സിനിമയ്‌ക്ക്‌ അപ്പുറമുള്ള സൗഹൃദം; ദിവസങ്ങൾക്കുമുമ്പും വിളിച്ചിരുന്നു, കുറച്ച് സംസാരിച്ച് ചിരിച്ച് ഫോൺവച്ചു: ലിജോ ജോസ്‌



തിരുവനന്തപുരം > മലയാള സിനിമയിൽ പുതുവഴി വെട്ടിത്തുറന്ന യുവസംവിധായകൻ ലിജോ ജോസ്‌ പെല്ലിശേരിയുടെ പ്രിയനടനാണ് വെള്ളിത്തിര വിട്ടിറങ്ങിയത്. ആദ്യ സിനിമ നായകൻമുതൽ തുടർച്ചയായി നാലു ലിജോചിത്രത്തിൽ അനിൽ മുരളി പങ്കാളിയായി. ഇരുനൂറിലേറെ ചിത്രത്തിൽ വേഷമിട്ടെങ്കിലും അനിൽ ഏറെ ഇഷ്ടപ്പെട്ട സ്വന്തം പ്രകടനം ആമേനിലെ  ഡേവിസും സിറ്റി ഓഫ് ഗോഡിലെ പൊടിയാടി സോമനുമായിരുന്നു. തനിവില്ലന്മാരെയല്ല, ഉല്ലാസവാന്മാരായ നേരും നെറിയുമുള്ള കഥാപാത്രങ്ങളെയാണ് അനിലിനുവേണ്ടി ലിജോ മാറ്റിവച്ചത്. "ആദ്യ സിനിമ നായകൻമുതൽ അല്ല, അതിനുമുമ്പേ ഞങ്ങൾക്ക് പരിചയമുണ്ട്. തമാശ പറയുന്ന പൊട്ടിച്ചിരിക്കുന്ന സന്തോഷവാനായ നന്മയുള്ള മനുഷ്യനെയാണ് ഞാൻ അദ്ദേഹത്തിൽ കണ്ടത്. അത്തരം കഥാപാത്രങ്ങൾ വരുമ്പോൾ ഞാൻ വിശ്വാസപൂർവം അവ അദ്ദേഹത്തിന് കൈമാറും'–- ലിജോ പറഞ്ഞു. "വില്ലൻ കഥാപാത്രങ്ങൾക്കുവേണ്ടിമാത്രം സൃഷ്ടിക്കപ്പെട്ട നടനായി ഏറെക്കാലം അദ്ദേഹം മാറി. ഒരാളുടെ സഹജമായ ഭാവങ്ങളുമായി പൊരുത്തമുള്ള വേഷങ്ങൾ നൽകി, ആ തനിമയെ പകർത്തുകയാണ് എന്റെ സമീപനം. എന്റെ ഏഴു സിനിമയാണ് ഇതുവരെ പുറത്തുവന്നത്. അതിൽ നാലിലും അദ്ദേഹം ഒപ്പമുണ്ടായിരുന്നു. സിനിമയ്ക്ക് അപ്പുറത്തുള്ള സൗഹൃദം കാത്തു. ദിവസങ്ങൾക്കുമുമ്പും വിളിച്ചിരുന്നു. കുറച്ച് സംസാരിച്ച് ചിരിച്ച് ഫോൺവച്ചു'–- ലിജോ പറഞ്ഞു നിർത്തി. Read on deshabhimani.com

Related News