വലിയ മനുഷ്യരുടെ ചെറിയ ജീവിതവുമായി 'ഇളയരാജ'



തളർന്ന്‌ പോകുമായിരുന്ന സാഹചര്യങ്ങൾ സിപിംളായി അതിജീവിക്കുന്ന മനുഷ്യരുണ്ട്‌. പലയിടത്തുനിന്നും അവഗണനകൾ നേരിട്ട്‌ ശക്തരായി പിടിച്ചുനിൽക്കുന്നവർ. അവരാണ്‌ യഥാർഥ നായകർ. പാർശ്വവത്‌ക്കരിക്കപ്പെടുന്നവർക്ക്‌ മുന്നോട്ടുപോകാൻ പ്രചോദനം നൽകുകയാണ്‌ "ഇളയരാജ'. മേൽവിലാസം, അപ്പോത്തിക്കരി എന്നീ സിനിമകൾക്ക്‌ ശേഷം മാധവ്‌ രാംദാസ്‌ സംവിധാനം ചെയ്‌ത സിനിമയാണ്‌ "ഇളയരാജ'. മുൻ ചിത്രങ്ങളിൽനിന്ന്‌ വ്യത്യസ്‌തമായി ഒരു കുടുംബത്തിന്റെ കഥപറയുകയാണ്‌ മാധവ്‌ രാംദാസ്‌ എന്ന സംവിധായകൻ. ഗിന്നസ്‌ പക്രു, ഹരിശ്രീ അശോകൻ, അരുൺ തുടങ്ങിയവരാണ്‌ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. ജീവിതം കൈവിട്ട്‌ പോകുന്നുവെന്ന്‌ തോന്നുന്നിടത്തുനിന്ന്‌ വനജനും (പക്രു) കുടുംബവും തിരിച്ചുവരുന്നതാണ്‌ ചിത്രത്തിന്റെ കഥ. എത്ര അവഗണിക്കപ്പെട്ട മനുഷ്യനും ഏതൊരാൾക്കും ശോഭിക്കാൻ കഴിയുന്ന ഒരു കാര്യമെങ്കിലും ഉണ്ടാകുമെന്ന സന്ദേശവും മാധവ്‌ രാംദാസ്‌ സിനിമയിലൂടെ നൽകുന്നുണ്ട്‌. തൃശ്ശൂർ റൗണ്ടിൽ കപ്പലണ്ടിയും കളിപ്പാട്ടങ്ങളും വിറ്റ്‌ ജീവിക്കുന്ന വനജനും ഭാര്യ പങ്കുവും മക്കളായ സുബ്രുവും അമ്പുവും അച്ഛൻ ഗണപതിയും അടങ്ങുന്ന കുടുംബത്തിലൂടെയാണ്‌ ഇളയരാജ കഥ പറയുന്നത്‌. അരികുവൽക്കരിക്കപ്പെടുന്നവരുടെ ജീവിതം കൃത്യമായി പകർത്താൻ സംവിധായകന്‌ സാധിച്ചിട്ടുണ്ട്‌. വനജനായി ഗിന്നസ്‌ പക്രുവും അച്ഛൻ ഗണപതിയായി ഹരിശ്രീ അശോകനും ഇതുവരെ കാണാത്ത മേക്കോവറിലാണ്‌ പ്രത്യക്ഷപ്പെടുന്നത്‌. പൊക്കക്കുറവും സാമ്പത്തിക പരാധീനതകളും പരിമിതികളായി കണാതെ വിശാലമായ ലോകത്തേക്ക്‌ ഇറങ്ങിച്ചെന്നാൽ മറ്റൊരു ലോകം കാത്തിരിക്കുന്നുണ്ട്‌ എന്ന സന്ദേശവും സിനിമയ്‌ക്കുണ്ട്‌.   സമയം കളയാൻ വേണ്ടി ചെസ്‌ കളിച്ചിരുന്ന സുബ്രുവും, അച്ഛൻ മരുന്നുകളുടെ അർത്ഥം നോക്കാൻ വാങ്ങിയിരുന്ന ഡിക്ഷ്‌ണറിയിൽ നോക്കി എത്ര വലിയ വാക്കിന്റെ സ്‌പെല്ലിങ്ങും തെറ്റാതെ പറയാൻ അറിയുന്ന അമ്പിളിയുമെല്ലാം ഒരുപാട്‌ പേർക്ക്‌ ഇൻസ്‌പിരേഷൻ ആണെന്നതിൽ തർക്കമില്ല. ഇരുവരും പഠനം അടക്കമുള്ള മേഖലകളിൽ അത്ര ശോഭിക്കുന്നവരുമല്ല. കുടുംബ പ്രേക്ഷകർക്കും കുട്ടികൾക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന സംഭവങ്ങളാണ്‌ ഇളയരാജയിലുള്ളത്‌. നടൻ ജയസൂര്യ പാടിയ ടെറ്റിൽ സോങ്ങും ഗോകുൽ സുരേഷ്‌ ഗോപിയുടെ അതിഥി വേഷവുമെല്ലാം പ്രത്യേകതയാണ്‌. ഗിന്നസ്‌ പക്രുവിനും ഹരിശ്രീ അശോകനും പുറമേ ദീപക്‌ പറമ്പേൽ, സിജി എസ്‌ നായർ, ആർദ്ര, ആദിത്യൻ, ആൽഫി പഞ്ഞിക്കാരൻ, അനിൽ നെടുമങ്ങാട്‌, അരുൺ, ജയരാജ്‌ വാര്യർ, രോഹിത്‌, കവിതാ നായർ, ബിനീഷ്‌ ബാബു, തമ്പി ആന്റണി, ഭുവന, സിദ്ധാർത്ഥ്‌ രാജൻ തുടങ്ങിയവരാണ്‌ മറ്റ്‌ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്‌. മാധവ്‌ രാംദാസിന്റെ കഥയ്‌ക്ക്‌ സുദീപ്‌ ടി ജോർജ്ജാണ്‌ തിരക്കഥ ഒരുക്കിയിരിക്കുന്നത്‌. Read on deshabhimani.com

Related News