വണ്ടർ വുമൺ വനജയും സൂപ്പർമാൻ സദാനന്ദനും വൈറൽ; ഹ്രസ്വ ചിത്രങ്ങൾ യൂട്യൂബിൽ കാണാം



കൊച്ചി > വണ്ടർ വുമൺ വനജ, സൂപ്പർമാൻ സദാനന്ദൻ... ഇത്തരം ഒമ്പത്‌ സാധാരണ കഥാപാത്രങ്ങളും ഒമ്പത്‌ അസാധാരണ സന്ദർഭങ്ങളും. എല്ലാത്തിനും ഒറ്റ വില്ലൻ മാത്രം–-കോവിഡ്‌... ഫെഫ്‌ക യൂട്യൂബിൽ പുറത്തിറക്കിയ ഹ്രസ്വചിത്രത്തിലെ ഈ കഥാപാത്രങ്ങൾ ഇതിനകം വൈറലായി. കോവിഡ്‌–-19 കാലത്ത്‌ നിത്യവേതനം മാത്രം ലഭിക്കുന്നവരെ ചേർത്തുനിർത്താമെന്ന ആശയമാണ്‌ മുത്തുമണി പ്രധാന കഥാപാത്രമാകുന്ന ‘വണ്ടർ വുമൺ വനജ’ നമ്മളോടു പറയുന്നത്‌. ചൊവ്വാഴ്‌ച യൂട്യൂബിൽ റിലീസായ ഹ്രസ്വചിത്രം അമ്പതിനായിരത്തിലധികം പേർ കണ്ടുകഴിഞ്ഞു. മരുമകളുടെ കല്യാണത്തിന്‌ വിദേശത്തുനിന്നെത്തി സ്വയം നിരീക്ഷണത്തിൽ കഴിയുന്ന അമ്മാവനാണ്‌ സൂപ്പർമാൻ സദാനന്ദൻ. ജോണി ആന്റണി അഭിനയിച്ച ഈ ഹ്രസ്വചിത്രവും ആയിരക്കണക്കിനു പേർ കണ്ടുകഴിഞ്ഞു. സൂപ്പർ മാർക്കറ്റിൽ പോയി വൻ ഷോപ്പിങ് നടത്താതെ മറ്റുള്ളവർക്കുകൂടി കരുതിവയ്‌ക്കണമെന്ന സന്ദേശം നൽകുന്ന വണ്ടർ വുമൺ വിദ്യയും യൂട്യൂബ്‌ ചാനലിൽ ലഭ്യമാണ്‌. അന്ന രാജനാണ്‌ വിദ്യ.  മഞ്ജുവാര്യർ, ജയസൂര്യ  കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ്, വിഷ്ണു ഉണ്ണിക്കൃഷ്ണൻ, രജീഷ വിജയൻ, കുഞ്ചൻ, സോഹൻ സീനുലാൽ, സിദ്ധാർഥ ശിവ തുടങ്ങിയവരും പങ്കാളികളാകുന്നു. ഇന്ത്യൻ ആഡ് ഫിലിം മേക്കേഴ്‌സ് അസോസിയേഷനുമായി ചേർന്നാണ് ഫെഫ്ക ഈ ചിത്രങ്ങൾ കുറഞ്ഞ സമയത്തിനുള്ളിൽ ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങൾ പാലിച്ച് പൂർത്തിയാക്കിയത്‌. ചലച്ചിത്ര സാങ്കേതിക പ്രവർത്തകരും താരങ്ങളും സംരംഭവുമായി സൗജന്യമായാണ് സഹകരിച്ചത്. ഒരു മിനിറ്റ് മാത്രം ദൈർഘ്യമുള്ള ചിത്രങ്ങൾ പകൽ 11നും വൈകിട്ട്‌ അഞ്ചിനുമായി ഫെഫ്കയുടെ യൂട്യൂബ് ചാനലിലൂടെ പ്രകാശനം ചെയ്യും. വണ്ടർ വുമൺ സാറ, സൂപ്പർ ഹീറോ സുനി, സൂപ്പർമാൻ ഷാജി, സൂപ്പർമാൻ സുബൈർ, സൂപ്പർ ഹീറോ അന്തോണി, അൺ നോൺ ഹീറോസ് എന്നീ ഹ്രസ്വചിത്രങ്ങളാണ്‌ ഇനി പുറത്തിറങ്ങാനുള്ളത്‌. ഹ്രസ്വചിത്രങ്ങൾ ഈ ലിങ്കിൽ കാണാം: Read on deshabhimani.com

Related News