ഖൽബുകളിലാണ് ആയിഷ



ഒരുപാട് സിനിമകൾ ചെയ്ത് തഴക്കമൊന്നും വേണ്ട ഹൃദയം നിറക്കുന്ന കാഴ്ചകൾ സമ്മാനിക്കാനെന്ന് ആമിർ പള്ളിക്കലിന്റെ  ആദ്യ സിനിമ ‘ആയിഷ’എത്ര ഭംഗിയായാണ് തെളിയിച്ചത്. അത്രയേറെ കണ്ണും കാതും മനസ്സും നിറയ്ക്കുന്നുണ്ട് ആയിഷ. മഞ്ജു വാര്യരുടെ രണ്ടാം വരവിലെ കഥാപാത്രങ്ങൾ, പുതിയ സംവിധായകൻ, കണ്ണില് കണ്ണില് എന്ന പാട്ട് ഇതൊക്കെ ഒരു സാധാരണ പ്രേക്ഷകനെ സംബന്ധിച്ച് വലിയ പ്രതീക്ഷകൾ നൽകില്ല. എന്നാൽ സിനിമ ഇറങ്ങിക്കഴിഞ്ഞപ്പോഴാണ് അത് നിലമ്പൂർ ആയിഷ എന്ന വിപ്ലവകാരിയായ, കമ്യുണിസ്റ്റായ സ്ത്രീ സ്വാതന്ത്ര്യ വാദിയുടെ കഥയാണെന്നറിഞ്ഞത്. സിനിമ കണ്ട്  ദിവസങ്ങളായിട്ടും ആ അനുഭൂതിയുണ്ടാക്കിയ ഊർജത്തിൽനിന്ന് ഇനിയും വിട്ടൊഴിയാൻ സാധിച്ചിട്ടില്ല. മഞ്ജു വാര്യരെ ഓർത്തുവയ്ക്കാൻ ഒരു നല്ല കഥാപാത്രം നിറവോടെ സഫലമാക്കിയതിന്, നിലമ്പൂർ ആയിഷയെ ഇതുപോലൊരു കാവ്യമാക്കി മാറ്റിയതിന് ആമിറിനോടും ആഷിഫ് കക്കോടിയോടും സക്കറിയയോടും നന്ദി.  മുസ്ലിം സമുദായത്തിൽ നിന്ന് മലയാള സിനിമയിലും നാടകങ്ങളിലും അഭിനയിച്ച ആദ്യ വനിതയായിരുന്നു നിലമ്പൂർ ആയിഷ. രണ്ടായിരാമാണ്ടിലും പെണ്ണിന്റെ ഉയരുന്ന ശബ്ദത്തിൽ അവകാശങ്ങൾക്ക് വേണ്ടിയുള്ള മുറവിളി കാണാതെ  അഹങ്കാരമെന്ന് വിധിയെഴുതുന്നവർക്ക്, 1950 കളിൽ  സാമൂഹ്യ ഇടങ്ങൾ പെണ്ണിന് നിഷിദ്ധമായിരുന്ന കാലത്ത്  ഒരു പെണ്ണ് നാടകത്തിലേക്കും സിനിമയിലേക്കും കടന്നുവന്നത് എന്തുമാത്രം പൊള്ളുന്ന കനലുകളിൽ ചവിട്ടിയായിരിക്കുമെന്ന് ഊഹിക്കാൻ സാധിക്കുമോ. വർഷങ്ങൾക്കു മുമ്പുള്ള സ്ത്രീവിരുദ്ധതകൾ ഇന്നു നമുക്ക് കുറച്ചൊക്കെ മനസ്സിലാക്കാൻ സാധിക്കുന്നുണ്ടെങ്കിൽ ഇന്ന് നിലനിൽക്കുന്ന സ്ത്രീവിരുദ്ധത വർഷങ്ങൾ കഴിഞ്ഞു മനസ്സിലാക്കപ്പെടാൻ ഉള്ളതാകാം. ഇതെല്ലാം ഓർമിപ്പിക്കുന്നുണ്ട് ആയിഷ എന്ന സിനിമ. "ഈ ലോകത്ത് എവിടെയും പെണ്ണിന് മാത്രമായിട്ട് ഒരു തെറ്റില്ല’എന്ന  ഒരേയൊരു സംഭാഷണം കൊണ്ട് പലതിനും ഉത്തരം നൽകുന്നുണ്ട് ആയിഷയുടെ മാമ്മ. വയലൻസിൽ പോലും ആണധികാരം പുകയുന്ന സമൂഹത്തിൽ ആയിഷ കോരിയിടുന്നത് ഒരുപാട് ഉത്തരങ്ങളുടെ കനലുകളാണ്. നിലമ്പൂർ ആയിഷയുടെ  വിദേശവാസത്തിന്റെ കഥ കണ്ണു നനയിക്കുന്നു. സ്വന്തം ചോര ചീന്തിയിട്ട് സാംസ്കാരിക മുന്നേറ്റം ഉണ്ടാക്കി ഒരു വിഭാഗത്തിനൊന്നാകെ ഇരുളിൽനിന്ന് വെളിച്ചത്തിലേക്ക് വഴി കാട്ടുന്ന മനുഷ്യർ  ഇല്ലായിരുന്നെങ്കിൽ നമ്മളിന്നെന്താകുമായിരുന്നു എന്ന ഓർമപ്പെടുത്തൽ ആയിഷ ഉണ്ടാക്കുന്നുണ്ട്.  ആൺ മേൽക്കോയ്മയിൽ എല്ലാമെല്ലാം മുരടിച്ചു പോയ സ്ത്രീകൾക്ക് വെടിയുണ്ടകളെ വരെ അതിജീവിച്ച് നിലമ്പൂർ ആയിഷ പകർന്നുകൊടുത്ത ഊർജം  അധികമെവിടെയും ആഘോഷിച്ചു കണ്ടിട്ടില്ലാത്തതു കൂടിക്കൊണ്ടാകണം ഈ സിനിമ ഉജ്വലിക്കുന്ന അനുഭവമായത്. 1950കളിൽ നിലമ്പൂർ ആയിഷ ജീവിച്ചു കാണിച്ച ജീവിതം 2023 ലും പല സ്ത്രീകൾക്കും വെറും ആഗ്രഹങ്ങളായി നിലനിൽക്കുമ്പോൾ ഈ കാലഘട്ടത്തിൽ ഇങ്ങനെയൊരു സിനിമയുടെ പ്രസക്തി ഏറുകയാണ്.  ഒരു സ്ത്രീയുടെ വിവാഹ ജീവിതത്തിന്റെ അവസാനം വിപ്ലവ ജീവിതത്തിന്റെ ആരംഭമാകുന്നത് 1950കളിൽ കാണിച്ചുതന്ന ഒരു പെണ്ണിന്റെ ഉള്ളിലെ അഗ്നി  എന്തു മാത്രം പൊള്ളുന്നതാണെന്ന് ഇന്ന് ഓർമിപ്പിക്കപ്പെടേണ്ടത് അനിവാര്യമായിരുന്നു. അതാണ് ആയിഷയിലൂടെ സംഭവിച്ചത്. വർഷങ്ങൾ ഇത്രയേറെ കഴിഞ്ഞിട്ടും സ്ത്രീ ആയതുകൊണ്ട് മാത്രം  അരങ്ങത്തേക്കുള്ള വഴികളിൽ പുരുഷനില്ലാത്ത  ഒരുപാട് തടസ്സങ്ങൾ മാറാല പോലെ കിടക്കുന്നുണ്ട് എന്ന് ഓർമിപ്പിക്കാനും സിനിമയ്ക്ക് കഴിയുന്നുണ്ട്. രണ്ടുമണിക്കൂറോളം നായകനില്ലാതെ  നായികയ്ക്ക് പ്രേക്ഷകന്റെ ഹൃദയ വികാരങ്ങളെ കവർന്നെടുത്ത് മനസ്സുനിറച്ച് പിടിച്ചിരുത്താൻ കഴിയും. വേദനയും വേർപാടും ഒറ്റപ്പെടുത്തലുകളും മരണവും പ്രണയവും എല്ലാം വിഷ്ണു ശർമയുടെ ഛായാഗ്രഹണത്തിലൂടെയും അപ്പു എൻ ഭട്ടതിരിയുടെ എഡിറ്റിങ്ങിലൂടെയും എം ജയചന്ദ്രന്റെ സംഗീതത്തിലൂടെയും ഭംഗിയുള്ള നിറങ്ങളായും കാതിന് സുഖം നൽകുന്ന സംഗീതമായും നിറഞ്ഞു നിന്നത് തന്നെയാണ് ആയിഷയെ ഇത്രയും ഹൃദയഹാരിയാക്കിയത്.  രാഷ്ട്രീയവും സ്ത്രീപക്ഷവും മാനുഷിക മൂല്യങ്ങളും സ്നേഹബന്ധങ്ങളും പ്രണയവും എല്ലാം ഒരുമിച്ച് ചേരുന്നതിന്റെ മനോഹാരിത കൂടിയാണ് ആയിഷ എന്ന സിനിമ. Read on deshabhimani.com

Related News