"അവൾക്കൊപ്പം മാത്രം, അതിജീവിച്ചവളുടെ പോരാട്ടം വിജയിക്കണം': നടിക്ക്‌ പിന്തുണയുമായി സിനിമാലോകം



കൊച്ചി > നടി ആക്രമിക്കപ്പെട്ട കേസില്‍ സിദ്ദീഖ്, ഭാമ എന്നിവരുടെ കൂറുമാറ്റത്തെ വിമര്‍ശിച്ചുകൊണ്ട് നിരവധിപേരാണ് രംഗത്തുവന്നത്. സിനിമാരംഗത്തുള്ളവർ നടിക്ക്‌ പിന്തുണയുമായി വീണ്ടും "അവൾക്കൊപ്പം' ഹാഷ്‌ടാഗുമായി സമൂമാധ്യമങ്ങളിൽ പ്രതികരണങ്ങളുമായി എത്തുന്നുണ്ട്‌. നടി പാർവ്വതി തിരുവോത്ത്‌, രേവതി, റിമ കല്ലിങ്കൽ, സംവിധായകൻ ആഷിഖ്‌ അബു തുടങ്ങിയവർ നടിക്ക്‌ പിന്തുണയുമായി എത്തി. അതിജീവിച്ചവള്‍ മൂന്ന് വര്‍ഷത്തിലേറെയായി യാതനയിലൂടെയും തുടര്‍ച്ചയായ ആഘാതങ്ങളിലൂടെയുമാണ് കടന്നുപോവുന്നതെന്നും സാക്ഷികളുടെ മൊഴിമാറ്റം ഞെട്ടിപ്പിക്കുന്നതാണെന്ന്‌ പാര്‍വതി ഫേസ്ബുക്കില്‍ കുറിച്ചു. ‘ഹൃദയഭേദകമാണിത്. സാക്ഷികള്‍ എങ്ങനെയാണ് കൂറുമാറിയതെന്നത് എന്നെ ഞെട്ടിച്ചു. പ്രത്യേകിച്ച് സുഹൃത്തെന്നു കരുതിയ ആളുടെ മൊഴിമാറ്റം. ഇത് തീര്‍ത്തും പീഡനമാണ്’, പാര്‍വതി പറഞ്ഞു. അതിജീവിച്ചവളുടെ പോരാട്ടം വിജയിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അവള്‍ക്കൊപ്പം നില്‍ക്കുന്നുവെന്നും പാര്‍വതി പറഞ്ഞു. അവള്‍ക്കൊപ്പം എന്ന ഹാഷ്ടാഗോടുകൂടിയാണ് പാര്‍വ്വതിയുടെ പോസ്റ്റ്. അമേരിക്കന്‍ എഴുത്തുകാരനും ആക്റ്റിവിസ്റ്റുമായ ജെയിംസ് ബാള്‍ഡ്വിന്റെ വാക്കുകള്‍ പരാമര്‍ശിച്ചുകൊണ്ടാണ് പാര്‍വതിയുടെ കുറിപ്പ്. കൂറുമാറിയ നടീനടന്മാരെ പേരെടുത്ത് വിമര്‍ശിച്ചായിരുന്നു റിമയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇടവേള ബാബു, ബിന്ദു പണിക്കര്‍, സിദ്ധിഖ്, ഭാമ എന്നിവരെ പേരെടുത്ത് വിമര്‍ശിച്ചായിരുന്നു റിമയുടെ പോസ്റ്റ്. 'ഏറ്റവും കൂടുതല്‍ സഹായം ആവശ്യമുള്ള അവസാന സമയത്ത് ചില സഹപ്രവര്‍ത്തകര്‍ അവള്‍ക്കെതിരെ തിരിഞ്ഞത് കടുത്ത ദുഃഖമുണ്ടാക്കുന്നതാണ്. നാല് പേര്‍ അവരുടെ മൊഴി മാറ്റിപ്പറഞ്ഞെന്നാണ് കേള്‍ക്കുന്നത്. നമുക്കറിയാവുന്നത് പോലെ, ഇപ്പോള്‍ കൂറുമാറിയ സ്ത്രീകളും സിനിമാ വ്യവസായത്തിന്റെ അധികാര ശ്രേണിയില്‍ യാതൊരു സ്ഥാനവുമില്ലാത്ത ഇരകളാണ്. എന്നിട്ടുപോലും അതെന്നെ വല്ലാതെ വേദനിപ്പിക്കുന്നു. ഇതുവരെ ഇടവേള ബാബു, ബിന്ദു പണിക്കര്‍, സിദ്ദിഖ്, ഭാമ എന്നിവരാണ് കൂറുമാറിയവര്‍. കേട്ടത് സത്യമാണെങ്കില്‍ എന്തൊരു നാണക്കേടാണിത്'-റിമ കുറിച്ചു. കോളിളക്കമുണ്ടാക്കിയ നടിയെ ആക്രമിച്ച കേസില്‍ വിചാരണ തുടരുകയാണ്. നടന്‍ ദിലീപ് കേസിലെ പ്രതിയാണ്. ദിലീപിനെതിരെയുള്ള മൊഴിയാണ് ഭാമ, സിദ്ദീഖ്, ഇടവേള ബാബു, ബിന്ദു പണിക്കര്‍ എന്നിവര്‍ മാറ്റിപ്പറഞ്ഞത്. തലമുതിര്‍ന്ന നടനും നായികനടിയും കൂറുമാറിയതില്‍ അതിശയമില്ലെന്നും നടന്ന ക്രൂരതക്ക് അനൂകൂല നിലപാട് സ്വീകരിക്കുന്നതിലൂടെ ധാര്‍മികമായി ഇവരും കുറ്റകൃത്യങ്ങളുടെ അനൂകൂലികളായി മാറുകയാണെന്നും ആഷിഖ് അബു പറഞ്ഞു. ഇനിയും അനുകൂലികള്‍ ഒളിഞ്ഞും തെളിഞ്ഞും അണിചേരും. നിയമസംവിധാനത്തെ, പൊതുജനങ്ങളെയൊക്കെ എല്ലാകാലത്തേക്കും കബളിപ്പിക്കാമെന്ന് ഇവര്‍ കരുതുന്നെന്നും ആഷിഖ് പറഞ്ഞു. ഈ കേസിന്റെ വിധിയെന്താണെങ്കിലും, അവസാന നിയമസംവിധാനങ്ങളുടെ വാതിലുകള്‍ അടയുന്നതുവരെ ഇരക്കൊപ്പം ഉണ്ടാകുമെന്നും ആഷിഖ് പ്രഖ്യാപിച്ചു. നേരത്തെ നടിയും സംവിധായകയുമായ രേവതിയും നടി രമ്യാ നമ്പീശനും റിമ കല്ലിങ്കലും കൂറുമാറ്റത്തിന് എതിരെ രംഗത്ത് എത്തിയിരുന്നു. സിനിമാ വ്യവസായത്തിലെ ഞങ്ങളുടെ സ്വന്തം സഹപ്രവര്‍ത്തകരെ വിശ്വസിക്കാന്‍ കഴിയാത്തതില്‍ സങ്കടമുണ്ടെന്നും അവളോടൊപ്പമുള്ളവര്‍ ഇപ്പോഴും അവളോടൊപ്പം തന്നെയുണ്ടെന്നും രേവതി പ്രതികരിച്ചത്. നിങ്ങള്‍ക്കൊപ്പം നിന്ന് പോരാടുന്നവരെന്ന് നിങ്ങള്‍ കരുതുന്നവര്‍ പെട്ടന്ന് നിറം മാറിയാല്‍ അത് ആഴത്തില്‍ വേദനിപ്പിക്കുമെന്നാണ് രമ്യ നമ്പീശന്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്. കൂറ് മാറിയവരുടെ പേരുകള്‍ എടുത്ത് പറഞ്ഞായിരുന്നു രേവതിയുടെ പ്രതികരണം. ഒരു ‘സ്ത്രീക്ക്’ ഒരു പ്രശ്‌നമുണ്ടാകുമ്പോള്‍ എല്ലാവരും പുറകോട്ട് മാറുകയാണെന്നും രേവതി പറഞ്ഞു. നേരത്തെ ഇടവേള ബാബുവും ബിന്ദു പണിക്കറും കോടതിയില്‍ തങ്ങളുടെ മൊഴികള്‍ മാറ്റി, അവരില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കാന്‍ കഴിയുമായിരുന്നില്ല. ഇപ്പോള്‍ അതില്‍ സിദ്ദിഖും ഭാമയും മൊഴി മാറ്റിയിരിക്കുകയാണ് . സിദ്ദിഖ് എന്തുകൊണ്ടാണ് ഇത് ചെയ്തതെന്ന് മനസിലാക്കാന്‍ കഴിയും പക്ഷേ ഭാമ, സംഭവം നടന്നയുടനെ പോലീസുകാരോട് പറഞ്ഞ കാര്യങ്ങള്‍ അവളും നിഷേധിക്കുന്നെന്നും രേവതി പറഞ്ഞു. Read on deshabhimani.com

Related News