ഈ വനശ്രീയിലുണ്ട്‌ ആൻഫ്രാങ്കും ഡെസ്‌ഡിമോണയും



കോഴിക്കോട്‌> ഡെസ്‌ഡിമോണയും ആൻഫ്രാങ്കും സിസ്റ്റർ സിംപ്ലൈസും ഒന്നിച്ചൊരു വീട്ടിലെത്തിയാലോ... ഭാവനയല്ലിത്‌, സത്യം‌. ഷേക്‌സ്‌പിയറും  വിക്ടർയൂഗോയും സൃഷ്ടിച്ച അനശ്വര കഥാപാത്രങ്ങളുടെ കളിചിരികൾ  മുഴങ്ങുന്നൊരു വീടുണ്ടിവിടെ,  കോഴിക്കോട്‌ ആരാമ്പ്രം വനശ്രീയിൽ. ‌ ലോകപ്രശസ്‌ത എഴുത്തുകാരുടെ പുസ്തകങ്ങളിൽ നിന്നിറങ്ങിവന്നവരാണിവിടത്തെ  കുഞ്ഞുമക്കൾ.  കഥാകാരനായ വി മുഹമ്മദ്‌കോയയാണ്‌ പേരക്കുട്ടികൾക്ക്‌ വിശ്വസാഹിത്യകാരന്മാരുടെ പേരുകൾ ചാർത്തിയ സാഹിത്യപ്രണയി. വീടിനടുത്തായി മൂന്നേക്കർ വനവും വീട്ടിൽ പുസ്തകങ്ങളും സംരക്ഷിക്കുന്ന ഈ സഹൃദയന്റെ  ജീവിതചിത്രങ്ങൾ   കഥപോലെ  രമണീയമാണ്‌. ഇദ്ദേഹത്തിന്റെ  ‌‌ കൊച്ചുമക്കളാണ്‌ ആൻഫ്രാങ്കും‌ ഡെസ്‌ഡിമോണയും. നാസി പീഡനത്തിന്റെ ഭീകരത ഡയറിക്കുറിപ്പുകളിലൂടെ ലോകത്തെ അറിയിച്ച ആൻഫ്രാങ്കാണ്‌ വനശ്രീയിലെ ഇളമുറക്കാരി. കഴിഞ്ഞയാഴ്ച ഒന്നാം പിറന്നാൾ ആഘോഷിച്ച അമെലിയ ആൻഫ്രാങ്ക്‌ മൂന്നാമത്തെ മകൻ നിസാമിന്റെയും  സിതാരയുടെയും മകളാണ്‌.  ഷേക്‌സ്‌പിയറുടെ ഒഥല്ലൊയിലെ ഡെസ്‌ഡിമോണ എംഇഎസ്‌ രാജ റസിഡൻഷ്യൽ സ്കൂളിൽ ഒന്നാം ക്ലാസുകാരിയാണ്‌. രണ്ടാമത്തെ മകൻ അസ്‌മലിന്റെയും നസലയുടെയും പുത്രി. യൂഗോവിന്റെ സിസ്റ്റർ സിംപ്ലൈസിന്റെ നാമധാരികൾ മൂത്തമകൻ ഷഹബാസിന്റെയും ലസ്‌ലിയയുടെയും മക്കളാണ്‌. ചേച്ചി ദഹ്‌ബിയ സിംപ്ലൈസ്‌ ദയാപുരത്ത്‌ പ്ലസ്‌‌റ്റു വിദ്യാർഥി. അനിയത്തി ഫില്ലിയ സിംപ്ലൈസ്‌  ഒമ്പതാംക്ലാസിലും. ഒരു പേരിലെന്തിരിക്കുന്നു എന്നല്ല അതിൽ പലതുമുണ്ടെന്ന്‌ പറയാനാണ്‌ പേരക്കുട്ടികൾക്കീ പേരുകൾ  നൽകിയതെന്ന്‌ മുഹമ്മദ്‌കോയ പറഞ്ഞു. ജൈവ–-സാഹിത്യപാർക്കായി സംരക്ഷിക്കുന്ന ‌ മുഹമ്മദ്‌കോയയുടെ വനത്തിലേക്കുള്ള  കവാടങ്ങളുടെ പേരുകളിലുമുണ്ട്‌  സാഹിത്യമുദ്ര. കാടിലേക്കുള്ള വടക്കുഭാഗത്തുള്ള കവാടം ഷേക്‌സ്‌പിയർ സ്മാരകമാണ്‌. തെക്ക്‌ വരവേൽക്കുന്നത്‌ മഹാഭാരതാ ഗേറ്റ്‌‌. കിഴക്കാണ്‌ ‌ ഷെർലക്‌ഹോംസിന്റെ പേരിലുള്ള കവാടം. പടിഞ്ഞാറേ ഗേറ്റ്‌ സത്യജിത്‌റായിയുടെ ചലച്ചിത്രകാവ്യമായ പഥേർപാഞ്ചാലിയുടെ നാമത്തിലും. ചിന്ത പ്രസിദ്ധീകരിച്ച ‘ചെന്നമല്ലീപുരത്തെ പുളിമരങ്ങൾ’ അടക്കം കഥയും നോവലുമായി ഏഴ്‌ പുസ്തകങ്ങളുടെ കർത്താവുമാണ്‌ മുഹമ്മദ്‌കോയ. Read on deshabhimani.com

Related News