പ്രഥമ ജെസിബി സാഹിത്യ പുരസ്‌കാരം ബെന്യാമിന്; സമ്മാനത്തുക 25 ലക്ഷം രൂപ



ന്യൂഡല്‍ഹി > പ്രഥമ ജെസിബി സാഹിത്യ പുരസ്‌കാരം മലയാളി എഴുത്തുകാരന്‍ ബെന്യാമിന്. ബെന്യാമിന്റെ 'മുല്ലപ്പൂ നിറമുള്ള പകലുകള്‍' എന്ന നോവലിന്റെ ഇംഗ്ലിഷ് പരിഭാഷയായ 'ജാസ്മിന്‍ ഡേയ്‌സ്' എന്ന കൃതിയാണ് പുരസ്‌കാരത്തിനര്‍ഹമായത്. 25 ലക്ഷം രൂപയാണ് പുരസ്‌കാരത്തുക.  രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയുള്ള സാഹിത്യ പുരസ്‌ക്കാരം ജെസിബി ലിറ്റററി ഫൗണ്ടേഷനാണ് നല്‍കുന്നത്. യുഎസിലെ മാസച്യുസെറ്റ്സിലുള്ള ബേ പാത്ത് സര്‍വകലാശാലയില്‍ അധ്യാപികയായ  ഷഹനാസ് ഹബീബാണ് കൃതി ഇംഗ്ലീഷിലേയ്ക്ക് പരിഭാഷപ്പെടുത്തിയത്. അഞ്ചുലക്ഷം രൂപ സമ്മാനമായി ഇവര്‍ക്കും ലഭിക്കും. അവാസാന അഞ്ചില്‍ ഇടം പിടിച്ച എഴുത്തുകാര്‍ക്ക് ഓരോ ലക്ഷം വീതവും ലഭിക്കും. ചലച്ചിത്ര പ്രവര്‍ത്തക ദീപ മെഹ്‌ത്ത, സംരംഭകനും പണ്ഡിതനുമായ രോഹന്‍ മൂര്‍ത്തി, എഴുത്തുകാരിയും യേല്‍ സര്‍വകലാശാലയിലെ ആസ്‌ട്രോഫിസിസ്റ്റുമായ പ്രിയംവദ നടരാജന്‍, നോവലിസ്റ്റ് വിവേക് ഷാന്‍ബാഗ് എന്നിവരടങ്ങിയതായിരുന്നു പുരസ്‌കാര  ജൂറി. ഇന്ത്യക്കാര്‍ ഇംഗ്ലീഷിലെഴുതിയതോ മറ്റ് ഇന്ത്യന്‍ ഭാഷകളില്‍നിന്ന് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതോ ആയ കൃതികളാണ് പുരസ്‌കാരത്തിന് പരിഗണിച്ചത്. ബെന്യാമിന് പുറമേ തമിഴ് സാഹിത്യകാരന്‍ പെരുമാള്‍ മുരുകനും പട്ടികയില്‍ ഇടം പിടിച്ചിരുന്നു. പെരുമാള്‍ മുരുകന്‍ എഴുതിയ 'പൂനാച്ചി, ദി സ്റ്റോറി ഓഫ് എ ബ്ലാക്ക് ഗോട്ട്' എന്ന നോവലാണ്  അവസാന അഞ്ചിലുണ്ടായിരുന്നത്. എന്‍ കല്യാണരാമനാണ് 'പൂനാച്ചി' ഇംഗ്ലിഷിലേക്ക് പരിഭാഷപ്പെടുത്തിയത്. അമിതാബ് ബാഗ്ചി (ഹാഫ് ദി നൈറ്റ് ഈസ് ഗോണ്‍), സുഭാംഗി സ്വരൂപ് (ലാറ്റിറ്റിയൂഡ്സ് ഓഫ് ലോങ്ങിങ്), അനുരാധറോയ് (ഓള്‍ ദി ലിവ്സ് വി നെവര്‍ ലിവ്ഡ്) എന്നിവരാണ് പട്ടികയിലുണ്ടായിരുന്ന മറ്റുള്ളവര്‍.   Read on deshabhimani.com

Related News