിനിന്നു. ഞാൻ അവിടെ നിന്നു അശരണമായി കരഞ്ഞു. “ഇങ്ങളെന്തിനേയ്നും കരഞ്ഞത്?” “എന്റെ വല്ല്യമ്മയെപ്പറ്റിയോർത്തു” വെന്റിലേറ്ററിൽ കോമയിൽ കിടക്കുന്ന വല്ല്യമ്മയെപ്പറ്റി ഞാൻ നുണ പറഞ്ഞു. കൂട്ടുകാർ വിശ്വസിച്ചു. ഈ പാറയിൽ കാലുരസി ഞാൻ വീണ ഓർമപോലെന്തോ ഉള്ളിലുണ്ടെന്നും ഈ ചുമർത്തണുപ്പിൽ ഞാൻ കവിൾ മുമ്പ് ചേർത്തെന്നും അവരോട് പറയാൻ പോയില്ല. ഈ ഗന്ധം, ഈ പ്രകൃതി, ഈ ബുദ്ധമുഖം എനിക്ക് അപരിചിതമല്ല എന്ന്‌ ഞാൻ മിണ്ടിയതേയില്ല. മുമ്പൊരിക്കൽ നോവലിന്റെ ആവശ്യത്തിനുവേണ്ടി നാഡീജ്യോതിഷിയുടെ ഓല പരിശോധിക്കുവാൻ പോയിരുന്നു. ജോത്സ്യൻ പറയുന്നത് വിശ്വാസം ഇല്ലെങ്കിലും കൈനോട്ടക്കാരൻ പറയുന്നതും തത്ത പറയുന്നതും നാഡി ജ്യോതിഷി പറയുന്നതുമെല്ലാം ഞാൻ കൗതുകത്തോടെ, കഥപോലെ കേട്ടിരിക്കും. ഞാൻ നായികയായ നാടകത്തിന്റെയോ സിനിമയുടെയോ കഥ.  അഗസ്ത്യാർ മുനിയുടെ കയ്യാളൻ ഓരോരോ ഓല വായിച്ചുകൊണ്ടിരുന്നു. “അല്ല അല്ല ഇതല്ല” ഞാൻ ചിരിച്ചു. 12 ‐ാമത്തെയോ മറ്റോ ഓലയിൽ എന്റെ ചിരി പതിയെ ഗൗരവമാർന്നു. “ഉൻ പ്യേറ് നിലാ. അമ്മാ പ്യേർ വന്ത് ഉണ്മൈ. അപ്പാ പ്യേറ് വിഷ്ണുവോടെ പര്യായം. വി എന്റ്രതിൽ താൻ സ്റ്റാർട്‌ പണ്രെൻ. കൊലം വിട്ട് കൊലമാറി താൻ തിരുമണം. അവനോടെ പ്യേറ് പാൾ. ഉങ്കൾ കൊലസാമി വളയാനട്ടാറ്” നിലാ ഇന്ദു ചന്ദ്രൻ ഉണ്മ സത്യ വിഷ്ണു വിക്രമൻ കല്യാണം – ക്രിസ്ത്യാനിയെ പേർ രൂപേഷ് പോൾ കുലദൈവം വളയനാട്ടമ്മ. ഓല വായിച്ചുതീരുംവരെ ഞാനെന്നെ കേട്ടിരുന്നു. ഞാനെന്തിനുവന്നെന്ന് അയാൾക്കും അമ്പരപ്പായിരുന്നു. “ഇരുപത്തിയേഴാമത് വയത് നടക്കുമ്പോദ് ഇന്ത ഓലൈ കേൾക്കണമെന്രദ് താൻ ഉൻവിധി. ആ നാൾ നീ ഉന്നോടെ വാഴ്വ് കേൾക്ക വന്തത് അല്ലൈ”. മുനിയാർ അസ്വസ്ഥതയോടെ കൺമിഴിച്ചു. “യെദുക്ക് കൊളന്തെ? ഒണ്ണുമേ ഉനക്ക് തെരിയ വേണ്ട എന്നുതാൻ എഴുതിയിരിക്ക്? യെന്നെയിദ്? നീ എതുക്ക് വന്താൾ?” നോവലിന്റെ അധ്യായമെന്ന് മറുപടി പറയാതെ ചിരിക്കമാത്രം ചെയ്തു. “അറിയില്ല” എന്ന്‌ മറുപടിയും പറഞ്ഞു. “ഉന്നുടെ പൂർവജന്മം തമിഴ്നാട്ടിലാണ്” എന്ന് അഗസ്ത്യമുനിയാർ പറഞ്ഞതും ഞാൻ പൊട്ടിച്ചിരിച്ചു. ശരിക്കും എനിക്ക് കാഴ്ചയിലൊക്കെ ഒരു തമിഴത്തി ഛായയുണ്ട്. ശരിക്കുപറഞ്ഞാൽ നെയ്ത്തുതൊഴിലാക്കിയ ചെട്ടിച്ചിമാരുടെ ഛായ.  “എന്റെ സ്വാമി മൂക്കുകുത്തിയ പൊട്ടുവെച്ച ഏത് സ്ത്രീക്കും, അതിനിപ്പം അമേരിക്കക്കാരി ആണെങ്കിൽപ്പോലും തമിഴ്ഛായ ഉണ്ടാവും” എന്ന് ഞാൻ കളിയാക്കി ചിരിച്ചു. “വൈത്തീസരൻ കോവില്‌ക്ക്‌ പോങ്കെ. പൂർവ കാണ്ഡം അങ്കെ ഉന്നെ കാത്ത് ഇരിക്കിറാർ” ഞാൻ മിടയിറക്കി. പൊടുന്നനെ ഒരു ഭയം വന്നെന്നെ പൊതിഞ്ഞു. ഞാൻ അവിടെനിന്നും ഓടി.  കുട്ടിക്കാലത്തെ മുട്ടക്കോയ സംഭാഷണത്തിനുശേഷം തമിഴിനോടുള്ള എന്റെ എൻറെ പാസം കൂടിക്കൂടി വരികയായിരുന്നു. അദൃശ്യമായ ഒരു തമിഴ് ഗ്രാമം ഉള്ളിൽ ഉഷ്ണിച്ചു, കത്തിരിവെയിൽകൊണ്ട് പനയോലച്ചുമരുകൾ ഉണങ്ങി. നീലയേറിയ കുമ്മായച്ചുമരിലേക്ക്‌ മുഖം പൂഴ്ത്തെ  ചാണക വറളി പതിക്കുന്ന ഒരു കയ് ശബ്ദം എന്നെത്തേടി വന്നു. തമിഴ് ഒരക്ഷരം എഴുതാനോ വായിക്കാനോ അറിയില്ലാത്ത ഞാൻ അക്ഷരം എഴുതാൻ അറിയുന്ന ദിവ്യ എലിസബത്തിന്റെ സഹായത്തോടെ കോളേജിൽ തമിഴ് കവിതാമത്സരത്തിനുകയറി. എന്റെ പാടങ്ങളിൽ കൊലസാമിയുടെ പുതുകോയിൽ കെട്ടുന്നതും വഴുതനങ്ങ പാടങ്ങൾ ഉണങ്ങുന്നതുമൊക്കെ വരികളെഴുതി, സമ്മാനങ്ങൾ വാങ്ങി.  തമിഴുമായുള്ള എന്റെ ബന്ധം യഥാർഥത്തിൽ നിഗൂഢവും ദുരൂഹവും ആയിരുന്നു. ഉത്തരമേയില്ലാത്ത പെരും സമസ്യ. എന്റെ പല പിരാന്തിലൊരു പിരാന്തായി മാത്രമത് അടയാളപ്പെട്ടു.  ശരിക്കും കണ്ണുകൾ അടച്ചിരുന്നു ആലോചിച്ചാൽ ഒരു പക്ഷേ അമ്മയുടെ ഗർഭപാത്രവും കടന്ന് കഴിഞ്ഞ ഒരു ജന്മത്തിലെ ഓർമയിലേക്ക് പോകാൻ എനിക്ക് കഴിഞ്ഞേക്കും എന്ന് ഞാൻ പലപ്പോഴും ഉറച്ചുവിശ്വസിച്ചു. എന്നാൽ ഭയം കാരണം പലപ്പോഴും ആ മുതിർച്ച ഞാൻ പാതിയിൽവച്ച് നിർത്തി. അമ്മയുടെ മരണശേഷം എന്നെന്നേക്കുമായി ദുർബലയായിത്തീർന്ന ഞാൻ വിചിത്രചിന്തകൾക്ക് തലകൊടുക്കാതെ ഒതുങ്ങി ജീവിച്ചു.  ഇപ്പോഴിതൊക്കെ ഓർമിക്കാൻ കാരണം ലിജോയുടെ നൻപകൽ നേരത്ത് മയക്കം എന്ന സിനിമയാണ്. എനിക്കറിയില്ല ഈ പേരിട്ടത് ആരാണ് എന്ന്! ആരായാലും പേര് കുഴപ്പം പിടിച്ചതാണ്. അതിൽ കവിതയും കാല്പനികതയും പ്രേമവും തുളുമ്പി നിൽക്കുന്നു. ആ പേര്‌ ആദ്യമായി വായിക്കെ പോണ്ടിച്ചേരിയിലെ തേവരുടെ ഇളയമകൻ രാജ് മൂർത്തി വിറയോടെ പിൻ വന്ന് “നമക്ക് കാതലിക്കലാമാ?” എന്ന് വീണ്ടും ചോദിച്ചു. അജ്ഞാതമായ തമിഴിന്റെ മുറിവുകൊണ്ട്‌ ഭയചകിതയായ ഞാൻ വിലങ്ങനെ തലയാട്ടി. “ഇല്ലെ പത്താത്” “കേരളാവ്ക്ക് അപ്പാവെ അനപ്പി വിടട്ടുമാ? “ഇല്ല വേണ്ട... രാജ് കരുതും പോലെയല്ല” ഞാനവനെ അവഗണിച്ചു. ഓട്ടോഗ്രാഫ് സിനിമയുടെ കാലമായിരുന്നു. മനസ്സുക്കുള്ളെ നാണം വന്തിച്ചാ എന്നൊരു പാട്ടുയർന്നു. മലയാളികളെ തമിഴ് ആൺകുട്ടികൾ പ്രേമിക്കുന്ന കാലം. കല്ലിൽവന്ന്‌ തലയിടിച്ച് തിരകൾ പത ഛർദിച്ചു. രാജ്മൂർത്തിയുടെ മുഖം നനഞ്ഞു. ആർടിസ്റ്റ് കെ പി മുരളിയേട്ടന്റെ കൈയക്ഷരത്തിൽ നൻപകൽ നേരത്ത് മയക്കം മഞ്ഞ സൂര്യകാന്തി പാടത്തെയോർമിപ്പിച്ചു. രാജിനെയും എന്റെ കൂട്ടുകാരൊത്ത ചൈന്നെയിലെ വേനൽ ദിനങ്ങളേയും ഓർമിപ്പിച്ചു. ഒരിക്കലും എഴുതാത്ത ആ പുസ്തകത്തിന്‌  മുരള്യേട്ടൻ വരച്ച കവർപോലെ തോന്നി. പാടം കത്തിയെരിഞ്ഞു.  വൈദ്യുതക്കമ്പിയിൽ കാക്കകൾ  ഇരുന്നു. ജോയ്സിയുടെ പേര് ഓർമയില്ലാത്ത ഒരു നീണ്ട കഥയുണ്ട്. സ്കൂൾ കോളേജ് ടൂറിന് പോകുന്ന ഗീതാഞ്ജലി ഒരു നദിയിലിറങ്ങി, അസ്ഥി കലശം സ്പർശിക്കുവാൻ ഇടവരുന്നു. യാത്രാമധ്യേ അവൾ തന്റെ വീട്ടിൽ ഇറങ്ങാതെ മറ്റൊരു പെൺകുട്ടിയുടെ വീട്ടിൽ പോയി ഇറങ്ങുന്നു. അവൾ മരിച്ചിട്ട് ദിവസങ്ങളെ ആയിട്ടുള്ളൂ. എന്നാൽ അവളുടെ മരണപ്പെട്ടവളുടെ അതേ ഭാവഹാദികളോടെ കടന്നുചെല്ലുമ്പോൾ മകൾ മരിച്ചിട്ടില്ലെന്നു വിശ്വസിക്കുന്ന അമ്മ ജയലക്ഷ്മി അവളെ ഹൃദയപൂർവം സ്വീകരിക്കുന്നു. നൻ പകലിന്റെ അതേ പ്രമേയം. ഗീതാഞ്ജലിയുടെ വീട്ടുകാരും മരിച്ചുപോയ പെൺകുട്ടിയുടെ വീട്ടുകാരും ഒരേപോലെ പരിഭ്രമിക്കുന്നുണ്ട്. എങ്കിലും മകൾ മരിച്ചു ചിത്തരോഗി എന്നോണം മരണാസന്നയായിത്തീർന്ന ജയലക്ഷ്മിക്കുവേണ്ടി കുറച്ചുദിവസം അവളെ ആ വീട്ടിൽ പാർപ്പിക്കുകയാണ്. ഗീതാഞ്ജലിയുടെ ഭർത്താവും കുഞ്ഞും ആദ്യ കാമുകനും സഹോദരിയും എല്ലാവരും വല്ലാതെ കൗതുകപ്പെടുന്നു കഷ്ടപ്പെടുന്നു ഭയപ്പെടുന്നു. തന്റെ സ്വത്തിനും മറ്റും വേണ്ടി തന്റെ അനുജത്തിയെക്കൂടി വിവാഹം ചെയ്യാൻ പോകുന്ന ഭർത്താവിനെ തടയുക, തന്റെ കൊലപാതകത്തിന് ഉത്തരവാദി പൊലീസുകാരനായ തന്റെ ഭർത്താവാണെന്ന് തെളിയിക്കുക, ഇതായിരുന്നു മരണപ്പെട്ടവളിലേക്കുള്ള ഗീതാഞ്ജലിയുടെ പരകായപ്രവേശത്തിനുകാരണം. എല്ലാം തെളിഞ്ഞശേഷം മയങ്ങിവീഴുന്ന ഗീതാഞ്ജലി തിരിച്ച് പഴയ മറ്റൊരുവളായി വീട്ടിലേക്ക് പോകുന്നു. അതൊരു പൈങ്കിളി കഥയായിരുന്നു. മനോരമയിലോ മറ്റോ വന്നത്. എങ്കിലും എനിക്ക് വളരെയധികം പ്രിയപ്പെട്ട ഒരു കഥയായിരുന്നുവത്. മരിച്ചുപോയ ഒരാളുടെ റോൾ അഭിനയിക്കുന്ന അപരിചിതനായ ഒരു മനുഷ്യൻ ജീവിച്ചിരിക്കുന്നവരുടെ ഹൃദയത്തിൽ പൂക്കളാണോ മുള്ളാണികളാണോ കുത്തുന്നത് എന്ന് നമുക്ക് പറയാൻ കഴിയുകയില്ല. ആ കഥ വായിക്കെ അക്കാലത്തൊക്കെ തമിഴറിയുന്ന ഏതോ ഒരുവൾ മലയാളിയായ എന്റെ അച്ഛനുമമ്മയ്ക്കുമൊപ്പം വന്നതായി ഞാൻ ഭയന്നിരുന്നു. അവരുടെ മകളായി ഞാൻ ജീവിക്കയാണെന്നും “സത്യത്തിൽ അമ്മ പ്രസവിച്ചതല്ലെ എന്നെ?” ആകുലതയോട് ഞാനമ്മയെ കെട്ടിപ്പിടിച്ച രാത്രികൾ!  അതേ പ്രമേയമാണ് നൻപകലിന്റെതും എനിക്കും ഗീതാഞ്ജലിക്കുംപകരം ജെയിംസ് ആണെന്നുമാത്രം.  ഈ പ്രമേയം ഒരു പരസ്യത്തിൽനിന്നും പ്രചോദിക്കപ്പെട്ടാണ് താൻ എടുത്തത് എന്ന് സംവിധായകൻ വ്യക്തമാക്കുന്നുണ്ട്. പരസ്യം ഞാൻ കണ്ടില്ല. ഗീതാഞ്ജലിയുടെ കഥ പൂരിപ്പിക്കപ്പെട്ട ഒരു പുരാവൃത്തമാണ് എങ്കിൽ, പൂർണമാക്കപ്പെട്ട ഒരു പ്രതികാരത്തിന്റെ കഥയാണ് എങ്കിൽ ജെയിംസിലേക്ക് എത്തുമ്പോൾ അതൊരു ഫെയറി ടെയിൽപോലെ അത്ഭുതങ്ങളെയും കൗതുകങ്ങളെയും ചോദ്യങ്ങളെയും അവശേഷിപ്പിച്ച്‌ മുറിഞ്ഞുപോകുകയാണ്. പകലിൽ നാം കാണുന്ന സ്വപ്നങ്ങൾപോലെതന്നെ അതിവിചിത്രമായത് മാറുകയാണ്. പകലാകാശത്ത് പൊടിച്ചുയർന്ന നക്ഷത്രങ്ങളുടെ മിന്നലാട്ടം അവ്യക്തമായി കണ്ട ഓർമപോലെ മനോഹരമാണത്. ചോളപ്പാടങ്ങളിൽ വൈദ്യുതിക്കമ്പികൾ അരമീതെക്കെട്ടിയ നീലാകാശം. നാടകവണ്ടി. മലയാളം ഉണ്ടായകാലത്തേക്കാൾ പഴയ മലയാളം പാട്ട്. അതിൽനിന്നും പകൽ മയക്കത്തിലേക്കും ഗ്രാമത്തിലേക്കും അയാൾ നടന്നുപോകുന്നു.  വെള്ളമുണ്ടിൽനിന്നും കള്ളിമുണ്ടിലേക്ക്  പരകായ പ്രവേശം നടത്തുന്ന ഒരാൾ. വെള്ളമുണ്ടിൽനിന്നും വിഭിന്നമായി ആ കള്ളിമുണ്ടിന്റെ ഇരുവശവും കൊട്ടിയടക്കപ്പെട്ടിട്ടുണ്ട്, കൂട്ടിത്തുന്നപ്പെട്ടിട്ടുണ്ട് എന്നുള്ളതാണ് വ്യത്യാസം. അയാൾ അതിനുള്ളിൽ കുരുങ്ങുന്നു. ജെയിംസ് മലയാളത്തിൽനിന്നും തമിഴിന്റെ വന്യമായ ഒരു കൂട്ടിലേക്ക് കയറിപ്പോകുന്നതായി ഞാൻ മനസ്സിലാക്കുന്നു. “എങ്ങനെയാണ് അയാൾ തമിഴ് പറയുന്നത്  ?”എന്ന് എന്റെ മകൻ ചോദിക്കുമ്പോൾ അഞ്ചുവയസ്സിൽ എന്റെ അമ്മയും അച്ഛനും പരിഭ്രാന്തിയോട് നീ എവിടുന്നാണ് തമിഴ് പഠിച്ചത് എന്ന് ചോദിച്ച ചോദ്യം ഞാൻ വീണ്ടും കേട്ടു.  കൂടു വിട്ട്‌ കൂടു മാറൽ എന്ന ഒരു പ്രയോഗം ഉണ്ട്. ഒരു ആത്മാവ് മറ്റൊരു ഉടലിലേക്ക് പ്രവേശിക്കുന്ന ഒരു സംഗതിയാണത്രെ. രണ്ട് ഉടലുകളും രണ്ട് ആത്മാവുകളും പരസ്പരം അങ്ങോട്ടുമിങ്ങോട്ടും കൈമാറുന്ന പരിപാടിയും പുറത്ത് അലയുന്ന അശരണമായ ഒരു ആത്മാവ് ഒരു ശരീരത്തിനുള്ളിലെ യഥാർഥ ആത്മാവിനെ ഉറക്കി ക്കിടത്തി അതിനകത്തേക്ക് പ്രവേശനം ചെയ്യുന്ന ഒരു രീതിയും കേട്ടിട്ടുണ്ട്. പുറമെനിന്നും വരുന്ന ആത്മാവ് പൂർണമായും മയങ്ങി മരിച്ചുകിടക്കുന്ന ശരീരത്തിന്റെ ഉള്ളിലെ യഥാർഥ ആത്മാവിനെ ഉണർത്താതെ ശ്രദ്ധിക്കുന്നു. അന്ധവിശ്വാസങ്ങളുടെയും പുരാവൃത്തകഥകളുടെയും ലോകത്ത് അങ്ങനെ എല്ലാം ഉണ്ടായിരിക്കും. ജെയിംസിന്റെ ഉടലിൽ അങ്ങനെ സുന്ദരൻ പ്രവേശിക്കുന്നു. സുന്ദരത്തെ എവിടെവച്ചാണ് കാണാതായത് എന്ന് ആർക്കും അറിയില്ല. സുന്ദരൻ മരണപ്പെട്ടുപോയി എന്ന് ആർക്കും അറിയില്ല. എന്നാൽ മമ്മൂട്ടി എന്ന ജെയിംസ് ഉറക്കത്തിൽ അയാൾ ഇല്ലാതായിപ്പോയത് തിരിച്ചറിഞ്ഞ് സ്വപ്നം കാണുന്നുണ്ട്. പാവയ്ക്കാത്തോട്ടത്തിന്റെ കയ്‌പൻ കാറ്റടിക്കെ അയാളൊരു പാവൽ വള്ളിപോലെ ഇളകുന്നത് നാം കാണുന്നു.  വേളാങ്കണ്ണിയിൽനിന്നാണ് സുന്ദരം പക്ഷേ ജെയിംസിനൊപ്പം അറിഞ്ഞോ അറിയാതെയോ വരുന്നത്.  തമിഴ് അറിയാത്ത, ആ ഭാഷയെ ഇഷ്ടപ്പെടാത്ത, തമിഴ് ഭക്ഷണത്തെ വെറുക്കുന്ന തമിഴിന്റേതായ എല്ലാ സംഗതികളെയും പുച്ഛത്തോടെയും വെറുപ്പോടെയും കാണുന്ന ജെയിംസ് ഒരേയൊരു തമിഴിഷ്ടം കാണിക്കുന്നത് കൗണ്ടറിൽ ബില്ല് പേ ചെയ്യുമ്പോൾ അവിടെ എഴുതിവെച്ച തിരുക്കുറൽ വചനങ്ങളോടാണ്.  ഇഷ്ടമെന്ന് പറഞ്ഞുകൂടാ കേവലമായ ഒരു താൽപ്പര്യമോ കൗതുകമോ മാത്രം. അവിടെക്കണ്ട ചിത്രത്തിലെ സന്യാസി തിരുവള്ളുവരാണെന്ന് മൂവാറ്റുപുഴക്കാരനായ ജെയിംസിന്‌ തിരിച്ചറിയാനാകുന്നില്ല. കന്യാകുമാരിയിലെ സ്വാമി എന്നുമാത്രമേ അയാൾക്ക് ഓർമിക്കാൻ ആകുന്നുള്ളൂ. എങ്കിലും വെള്ളം വന്നപ്പോൾ പ്രളയകാലത്ത് തിരുവള്ളുവർ പ്രതിമ വെള്ളത്തിനടിയിലായി എന്നുപറയാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ തിരുവള്ളുവർക്ക് മീതെ വെള്ളം വരിക എന്നത് അസംഭവ്യമാണെന്ന് ഹോട്ടലുകാരൻ പറയുന്നു. തമിഴ് ഭാഷയുടെയും അന്തഃസത്തയുടെയും സംസ്കാരത്തിന്റെയും മഹാപ്രളയമാണ് തിരുക്കുറൽ അതിന്റെ സ്രഷ്ടാവിന് മുകളിലേക്ക് മറ്റൊരുപ്രളയത്തിനും ചെന്നെത്താൻ ആകില്ല എന്ന സത്യം ഓരോ തമിഴനും അറിയാം. തിരുക്കുറൽ എന്നത് നാടകത്തിനിടാൻ പറ്റിയ പേരാണെന്നുപറയുമ്പോൾ ആരംഭിക്കുന്നുണ്ട് ഒരു കടൽ മുഴക്കം.ജെയിംസിന്റെ ജീവിതനാടകം. പാറയിലെഴുതിയ വള്ളുവരുടെ കുറലിൽ ജലമടിച്ചുയരുന്നു. അതായിരിക്കും ഒരു തുടക്കം അവിടം മുതൽ പതിയെ സുന്ദരം ജെയിംസിൽ സന്നിവേശിക്കാൻ ആരംഭിച്ചിരുന്നിരിക്കാം. കാക്കയുടെ കരച്ചിൽ കേൾക്കാം.  തമിഴ് ഭക്ഷണത്തിൽ, തമിഴ് പാട്ടിൽ, തമിഴരുടെ രീതിയിൽ, തമിഴ് ഭാഷയിൽ, തമിഴ് സംസ്കാരത്തിൽ അത്യധികം അസ്വസ്ഥനായ കേവല മൂവാറ്റുപുഴക്കാരൻ ഉറങ്ങുമ്പോൾ പരിപൂർണമായും ഒരു തമിഴ് സുന്ദരമായി മാറുന്നു. തമിഴ് ആത്മാവിലേക്ക്‌ സന്നിവേശിക്കപ്പെടുന്നു. തമിഴ് ഒരു മെഴുകായി മെഴുക്കമായി ജെയിംസിനെ തന്നൊഴുക്കിലേക്ക്‌, ഇഴുക്കി വെയ്ക്കുന്നു.  അയാൾ തന്റെ ഗ്രാമത്തിലേക്ക് ഇറങ്ങി നടക്കുന്നു. തന്റെ മണ്ണും പെണ്ണും തിണ്ണയും കന്നാലികളും അയാൾ തിരിച്ചുപിടിക്കുന്നു. ലോകം മുഴുവൻ അയാൾ കേട്ട ശബ്ദമാണ്. ഗ്രാമം മുഴുവൻ അയാൾ കൊണ്ട വെയിലാണ്. പാടം മുഴുവൻ അയാളുഴന്ന മണ്ണാണ്. അകത്ത് കട്ടിലിലാകട്ടെ അയാളുടെ പെണ്ണ് പൂങ്കുഴലിയും. അയാളുടെ പ്രവർത്തിയിൽ അയാൾക്കുതന്നെ നേരിയ അമ്പരപ്പുണ്ട്. ഇന്നലെ വരാത്ത കോയിൽ എങ്കെ നിന്നു വന്നു? എങ്ങനെ നൻപനായ ബാർബർ മരണപ്പെട്ടു? എന്തുകൊണ്ട് തന്റെ പാൽ ആരും വാങ്ങുന്നില്ല. എങ്ങനെയെന്റെ തോട്ടത്തില്‌ അന്യനായ ഒരാൾ കയറി? വീട്ടിലെന്താണ്‌ ഒന്നുമില്ലാത്തത്? എന്തിനാണ് തനിക്കിഷ്ടമില്ലാത്ത ചട്ണി പാത്രത്തിൽ ഒഴിച്ചത്? ആകുലതകളുടെ കൂമ്പാരമാകുന്നുണ്ട് പുതുസുന്ദരം... എന്നാൽ അയാൾക്ക്  താനാരാണെന്നതിൽ ഒരു സംശയവുമില്ല. “നാൻ ഇന്ത ഊരുക്കാരനല്ലേ അണ്ണേ” എന്ന് അയാൾ സംശയം പറയുന്നു. വാശി പൂഴുന്നു. കേഴുന്നു. ഉഴുന്ന മണ്ണിൽ പൊടിപാറാമൽ മലർന്ന് കിടന്ന് അശരണനായി പറഞ്ഞുകൊണ്ടേയിരിക്കുന്നു. കേഴലോടും കണ്ണീരോടും അയാൾ വെറും മണ്ണിൽ പടുക്കുന്നു. ഇതെന്റെ ഭൂമിയാണ് ഇതെന്റെ മണ്ണാണ്. ഇതെന്റെ പെണ്ണാണ്, എന്ന് ആവർത്തിച്ചാവർത്തിച്ച് പറയേണ്ടി വരുന്നതിന്റെ നിസ്സഹായത അയാളെ കരയിക്കുന്നുണ്ട്.  കേഴലോടും കണ്ണീരോടും അയാൾ വെറും മണ്ണിൽ പടുക്കുന്നു. ഇതെന്റെ ഭൂമിയാണ് ഇതെന്റെ മണ്ണാണ്. ഇതെന്റെ പെണ്ണാണ്, എന്ന് ആവർത്തിച്ചാവർത്തിച്ച് പറയേണ്ടി വരുന്നതിന്റെ നിസ്സഹായത അയാളെ കരയിക്കുന്നുണ്ട്. അയാളിൽ പലപ്പോഴും പുറമെനിന്നും കയറി വരുന്ന വലിയ വെളുത്ത പരിഷ്കാരികളുടെ പ്രവർത്തിയാൽ മണ്ണുവിട്ടും പെണ്ണു വിട്ടും ഓടിപ്പോയ പല തമിഴ് പുരുഷന്മാരുടെ വേപഥുവുണ്ട്. വേവുണ്ട്.  ആന്തരികമായ കണ്ണുകൊണ്ട് പാട്ടിയും ആത്മീയമായ കണ്ണുകൊണ്ട് പൂങ്കുഴലിയും ഹൃദയത്തിലെ കണ്ണുകൊണ്ട് അച്ഛനും ഗന്ധത്താൽ നായും സ്പർശത്താൽ പശുവും ജെയിംസ് എന്ന സുന്ദരത്തെ സ്വീകരിക്കുന്നുണ്ട്. മകൻ ഭർത്താവ് അച്ഛൻ മരിച്ചില്ലെന്ന ഒരാശ്വാസം സ്റ്റീൽ കിണ്ണം തറയിൽ വീഴുന്ന ശബ്ദം വരെയുമേയുള്ളു. തമിഴ് പ്രതിസന്ധിയിൽപ്പെട്ടുഴന്ന അഞ്ചുവയസ്സുകാരിക്ക്‌, “ഇതെനിക്ക് സൊന്തായി അറിയുന്നതാണ്. ഇതെന്റെ സൊന്താ തമിഴാ”ണെന്ന് പറഞ്ഞു ആശാരിമാമയുടെ ചാണം മെഴുകിയ മുറ്റത്തുരുളേണ്ടി വന്ന ഗതികേടിന്റെയും ആത്മസംഘർഷത്തിന്റെയും മങ്ങിയ ഓർമയുടെ തെളിഞ്ഞു കത്തലാണത്.  അപൂർണമാണ് നൻപകലിന്റെ കഥ. ഒരു കാറിൽവച്ച് അപരിചിതനായ ഒരു പുരുഷൻ അയാളുടേതല്ലാത്ത ഒരു സ്ത്രീക്ക്‌, വിറപൂണ്ടു കൊണ്ട് ചുണ്ടിൽ ഒരു അരച്ചുംബനം നൽകി, “മുല്ല പൂക്കും പോലെയല്ലെ പ്രേമം അത്‌ ഞാൻ നിന്നോട് പറയേണ്ടതുണ്ടോ?” എന്ന ഒരു നിസ്സഹായത പങ്കിട്ടപോലെ പരിപൂർണമായ ഒരപൂർണത. ലോകം മുഴുവനും നിശ്ചലമാകുമ്പോൾ സകല മൃഗങ്ങളും പ്രകൃതിയും ഉറക്കമാകുമ്പോൾ ജെയിംസ് തന്റെ മയക്കത്തിൽനിന്നും പതിയെ എഴുന്നേൽക്കുന്നു. അയാളൊരിക്കലും പൂങ്കുഴലിയെ ചുംബിക്കുന്നില്ല. പൂങ്കുഴലിയെ ഒടുവിലെങ്കിലും പ്രേമമാർന്ന്‌ നോക്കുമെന്ന പ്രതീക്ഷപോലും ഇല്ല.  മാജിക്കൽ റിയലിസം എന്ന സങ്കേതത്തിന്റെ മലയാള അപ്പോസ്തലനായ മെൽക്വിഡിയാസ് ജിപ്‌സി, ലിജോ ജോസ് ആമേനിലും ഈ മ ഔവ്വിലും ചുരുളിയിലും നിഗൂഢതയുടെ അഴിയാ രഹസ്യച്ചുരുൾ വള്ളിയിൽ ഐസ് കാണിച്ചും കാന്തം കാണിച്ചും  നീലച്ചുമരുകളും തുറക്കാ വാതിലുകളും വീട്ടുക്കുൾ കണ്ട നീലച്ചതുരാകാശ കഷണവും  സർപ്പപ്പത്തിയോടുകളും കാട്ടി ഭ്രമിപ്പിക്കുന്നു. ഗീതാഞ്ജലിയെപ്പോലെ പൂർണമാകുന്നില്ല സുന്ദരത്തിന്റെ ലക്ഷ്യം. എന്നെപ്പോലെ എന്റെ പ്രതിസന്ധിപോലെ, ഓരോ സ്ലീപ് അപ്നിയാ മയക്കത്തിൽനിന്നും അന്തിച്ച് എഴുന്നേൽക്കുന്ന എന്റെ ഹൃദയമിടിപ്പുപോലെ ഭയങ്കരവും ഭ്രമാത്മകവും എന്നാൽ കണ്ണീർ ചുറയ്ക്കുന്നതുമായ ഒരപൂർണത ലിജോ നമ്മളോരോരുത്തർക്കും നിസ്സാരമായി നീട്ടുന്നു. തിരുട്ടു ഗ്രാമമോ എന്ന്‌ ഭയക്കുന്നിടം താരാട്ടുഗ്രാമമെന്ന്‌ കുരുടിപാട്ടിയുടെ ചുള്ളിവിരലുകൾ ഫ്രെയിമിൽനിന്നും പുറത്തേക്കുനീണ്ട് നമ്മുടെ മുടി കോതുന്നു... മമ്മൂട്ടിയെന്ന നടനെക്കുറിച്ച് ഞാനിനി ഒന്നും എഴുതുകയില്ല. വിവേകിയായ ഞാൻ അയാൾ തറയിൽ കിടന്നപ്പോൾ  എന്തിനാണ് പൊട്ടിക്കരഞ്ഞത് എന്ന് പകച്ച മകൻ തന്നെ “ഓഹ് മമ്മൂട്ടി കെടന്നോണ്ടായിരിയ്ക്കു”മെന്ന്‌ പറയുന്നു. മലയാളത്തിനും തമിഴിനും ദേശങ്ങൾക്കും ഭാഷകൾക്കും കാലങ്ങൾക്കും ഭേദം സംഭവിക്കുമ്പോഴും മമ്മൂട്ടിക്കൊന്നും സംഭവിക്കുന്നില്ല. അദ്ദേഹംതന്നെ മലയാളമോ തമിഴോ ആയി രൂപാന്തരപ്പെടുകയാണ്. മലയാളത്തിനും തമിഴിനും ദേശങ്ങൾക്കും ഭാഷകൾക്കും കാലങ്ങൾക്കും ഭേദം സംഭവിക്കുമ്പോഴും മമ്മൂട്ടിക്കൊന്നും സംഭവിക്കുന്നില്ല. അദ്ദേഹംതന്നെ മലയാളമോ തമിഴോ ആയി രൂപാന്തരപ്പെടുകയാണ്.  ഒരു ലൂനയുടെ ശബ്ദം കേൾപ്പിച്ച് മഹാനടൻ, ജോസ് ആർക്കേഡിയോ ബുവേൻഡിയയെപ്പോലെ ഉർസുലയായ സാലിയെ ചേർത്തുപിടിക്കുന്നുണ്ട്. സാലിയെ കാൺകെ കാൺകെ പരിഭവം പൂണ്ടു. ഞാൻ അഭിനയിക്കേണ്ടിയിരുന്ന സിനിമയെന്ന് മകനോട്‌, മുരളിയേട്ടനോട് വീണ്ടും വീണ്ടും പരിഭവം പൂണ്ടു. “അല്ല ജെയിംസിനെന്താ പറ്റിയേ?”  മകന്റെ ചോദ്യം ഞാനും വെറുതെ ആവർത്തിച്ചു. ജെയിംസിന് ഉള്ളിൽ സംഭവിച്ചിരിക്കുക എന്തെന്ന് തമിഴ് പറയുന്ന ഒരു അഞ്ചുവയസ്സുകാരി എന്നോട് പൊട്ടിച്ചിരിയോടെ പറഞ്ഞുതന്നു. അപസ്മാരം ഇളകുന്നതിനുമുമ്പ് പ്രകാശത്തിന്റെ ഒരു വലിയ കുഴിക്കുള്ളിലേക്ക് കൊണ്ടുപോകുന്നതിനുമുമ്പ്, വായിൽ തമിഴ് പേച്ചുകൾ വരുന്നു.  ജെയിംസിന് ഉള്ളിൽ സംഭവിച്ചിരിക്കുക എന്തെന്ന് തമിഴ് പറയുന്ന ഒരു അഞ്ചുവയസ്സുകാരി എന്നോട് പൊട്ടിച്ചിരിയോടെ പറഞ്ഞുതന്നു. അപസ്മാരം ഇളകുന്നതിനുമുമ്പ് പ്രകാശത്തിന്റെ ഒരു വലിയ കുഴിക്കുള്ളിലേക്ക് കൊണ്ടുപോകുന്നതിനുമുമ്പ്, വായിൽ തമിഴ് പേച്ചുകൾ വരുന്നു. കുട്ടി വരുന്നു, പഴയ കല്ലറകൾ.പിന്നെ മരിച്ചുപോയവരുടെ പഴയ കല്ലറകൾക്കിടയിലൂടെ ഉള്ള ആ നടത്തം പഴകിയ കല്ലറകൾ, കുരിശുകൾ, ഈഴചെമ്പകങ്ങൾ അസംഖ്യം വീണുകിടക്കുന്ന വഴിയോരങ്ങൾ ഡാകിനി കൂനിയായ മൈലാഞ്ചിച്ചെടി. അവയിൽ ഉറങ്ങുന്ന വെള്ളിയണലിക്കുട്ടികൾ. ഞാൻ മയക്കത്തിൽനിന്നും കണ്ണു തുറക്കുന്നു. കത്തിരി വെയിൽ സൂര്യനുച്ചിയിൽ തിളകൊള്ളുന്നു. ഉടലിൽ പറ്റിപ്പിടിച്ച മണ്ണും പൊടിയും തട്ടിക്കളയുന്ന അപസ്മാര നിമിഷങ്ങളുടെ വിറ. കിറിയിൽ പതഞ്ഞ ഉമിനീര് തുടച്ചുകളയുന്നു. യൂണിഫോമിന്റെ ബെൽറ്റ് നേരെയാക്കുന്നു. എനിക്കൊന്നും സംഭവിച്ചിട്ടില്ല എന്നതുപോലെ  സാധാരണമായി “പോവാം” എന്ന് അമ്മയോട് പറയുന്നു. അമ്മയെന്നെ അമർത്തിപ്പിടിച്ചു കരയുന്നു.  ഉറക്കെയുള്ള ഉള്ളുലഞ്ഞ ഒരു പൊട്ടിക്കരച്ചിൽ ആത്മാവിനെ ഞാൻ അമർത്തി കെട്ടിപ്പിടിക്കുന്നു... എല്ലാ മയക്കങ്ങളും പ്രണയങ്ങളും അവസാനിച്ചിരിക്കുന്നു. പൂങ്കുഴലി വീണ്ടും ഉപേക്ഷിക്കപ്പെടുന്നു. പ്രേമമുല്ല പൂത്ത മണം മായുന്നു... പൂങ്കുഴലിയുടെ കണ്ണുചോരുന്നു... ഇനി മടക്കം. നൻപകൽ നേരത്ത് മയക്കം... (ദേശാഭിമാനി വാരികയിൽ നിന്ന്)     Read on deshabhimani.com

Related News