തമിഴിൽ തുടരാൻ അപർണ



നായികയായും സഹനായികയായും ഗായികയായും തിളങ്ങിയ അപർണ ബാലമുരളി ഇനി സൂര്യക്കൊപ്പം തമിഴിൽ. തമിഴിൽതന്നെ അഭിനയിച്ച 8 തോട്ടകളും പിന്നീടിറങ്ങിയ സർവം താളമയവും മികച്ച പ്രേക്ഷകപ്രീതി നേടിയിരുന്നു. പിന്നാലെയാണ‌് സൂപ്പർ താരം സൂര്യയുമൊത്ത‌് ചിത്രമിറങ്ങുന്നത‌്. സൂരറൈ പോട്ര‌് എന്നു പേരിട്ട ചിത്രം ആത്മകഥാപരമായ ഒന്നാണ‌്. ഇന്ത്യൻ ആർമിയിൽ നിന്ന‌് വിരമിച്ച ജി ആർ ഗോപിനാഥ‌് എന്ന റിട്ട. ക്യാപ‌്റ്റന്റെയും അദ്ദേഹം സ്ഥാപിച്ച എയർ ഡക്കാൻ എന്ന ചാർട്ടർ സ്ഥാപനത്തിന്റെയും ജീവിതം പറയുന്ന ചിത്രത്തിൽ പ്രധാന കഥാപാത്രമായി സൂര്യയെത്തും. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായി. ശാലിനി ഉഷാ നായരും സുധാ കൊങ്കാരയും ചേർന്നാണ‌് തിരക്കഥയൊരുക്കിയത‌്. സൂര്യയുടെ തന്നെ നിർമാണക്കമ്പനിയായ 2 ഡി എന്റർടെയിൻമെന്റ‌്സ‌് ആണ‌് നിർമാണം. ഒരു സെക്കൻഡ‌് ക്ലാസ‌് യാത്ര എന്ന ചിത്രത്തിലെ വിനീതിനൊപ്പമുള്ള വേഷമാണ‌് അപർണയുടേതായി ശ്രദ്ധിക്കപ്പെട്ടത‌്. തൊട്ടുപുറകെ ഇറങ്ങിയ മഹേഷിന്റെ  പ്രതികാരം തലവര മാറ്റി. തുടർന്ന‌് ഒരു മുത്തശ്ശി ഗദ, സൺഡേ ഹോളിഡേ, കാമുകി, ബിടെക‌്, അള്ളുരാമേന്ദ്രൻ, മിസ‌്റ്റർ ആൻഡ‌് മിസ‌് റൗഡി തുടങ്ങീ നിരവധി ചിത്രങ്ങളിൽ നായികയും ഉപനായികയുമായി. എല്ലാത്തിലും സ്വാഭാവികാഭിനയം കാഴ‌്ചവച്ചു അപർണ. ഇതിനിടെ ഒരുപിടി ചിത്രങ്ങളിൽ ഗായികയുമായി. മഹേഷിന്റെ പ്രതികാരത്തിലെ മൗനങ്ങൾ മിണ്ടുമൊരീ..., മുത്തശ്ശി ഗദയിലെ തെന്നൽ നിലാവിന്റെ..., സൺഡേ ഹോളിഡേയിലെ മഴ പാടും.. എന്നീ ഗാനങ്ങൾ സൂപ്പർഹിറ്റായി. നവസിനിമകളിലെ ഒട്ടുമിക്ക നായകരുമായും അഭിനയിച്ച  താരം ആസിഫലിക്കും സഹോദരൻ അസ‌്കർ അലിക്കും കാളിദാസ‌് ജയറാം, ഫഹദ‌് ഫാസിൽ, അനൂപ‌് മേനോൻ എന്നിവർക്കും നായികയായി. അസ‌്കറലിക്കൊപ്പം  ജീം ഭൂം ബാ, പൃഥ്വിരാജിനൊപ്പം ആടുജീവിതം തുടങ്ങിയവയാണ‌് വരാനിരിക്കുന്ന ചിത്രങ്ങൾ. Read on deshabhimani.com

Related News