യുദ്ധം വിഭജിച്ച ശ്രീലങ്കയെ ഒന്നിപ്പിച്ചത്‌ ക്രിക്കറ്റ്‌: ഷെഹാൻ കരുണതിലകെ

കേരള നിയമസഭാ അന്താരാഷ്ട്ര പുസ്‌തകോത്സവത്തിലെ മീറ്റ് ദ ഓതർ പരിപാടിയിൽ ഷെഹാൻ കരുണതിലകെ സുനീത ബാലകൃഷ്ണനുമായി സംസാരിക്കുന്നു


തിരുവനന്തപുരം> യുദ്ധം വിഭജിച്ച രാജ്യത്തെ ഒന്നിപ്പിക്കാൻ ക്രിക്കറ്റിന് കഴിഞ്ഞതായി ബുക്കർ പുരസ്‌‌കാര ജേതാവും ശ്രീലങ്കൻ എഴുത്തുകാരനുമായ ഷെഹാൻ കരുണതിലകെ. രാജ്യം നേരിടുന്ന പ്രതിസന്ധികൾക്കിടയിലും നർമബോധം നിലനിർത്തുന്ന ജനതയായി തുടരുക എന്നത് വലിയ കാര്യമാണ്‌. ശ്രീലങ്ക പതിറ്റാണ്ടുകളായി ആഭ്യന്തര യുദ്ധം അടക്കമുള്ള പ്രതിസന്ധികളിലൂടെ കടന്നു പോയതാണെങ്കിലും നർമബോധം നിലനിർത്തുന്ന ജനതയായി തുടരാനായി. കേരള നിയമസഭാ അന്താരാഷ്ട്ര പുസ്‌തകോത്സവത്തിലെ മീറ്റ് ദി ഓതർ പരിപാടിയിൽ സുനീത ബാലകൃഷ്‌ണനോട് സംസാരിക്കുകയായിരുന്നു ഷെഹാൻ കരുണതിലകെ. ഭരണകൂടങ്ങൾ നിരന്തരം വിമർശത്തിന് വിധേയമാകുന്നു. 10 വർഷം മുമ്പ് ഇത് ചിന്തിക്കാനാകുമായിരുന്നില്ല. ശ്രീലങ്കൻ ഇംഗ്ലീഷിൽ എഴുതുന്നത് പ്രമേയ പരിസരത്തെ കുറിച്ച് മറ്റുള്ള രാജ്യങ്ങളിലെ വായനക്കാർക്ക് അവബോധമുണ്ടാകാൻ സഹായകരമായി. 2022 ലെ ബുക്കർ പുരസ്‌കാരം ലഭിച്ച ‘ദി സെവൻ മൂൺസ് ഓഫ് മാലി അൽമേഡ' ഏഴുവർഷം കൊണ്ടാണ്‌ പൂർത്തിയാക്കിയത്‌. യുദ്ധാനന്തര ലങ്കയിലാണ് താൻ ഈ പുസ്‌തകത്തെ കുറിച്ച് ചിന്തിച്ച് തുടങ്ങിയത്. തന്റെ ബാല്യകാലത്തെ ശ്രീലങ്കയെയാണ് പുസ്‌തകത്തിലൂടെ അവതരിപ്പിക്കാൻ ശ്രമിച്ചത്. കൊളംബോയിൽ ഇരുന്ന് പുസ്‌തകങ്ങൾ എഴുതുന്ന ഒരാളെ സംബന്ധിച്ച് പുസ്‌തകം ഇന്ത്യയിൽ പ്രസിദ്ധീകരിക്കുക എന്നതായിരിക്കും ഏറ്റവും വലിയ സ്വപ്നം. തെക്കേ ഏഷ്യൻ എഴുത്തുകാരനെ സംബന്ധിച്ച് പാശ്ചാത്യലോകത്ത് പുസ്‌തകം പ്രസിദ്ധീകരിക്കുക എന്നത് ഇപ്പോഴും വെല്ലുവിളിയാണെന്നും ഷെഹാൻ പറഞ്ഞു.   Read on deshabhimani.com

Related News