സൽമാൻ ഖാനാണ് സ്റ്റാർ ; 25000 പേർക്ക് സഹായം



സിനിമാ മേഖലയിൽ തുച്ഛവേതനം കൈപ്പറ്റുന്ന ഡ്രൈവർമാർമുതൽ ലൈറ്റ് ബോയിവരെയുള്ളവരുടെ ജീവിതവും കടുത്ത പ്രതിസന്ധിയിലാണിപ്പോൾ. ചിത്രീകരണവും റിലീസിങ്ങും മറ്റും മുടങ്ങിയതിനാൽ ബോളിവുഡിൽമാത്രം 500 കോടിയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ഇതിനിടയിൽ ആശ്വാസത്തിന്റെ വാർത്തയും വരുന്നുണ്ട്. ദിവസവേതനക്കാർക്ക് സഹായധനം പ്രഖ്യാപിച്ചത് മറ്റാരുമല്ല; മസിൽഖാൻ. രാജ്യം ലോക്ക്‌ഡൗൺ ചെയ്തതോടെ പ്രതിസന്ധിയിലായ അഞ്ച് ലക്ഷംതൊഴിലാളികളിൽ  25000 പേർക്കാണ്   സൽമാൻസഹായം പ്രഖ്യാപിച്ചത്. ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസ് യൂണിയൻ പ്രസിഡന്റ്‌ ബി എൻ തിവാരിയാണ് ഇക്കാര്യം വാർത്താ ഏജൻസിയോട് വ്യക്തമാക്കിയത്. മൂന്നുദിവസംമുമ്പ് സൽമാന്റെ ബീയിങ് ഹ്യൂമൻ ഫൗണ്ടേഷൻ വിളിച്ചിരുന്നതായും സഹായം നൽകാമെന്നും പറഞ്ഞതായി തിവാരി വ്യക്തമാക്കി.   തൊഴിലാളികളുടെ അക്കൗണ്ട് വിവരങ്ങളാണ് ചോദിച്ചത്. നേരിട്ട് പണം എത്തിക്കുകയാണ് അവർ ചെയ്യുന്നതെന്നും തിവാരി പറഞ്ഞു. മകൻ സൽമാൻ ഖാനും കുടുംബവും നടത്തുന്ന സാമൂഹ്യ പ്രവർത്തനങ്ങളെക്കുറിച്ച് പിതാവ് സലിം ഖാനും ദേശീയ ദിനപത്രത്തിന് നൽകിയ ഇന്റർവ്യൂവിൽ പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചയായി ബിൽഡിങ്‌ സെക്യൂരിറ്റികൾക്കും സൽമാന്റെ സെക്യൂരിറ്റി ഗാർഡുകൾക്കും ഭക്ഷണം വീട്ടിൽ നിന്നാണ് കൊടുക്കുന്നത്. സൽമാന്റെ സഹോദരൻ അർബാസ് ഖാൻ തൊഴിലാളികളോടെല്ലാം വീട്ടിലിരിക്കാൻ പറഞ്ഞു. പണം അവർക്ക് നേരിട്ടെത്തിച്ചു–-സലിം ഖാൻ പറഞ്ഞു. ബോളിവുഡിൽ മറ്റ് നിരവധി താരങ്ങളും സഹായവുമായി രംഗത്തുണ്ട്. കരൺ ജോഹർ, തപ്സി പന്നു, ആയുഷ്മാൻ ഖുറാന, കിയാര അദ്വാനി, രാകുൽ പ്രീത് സിങ്‌, സിദ്ധാർഥ്‌ മൽഹോത്ര, നിതേഷ് തിവാരി എന്നിവരുൾപ്പെടെയുള്ള ചലച്ചിത്ര പ്രവർത്തകരും അഭിനേതാക്കളും ദിവസവേതനക്കാരെ സഹായിക്കാനായി സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. Read on deshabhimani.com

Related News