വൈലോപ്പിള്ളിക്കവിതാ പുരസ്കാരം വിമീഷ്‌ മണിയുരിനും സംഗീത ചേനംപുല്ലിക്കും



തൃശൂർ> നാല്‌പത്‌ വയസ്സില്‍ താഴെയുള്ള കവികളുടെ കാവ്യകൃതിക്ക്‌ വര്‍ഷംതോറും വൈലോപ്പിള്ളി സ്മാരകസമിതി നൽകിവരുന്ന വൈലോപ്പിള്ളിക്കവിതാപുരസ്‌കാരം ഈ വര്‍ഷം വിമീഷ്‌ മണിയുരിന്റെ യേശുവും ക്രിസ്തുവും ഇരട്ടകളായിരുന്നു എന്ന കൃതിക്കും സംഗീത ചേനംപുല്ലിയുടെ കവിത വഴിതിരിയുന്ന വളവുകളില്‍ എന്ന കൃതിക്കും നൽകും. വൈലോപ്പിള്ളിയുടെ ചരമദിനമായ ഡിസംബര്‍ 22 ന്‌  നാലിന്‌  കേരള സാഹിത്യ അക്കാദമി ആഡിറ്റോറിയത്തില്‍ ചേരുന്ന സമ്മേളനത്തില്‍ പുരസ്‌കാരത്തുകയും സ്മൃതിമുദ്രയും ബഹുമതിപ്രതവും സമ്മാനിക്കും. പ്രസിഡണ്ട്‌ ഡോ പി.വി. കൃഷ്ണന്‍നായരുടെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം കേരള കലാമണ്ഡലം വൈസ്‌ ചാന്‍സലര്‍ ഡോ എം.വി. നാരായണന്‍ ഉദ്ഘാടനം ചെയ്യും. കലക്ടര്‍ ഹരിത വി കുമാര്‍ അനുസ്മരണപ്രഭാഷണം നടത്തും. വൈലോപ്പിള്ളിയുടെ പ്രസിദ്ധകവിതയായ ജലസേചനം കേരള കലാമണ്ഡലം മേജര്‍ സെറ്റ്‌ കഥകളിയായി അവതരിപ്പിക്കും. വൈലോപ്പിള്ളി സംസ്‌ കൃതിഭവന്റെയും കേരളകലാമണ്ഡലത്തിന്റെയും സഹകരണത്തോടെയാണ്‌ പരിപാടികള്‍ നടത്തുന്നതെന്ന്‌ സമിതി പ്രസിഡണ്ട്‌ ഡോ. പി.വി. കൃഷ്ണന്‍ നായരും സെക്രട്ടറി  എം. ഹരിദാസും വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സമിതി വൈസ്‌ പ്രസിഡണ്ടുമാരായ ഡോ കാവുമ്പായി ബാലകൃഷ്ണന്‍, ഡോ.എ.എന്‍. കൃഷ്ണന്‍, ജോയിന്റ്‌ സ്രകട്ടറി ജി.ബി. കിരണ്‍ എന്നിവരും പങ്കെടുത്തു. Read on deshabhimani.com

Related News