അവാർഡ്‌ പ്രഖ്യാപിച്ചപ്പോൾ അശോകൻ പെയിന്റ്‌ പണിയിൽ; ഈ കൈകൾ ചമച്ചതാണ്‌ കെഞ്ചിരയുടെ ഉടയാട



അമ്പലപ്പുഴ > കോവിഡ്‌ പ്രതിസന്ധിയിൽ സിനിമയെ ഉപേക്ഷിച്ച്‌ പെയിന്റിങ് പണിയിലേക്ക്‌ ചേക്കേറിയ അശോകന്‌ വെള്ളിത്തിരയിലൂടെ തിരുമധുരം. ‌ രണ്ടരപ്പതിറ്റാണ്ടായി സിനിമയിൽ വസ്‌ത്രാലങ്കരരംഗത്ത് തുടർന്ന പുന്നപ്ര വടക്ക് പഞ്ചായത്ത് വട്ടക്കാട് വീട്ടിൽ അശോകന് ( 58) വൈകിയെത്തിയ അംഗീകാരമാണിത്‌.  മനോജ് കാന സംവിധാനം ചെയ്‌ത കെഞ്ചിര എന്ന ചലച്ചിത്രത്തിലെ വസ്‌ത്രാലങ്കാരത്തിനാണ് അശോകന് പുരസ്‌കാരം. കോവിഡ്‌ പ്രതിസന്ധിയിൽ സിനിമ പാടേ നിലച്ചതോടെയാണ്‌ അശോകൻ സുഹൃത്തുക്കൾക്കൊപ്പം പെയിന്റിങ് പണിക്കിറങ്ങിയത്‌.   പെയിന്റിങ് ജോലിക്കിടെ ഭാര്യ ഉഷയാണ് ഇവിടെയെത്തി അശോകനെ അവാർഡു വിവരം അറിയിച്ചത്. വീട്ടിൽ നിന്നിറങ്ങവെ ഫോണെടുക്കാൻ മറന്ന അശോകനെ സംവിധായകൻ മനോജ് കാനയാണ് അവാർഡ്‌ വിവരം അറിയിച്ചത്‌.  മികച്ച രണ്ടാമത്തെ ചിത്രത്തിനും മികച്ച ക്യാമറാമാനുമുൾപ്പടെ മൂന്ന് അവാർഡുകളാണ് കെഞ്ചിര നേടിയത്.   ആദിവാസി ജീവിതത്തിന്റെ പച്ചയായ ആവിഷ്‌കാരമാണ് കെഞ്ചിരയെന്ന് അശോകൻ പറഞ്ഞു. വയനാട്ടിലെ കുറുവ ദ്വീപിലായിരുന്നു 45 ദിവസം നീണ്ട ചിത്രീകരണം. ആഴ്‌ചകൾക്കു മുമ്പേ അവിടെയെത്തി ആദിവാസികളുടെ വസ്‌ത്രരീതികൾ അശോകൻ ഹൃദിസ്ഥമാക്കുകയായിരുന്നു. മനോജ് കാനയുടെ ചായില്യം, അമീബ എന്നീ ചിത്രങ്ങളുടെയും വസ്‌ത്രാലങ്കാരം അശോകനായിരുന്നു.   സംവിധായകൻ വിനയനാണ് അശോകനെ വസ്‌ത്രാലങ്കാര രംഗത്തെത്തിച്ചത്. ‘യക്ഷിയും ഞാനും’ എന്ന ചിത്രത്തിലാണ് സ്വതന്ത്ര ചുമതലയേൽക്കുന്നത്. മനോജ് ആലപ്പുഴയുടെ സഹായിയായാണ് തുടക്കം. ഇരുന്നൂറിലേറെ സിനിമകൾക്കായി  പ്രവർത്തിച്ചു. 17ാം വയസിൽ തയ്യൽപ്പണിയാരംഭിച്ച അശോകന് പറവൂർ ജങ്‌ഷനിൽ തയ്യൽക്കടയുമുണ്ടായിരുന്നു.   നിരവധി സിനിമകളിൽ വസ്‌ത്രാലങ്കാരത്തിന് ക്ഷണം ലഭിച്ചെങ്കിലും കോവിഡിൽ എല്ലാം നിലച്ചു. ഇതോടെയാണ്  അശോകൻ ആലപ്പുഴയെന്ന വസ്‌ത്രാലങ്കാരകൻ പെയിന്റിങ്‌ ജോലിക്കിറങ്ങിയത്. സിനിമാരംഗത്ത്‌ തുടരാനാണ് ആഗ്രഹമെന്നും അശോകൻ പറഞ്ഞു. മക്കൾ: അശ്വതി, അശ്വിൻ കുമാർ. Read on deshabhimani.com

Related News