കമൽ ഹാസൻ പ്രവചിച്ചതല്ല, "അൻപേ ശിവ' ത്തിൽ ചിത്രീകരിച്ചത്‌ 1999ലെ കോറമണ്ഡൽ എക്‌സ്‌പ്രസ്‌ ദുരന്തം; നഷ്‌ടപ്പെട്ടത്‌ 50 ജീവൻ



കൊച്ചി > ഒഡീഷയിലെ ബാലസോറിലുണ്ടായ തീവണ്ടി ദുരന്തം നടൻ കമൽ ഹാസൻ മുൻപേ പ്രവചിച്ചുവെന്നാണ്‌ ഒരു വിഭാഗം മാധ്യമങ്ങളിൽ വരുന്ന വാർത്ത. 2003 ൽ പുറത്തിറങ്ങിയ "അൻപേ ശിവം' എന്ന ചിത്രവുമായി ബന്ധപ്പെടുത്തിയാണ്‌ വാർത്ത വരുന്നത്‌. ട്രോളുകളായി സമൂഹമാധ്യമങ്ങളിൽ ചിലർ പങ്കുവച്ച വിവരമാണ്‌ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തയായി മാറിയിരിക്കുന്നത്‌. ഇത്‌ മലയാളം, തമിഴ്‌ ഓൺലൈൻ പോർട്ടലുകളിൽ വാർത്തയായിട്ടുണ്ട്‌. കമൽഹാസൻ തിരക്കഥയെഴുതി സുന്ദർ സി സംവിധാനം ചെയ്‌ത്‌ 20 വർഷം മുമ്പ് ഇറങ്ങിയ ചിത്രത്തിലെ രംഗങ്ങൾ കഴിഞ്ഞ ദിവസത്തെ അപകടം വർഷങ്ങൾക്ക്‌ മുൻപ്‌ മനസ്സിലാക്കി എഴുതിയതാണെന്ന രീതിയിലാണ്‌ ചർച്ച. കമൽ ഹാസനും മാധവനുമായിരുന്നു നായകന്മാർ. ചിത്രത്തിൽ മാധവൻ അവതരിപ്പിക്കുന്ന കഥാപാത്രം ഒരു ട്രെയിൻ ദുരന്തം നേരിട്ടുകാണുന്നതും അതുവരെയുണ്ടായിരുന്ന ചിന്തകളെല്ലാം മാറ്റി സഹജീവികളെ സഹായിക്കാൻ സന്നദ്ധനാകുകയും ചെയ്യുന്ന രം​ഗമുണ്ട് ചിത്രത്തിൽ. ഈ രം​ഗത്തിൽ അപകടത്തിൽപ്പെട്ട് കിടക്കുന്നതായി കാണിച്ചിരിക്കുന്നത് കോറമണ്ഡൽ എക്‌സ്‌പ്രസാണ്. ഇക്കാര്യം ചൂണ്ടിക്കാണിച്ചാണ്‌ വാർത്തകളും. എന്നാൽ 1999 ലും 1997 ലും കോറമണ്ഡൽ എക്‌സ്‌പ്രസ്‌ അപകടത്തിൽപ്പെട്ടിരുന്നുവെന്ന കാര്യമാണ്‌ മറച്ചുവയ്‌ക്കുന്നത്‌. 1999ലെ അപകടം നടന്ന്‌ 4 വർഷത്തിന്‌ ശേഷം ഇറങ്ങിയ സിനിമയിൽ റഫറൻസായി ഉപയോഗിച്ചിരിക്കുന്നത്‌ ഈ അപകടമാണ്‌. കമൽ ഹാസൻ 20 വർഷം മുമ്പ്‌ പ്രവചിച്ചതല്ല ഇതെന്ന്‌ സാരം. 1997 ൽ ചെന്നൈയിൽ നിന്നുള്ള കോറമണ്ഡൽ എക്‌സ്‌പ്രസും ഹൗറയിൽനിന്നുള്ള കോറമണ്ഡൽ എക്‌സ്‌പ്രസും ആന്ധ്രയിലെ വിശാഖപട്ടണത്തിനും  ഒഡീ ഷയിലെ ബ്രഹ്മപുരിനും ഇടയിൽവച്ച്‌ തമ്മിൽ കൂട്ടിയിക്കുകയായിരുന്നു. 75 പേരാണ്‌ അപകടത്തിൽ കൊല്ലപ്പെട്ടത്‌. 1999 ൽ ആന്ധയിലെ നാഗവല്ലി നദിക്ക്‌ സമീപം കോറമണ്ഡൽ എക്‌സ്‌പ്രസ്‌ ട്രെയിൻ പാളംതെറ്റി 50 ജീവനുകളാണ്‌ നഷ്‌ടപ്പെട്ടത്‌. അൻപേ ശിവത്തിൽ റഫറൻസായി എടുത്തിട്ടുള്ളത്‌ രണ്ടാമത്തെ (1999) അപകടമാണ്‌. ചിത്രത്തിൽ ടിടിഇ മാധവനോട്‌ അപകടത്തെക്കുറിച്ച്‌ പറയുന്ന രംഗത്തിൽ ആന്ധ്രയിലെ ബാപട്‌ല സ്‌റ്റേഷന്‌ മുൻപായി ആണ്‌ സംഭവം നടന്നതെന്ന്‌ പറയുന്നുണ്ട്‌. 1997 ലെ അപകടം നടന്നത്‌ വിശാഖപട്ടണത്തിന്‌ അപ്പുറവുമാണ്‌. എം പ്രഭാകറാണ് സിനിമയ്‌ക്ക് കലാസംവിധാനം നിർവഹിച്ചത്. കമ്പ്യൂട്ടർ ​ഗ്രാഫിക്‌സിന്റെ സഹായമില്ലാതെ ഇങ്ങനെയൊരു രം​ഗം ഒരുക്കിയ കലാസംവിധായകനെയും ഇത്തരമൊരു രം​ഗം എഴുതിയ കമൽ ഹാസനേയും സിനിമാപ്രേമികൾ പുകഴ്ത്തുകയാണ്. Read on deshabhimani.com

Related News