വിളക്കേന്തിയ മാലാഖ’യാണ്‌ ആരോഗ്യമന്ത്രി കെ കെ ശൈലജ : പ്രിയദർശൻ



കേരളത്തിന്റെ ‘വിളക്കേന്തിയ മാലാഖ’യാണ്‌ ആരോഗ്യമന്ത്രി കെ കെ ശൈലജയെന്ന്‌ സംവിധായകൻ പ്രിയദർശൻ. കേരളത്തിന്റെ ഫ്ലോറൻസ് നൈറ്റിങ്‌ഗേൽ എന്നാണ് മന്ത്രിയെ പ്രിയദർശൻ വിശേഷിപ്പിച്ചത്. ജനങ്ങളെ കോവിഡ് പകർച്ചവ്യാധിയിൽനിന്ന്‌ പ്രതിരോധിക്കാൻ കേരള സർക്കാർ സ്വീകരിച്ച നടപടികൾ നിരവധി പേർക്ക് പ്രചോദനമാണെന്ന് പ്രിയദർശൻ ഫെയ്‌സ്‌ബുക്കിൽ കുറിച്ചു. ആതുരശുശ്രൂഷാരംഗത്ത്‌ ലോകത്തിനു മാതൃകയാകുകയും മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക്‌ തുടക്കം കുറിക്കുകയും ചെയ്‌ത നേഴ്സാണ് ഫ്ലോറൻസ് നൈറ്റിങ്‌ഗേൽ എന്ന ‘വിളക്കേന്തിയ മാലാഖ’. പ്രിയദർശന്റെ വാക്കുകൾ- "കേരളത്തിന്റെ ഫ്ലോറൻസ് നൈറ്റിങ്‌ഗേൽ ശ്രീമതി കെ കെ ശൈലജ ടീച്ചർ! നിരവധിപേർക്ക് പ്രചോദനമാണ് താങ്കൾ. ജനങ്ങളെ രക്ഷിക്കാനുള്ള താങ്കളുടെ പരിശ്രമങ്ങൾ പ്രശംസാവഹമാണ്!’. കുറിപ്പിനൊപ്പം ആരോഗ്യമന്ത്രിയുടെ ചിത്രവും പ്രിയദർശൻ പങ്കുവച്ചു. പോസ്റ്റിനു കീഴിൽ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ ആരോഗ്യവകുപ്പും പൊലീസും മറ്റു വകുപ്പുകളും നടത്തുന്ന സേവനങ്ങളെ അഭിനന്ദിച്ച്‌ ഒട്ടേറെ പേർ അഭിപ്രായം രേഖപ്പെടുത്തി. കോവിഡിനെതിരായ കേരളത്തിന്റെ ചെറുത്തുനിൽപ്പ്‌ മറ്റ്‌ ലോകരാജ്യങ്ങൾക്ക്‌ മാതൃകയാണെന്നും പലരും അഭിപ്രായപ്പെട്ടു. Read on deshabhimani.com

Related News