ഓസ്‌കാർ നേട്ടത്തിന്റെ അഭിമാനത്തിൽ കോഴിക്കോടിന്റെ ആനപ്രേമി

ശ്രീധർ വിജയകൃഷ്‌ണൻ


കോഴിക്കോട്‌> ഓസ്‌കാർ നേടിയ ‘എലിഫന്റ്‌ വിസ്‍പറേഴ്‌സ്’ ഡോക്യുമെന്ററിയിലെ കോഴിക്കോടൻ സാന്നിധ്യമായി ഡോ. ശ്രീധർ വിജയകൃഷ്‌‌ണൻ. ആനകളെക്കുറിച്ച്‌ നടത്തിയ ഗവേഷണമാണ്‌ ഇദ്ദേഹത്തെ ഡോക്യുമെന്ററിയുടെ ഭാഗമാക്കിയത്‌. ബംഗളൂരുവിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിന് കീഴിൽ ആനകളിലാണ് ശ്രീധർ പിഎച്ച്ഡി ചെയ്തത്. ഇപ്പോൾ ആനകളിൽ സ്വതന്ത്രമായി ഗവേഷണം ചെയ്യുന്നു. ഡോക്യുമെന്ററിയുടെ സയിന്റിഫിക്‌ അഡ്വൈസറായിരുന്നു. നീലഗിരി കാടുകളിലെ ജനവിഭാഗം, ആനകളുടെ പുനരുജ്ജീവനവുമായി ബന്ധപ്പെട്ട് ചെയ്യുന്ന കാര്യങ്ങളെ രേഖപ്പെടുത്തിയ ഡോക്യുമെന്ററിയാണ് എലിഫന്റ്‌ വിസ്‍പറേഴ്‍സ്.  2017ൽ ഡോക്യുമെന്ററിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചു. 2018 ലാണ്‌ ശ്രീധർ ഡോക്യുമെന്ററിയുടെ ഭാഗമായത്‌. കോവിഡിനെ തുടർന്ന് 2020ലാണ് ബാക്കിഭാഗങ്ങൾ ഷൂട്ട് ചെയ്തത്. ഷൂട്ടിങ്ങിനെടുത്ത അത്രതന്നെ സമയം എഡിറ്റിങ്ങിനും മറ്റ് ജോലികൾക്കുമായി വേണ്ടിവന്നു.  2022 ഡിസംബറിൽ  ചിത്രം പുറത്തിറങ്ങി.   കോഴിക്കോട്‌ തളിയിൽ വിജയകൃഷ്‌ണൻ, ജയന്തി ദമ്പതികളുടെ മകനാണ്‌. അച്ഛന്റെ മരണശേഷം തൃശൂരിലാണ്‌ താമസം. ഹിൽടോപ്പിൽ നിന്ന്‌ എസ്‌എസ്‌എൽസി വിജിയിച്ചശേഷം കോയമ്പത്തൂരിൽ നിന്ന്‌ ബിഎസ്‌സി ഫോറസ്‌ട്രിയും വൈൽഡ്‌ ലൈഫ്‌ ബയോളജിയിൽ എംഎസ്‌സിയും പൂർത്തിയാക്കി. അനിമൽ ബിഹേവിയറിൽ പിഎച്ച്‌ഡി നേടി. ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട ശാസ്‌ത്രീയമായ വശങ്ങൾ പരിശോധിച്ച്‌ ഉറപ്പുവരുത്തുകയായിരുന്നു ജോലി.  രാമനാട്ടുകര സ്വദേശി ഹൃദ്യയാണ്‌ ഭാര്യ. ഹരിയാന നാഷണൽ ഡയറി ഇൻസ്‌റ്റിറ്റ്യൂട്ടിൽ ഗവേഷകയാണ്‌. Read on deshabhimani.com

Related News