"ഞാൻ വീണപ്പോൾ നിങ്ങളുടെ മുഖത്തുണ്ടായ ചിരി ഒരിക്കലും മറക്കില്ല'; "ഗോൾഡ്‌' വിമർശനങ്ങളിൽ രൂക്ഷമായി പ്രതികരിച്ച്‌ അൽഫോൺസ്‌ പുത്രൻ



ഗോൾഡ്‌ സിനിമക്കെതിരെ നടക്കുന്ന ട്രോളുകൾക്കും വിമർശനങ്ങൾക്കുമെതിരെ രൂക്ഷമായി പ്രതികരിച്ച്‌ സംവിധായകൻ അൽഫോൺസ്‌ പുത്രൻ. ആരുടേയും അടിമയല്ലെന്നും കളിയാക്കാനോ പരസ്യമായി അപമാനിക്കാനോ ആ‍‍ർക്കും അവകാശം നൽകിയിട്ടില്ലെന്നും അൽഫോൺസ്‌ ഫെയ്‌സ്‌ബുക്കിൽ കുറിച്ചു. സിനിമയുടെ റിലീസിന്‌ പിന്നാലെ നിരവധി ട്രോളുകളാണ്‌ അൽഫോൺസ്‌ പുത്രനെതിരെ നടന്നുകൊണ്ടിരുന്നത്‌. ചിത്രം ഒടിടിയിൽ എത്തിയതോടെ അൽഫോൺസിന്റെ സോഷ്യൽമീഡിയ പോസ്‌റ്റുകൾക്കടിയിലും വിമർശനങ്ങളും ട്രോളുകളുമെത്തി. പ്രതിഷേധസൂചകമായി പ്രൊഫൈൽചിത്രം സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്‌തുകൊണ്ടാണ്‌ സംവിധായകന്റെ പ്രതികരണം. പ്രൊഫൈൽ‌ ചിത്രം മാറ്റിക്കൊണ്ട് കുറിപ്പും പങ്കുവച്ചു. കുറിപ്പിന്റെ പൂർണരൂപം: "നിങ്ങൾ എന്നെ ട്രോളുകയും എന്നെയും ഗോൾഡ് സിനിമയെ കുറിച്ച് മോശമായി പറയുകയും ചെയ്യുന്നത് നിങ്ങളുടെ സംതൃപ്‌തിക്കുവേണ്ടിയാണ്... അത് നിങ്ങൾക്ക് ഇഷ്‌ടമായിരിക്കാം. എന്നാൽ എനിക്ക് അങ്ങനെയല്ല. അതുകൊണ്ട് പ്രതിഷേധ സൂചകമായി സമൂഹ മാധ്യമങ്ങളിൽ ഞാൻ എന്റെ മുഖം നീക്കംചെയ്യുന്നു. ഞാൻ നിങ്ങളുടെ അടിമയല്ല, എന്നെ കളിയാക്കാനോ പരസ്യമായി അപമാനിക്കാനോ ഞാൻ ആ‍‍ർക്കും അവകാശം നൽകിയിട്ടില്ല. നിങ്ങൾക്ക് വേണമെങ്കിൽ എന്റെ സിനിമകൾ കാണാം. എന്റെ പേജിൽ വന്ന് നിങ്ങളുടെ ദേഷ്യം പ്രകടിപ്പിക്കരുത്. ഇനി അങ്ങനെ ചെയ്‌താൽ, ഞാൻ സോഷ്യൻ മീഡിയയിൽ നിന്ന് അപ്രത്യക്ഷമാകും. ഞാൻ പഴയതുപോലെയല്ല, എന്നോടും എന്റെ പങ്കാളിയോടും കുട്ടികളോടും എന്നെ  ഇഷ്‌ടപ്പെടുന്നവരോടും ഞാൻ വീഴുമ്പോൾ എന്റെ അരികിൽ നിൽക്കുന്നവരോടും സത്യസന്ധത പുലർത്തുന്നയാളാണ്. ഞാൻ വീണപ്പോൾ നിങ്ങളുടെ മുഖത്തുണ്ടായ ചിരി ഒരിക്കലും മറക്കില്ല. ആരും മനഃപൂർവം വീഴില്ല. അത് പ്രകൃതിദത്തമായി, സ്വാഭാവികമായി സംഭവിക്കുന്നതാണ്. അതിനാൽ അതേ പ്രകൃതി എന്നെ പിന്തുണയോടെ സംരക്ഷിക്കും. നല്ലൊരു ദിനം ആശംസിക്കുന്നു...." - അൽഫോൺസ്‌ കുറിച്ചു.   Read on deshabhimani.com

Related News