സിനിമക്കാഴ്‌ചയുടെ കമ്പക്കെട്ടൊരുക്കി ഷേണായീസ്‌ ; ആദ്യപ്രദർശനം ഇന്ന്



കൊച്ചി> നവീന സാങ്കേതികതയിലൂടെ ഏറ്റവും മികച്ച കാഴ്‌ചാനുഭവമൊരുക്കി ഷേണായീസ്‌ തിയറ്റർ തിരിച്ചുവരുന്നു.നാലുവർഷത്തോളമായി നവീകരണജോലികൾക്കായി അടച്ചിട്ടിരുന്ന ഷേണായീസ്‌ തിയറ്റർ അഞ്ച്‌ സ്‌ക്രീനുകളിൽ ഇനി പുതുതലമുറ സിനിമാനുഭവം ഒരുക്കും. വെള്ളിയാഴ്‌ച പകൽ 12. 05നാണ്‌ പുതിയ സ്‌ക്രീനുകളിലെ ആദ്യപ്രദർശനം. കൊച്ചിയിൽ സിനിമ തിയറ്ററുകൾ പലതും സ്ഥാപിച്ച ഷേണായി കുടുംബത്തിൽനിന്ന്‌ അവസാനമെത്തിയ തിയറ്ററാണ്‌ ഷേണായീസ്‌. 80 അടി നീളവും 30 അടി വീതിയുമുള്ള വിസ്‌താരമ സ്‌ക്രീനോടുകൂടിയ ഷേണായീസ്‌ തിയറ്റർ 1969ലാണ്‌ തുറന്നത്‌. 1971ൽ ലിറ്റിൽ ഷേണായീസും. 1250 പേർക്ക്‌ ഒന്നിച്ചിരുന്ന്‌ സിനിമ കാണാമായിരുന്ന ഷേണായീസിന്റെ പുറംകാഴ്‌ചയിൽ ഇപ്പോഴും വ്യത്യാസമില്ല. അകത്ത്‌ ഒന്നിനുപകരം ഇപ്പോഴുള്ളത്‌ അഞ്ച്‌ സ്‌ക്രീനുകൾ. എല്ലാറ്റിലും സോണിയുടെ 4കെ മികവോടെയുള്ള പ്രൊജക്ഷനും ഡോൾബി അറ്റ്‌മോസ്‌ 7.1 ശബ്‌ദ സംവിധാനവും. അഞ്ചു സ്‌ക്രീനിലുംകൂടി ആകെയുള്ളത്‌ 754 ഇരിപ്പിടങ്ങൾ. ഒന്നാം സ്‌ക്രീനിൽ കൈയും കാലും നീട്ടിവച്ച്‌ സിനിമ കാണാവുന്ന 68 റിക്ലൈനർ ഇരിപ്പിടങ്ങൾ മാത്രം. രണ്ടാം സ്‌ക്രീനിൽ 200 കസേരകൾക്കുപുറമെ 34 സോഫാ സെറ്റികളാണുള്ളത്‌. മൂന്നാം സ്‌ക്രീനാണ്‌ ഏറ്റവും വലുത്‌. 243 കസേരകളും 24 സോഫയും. നാലാം സ്‌ക്രീനാണ്‌ ഏറ്റവും ചെറുത്‌. 71 കസേര മാത്രം. അഞ്ചിൽ 88 കസേരയും 26 സോഫയുമാണുള്ളത്‌.   കാഴ്‌ചസുഖം ഏറുന്നതുകൊണ്ടുകൂടി ടിക്കറ്റ്‌ നിരക്കുകളും പുതുത്‌. 220, 330, 440 എന്നീ മൂന്ന്‌ ക്ലാസുകളിലാണ്‌ നിരക്ക്‌. നാലു സിനിമകളാണ്‌ ഒന്നാംദിനംമുതൽ ഉണ്ടാകുക. സാജൻ ബേക്കറി, വെള്ളം, യുവം, ഓപ്പറേഷൻ ജാവ എന്നീ സിനിമകൾ. വിശാലമായ ലോഞ്ചുകളും രണ്ട്‌ കോഫി ഷോപ്പുകളും സൗകര്യപ്രദമായ വിശ്രമസൗകര്യങ്ങളും സിനിമാസ്വാദകരെ തൃപ്‌തിപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ്‌ ഷേണായീസ്‌ എംഡിയും തിയറ്റർ ഉടമാസംഘം ട്രഷററുമായ എ സുരേഷ്‌ ഷേണായി. Read on deshabhimani.com

Related News