പൊറ്റാളിലെ ഇടവഴികള്‍ അടയാളപ്പെടുത്തുന്നത്



അഭിലാഷ്‌ മേലേതിലിന്റെ ആദ്യ നോവലായ ‘പൊറ്റാളിലെ ഇടവഴികൾ’ വായനാനുഭവത്തെക്കുറിച്ച്‌ ശ്യാം ജീത്ത്‌ എഴുതുന്നു... ലോവര്‍ പ്രൈമറി സ്കൂളിന് മുന്നിലെ വിശാലമായ പറമ്പായിരുന്നു അന്ന് നാട്ടിലെ പ്രധാന കളിസ്ഥലം. പ്രധാനം എന്ന് പറഞ്ഞാല്‍ എല്ലാ വൈകുന്നേരങ്ങളിലും മുതിര്‍ന്നവര്‍ ക്രിക്കറ്റ് കളിക്കാന്‍ കൂടുന്ന സ്ഥലം. അതിന്‍റെ കുറച്ച് ഇപ്പുറത്ത് കുട്ടികള്‍ കളിക്കുന്ന ചെറിയൊരു പറമ്പും പിന്നൊരു മിനി സ്റ്റേഡിയവും ഉണ്ടായിരുന്നു.  കുട്ടിക്കളിയില്‍ നിന്നും പ്രധാന കളിസ്ഥലത്തേയ്ക്ക് പ്രമോഷന്‍ കിട്ടാന്‍ പ്രായത്തിന് മൂക്കണം, ശരീരം കൊണ്ട് മുതിര്‍ന്നാലും മതി. കുട്ടികളുടെ കളിസ്ഥലത്തെ അപേക്ഷിച്ച് മുതിര്‍ന്നവരുടെ കളിസ്ഥലത്തിനു ഒരു പ്രശ്നമുണ്ടായിരുന്നു, ഓഫ് സൈഡിലേക്ക് സ്ഥലം കുറവാണ്. പറമ്പിന് നടുക്ക് സ്റ്റമ്പുകളടിച്ച്‌ പിച്ച്‌ സെറ്റ്‌ ചെയ്താൽ‍ ബൌണ്ടറികള്‍ തീരെ ചെറുതായിപ്പോകും അതുകൊണ്ട് ഓഫ്സൈഡ് ‘ഡെഡ് എരിയ'യായി പ്രഖ്യാപിച്ച്  മറ്റു മൂന്ന് വശങ്ങളിലേക്കും ഫീല്‍ഡ് വിന്യസിച്ചാണ് കളി. ഡീപ് സ്ക്വയര്‍ ലെഗ്, ഡീപ് മിഡ് വിക്കറ്റ്, ലോംഗ് ഓണ്‍ എന്നീ ഭാഗങ്ങളുടെ അതിരുകള്‍ ഒരു ഇടവഴിയായിരുന്നു. ഇടവഴി അധികമാരും ഉപയോഗിക്കാതെ കാടും പടലും ചളിയുമായിക്കിടക്കുകയായിരുന്നു. ഈ  ഡീപ്പ്  സ്ക്വയർ ലെഗ് എന്നൊക്കെ ഇപ്പൊ ഒരു ഭംഗിക്ക് പറഞ്ഞെന്നേയുള്ളൂ. അന്ന്, ഇതിനെപ്പറ്റിയൊന്നും വലിയ ധാരണയൊന്നും ഇല്ലായിരുന്നു. അതിന്‍റെ സ്ഥാനത്ത് മുളങ്കാട്‌, പീറ്റത്തെങ്ങ് ഒക്കെയായിരുന്നു. ഇത് രണ്ടും കൂറ്റനടിക്കാരനെ അടയാളപ്പെടുത്തുന്ന മാര്‍ക്കുകളായിരുന്നു. മുളങ്കാടിന് മുകളിലൂടെയും പീറ്റത്തെങ്ങിന്റെ ഉയരത്തിലുമൊക്കെ ഏതെങ്കിലും കളിക്കാരന്‍ സിക്സറടിച്ചാല്‍ പുള്ളി ഞങ്ങളുടെ ഹീറോയും കുറെകാലത്തേയ്ക്ക് പറഞ്ഞു നടക്കാനുള്ള ഒരു സംഭവവും ആകുമായിരുന്നു. കളിക്കാരെ ഓര്‍ത്തിരിക്കുന്നത് ഇത്തരം പ്രത്യേകതകളുടെ പേരിലാണ്. നിരന്തരം യോര്‍ക്കറോ ഫുള്‍ടോസോ എറിയുന്ന ഒരു കളിക്കാരന്‍, അന്ന് തിളങ്ങി നിന്നിരുന്ന ചില അന്താരാഷ്‌ട്ര കളിക്കാരുടെ ബൗളിംഗ്‌ ആക്ഷന്‍ അറിഞ്ഞോ അറിയാതെയോ അനുകരിക്കുന്ന ചിലര്‍, മുളങ്കാടിന് മുകളിലൂടെ പന്ത് അടിച്ചിടാന്‍ കെല്‍പ്പുള്ളവര്‍ അങ്ങനെയങ്ങനെ ഓരോ കളിക്കാരനെയും ഇങ്ങനെ എന്തെങ്കിലും പ്രത്യേകതകള്‍ കൊണ്ടായിരുന്നു അടയാളപ്പെടുത്തിയിരുന്നത്. അവരുടെ കൂട്ടത്തില്‍ കളിക്കാനുള്ള ആഗ്രഹമായിരുന്നു വളരാനുള്ള പ്രചോദനങ്ങളില്‍ ഒന്ന്. പക്ഷെ, നിര്‍ഭാഗ്യവശാല്‍  ഞങ്ങളൊക്കെ സ്റ്റമ്പിന്റെ പൊക്കത്തില്‍ വളര്‍ന്നു വന്നപ്പോഴെയ്ക്ക് ഗ്രൌണ്ടിലെ കളി പല കാരണങ്ങള്‍ കൊണ്ട് ചുരുങ്ങിപ്പോയിരുന്നു. ഉടമസ്ഥനുമായുള്ള ചില പ്രശ്നങ്ങളും മറ്റും കൊണ്ടായിരുന്നെന്നു തോന്നുന്നു. മൈതാനം പോയതോടെ കുട്ടികള്‍ ഒഴിച്ച് ഒട്ടുമിക്കവരുടെയും കളിയങ്ങ് നിന്നു. കുട്ടികളുടെ ചെറിയ പറമ്പില്‍ വെച്ച് കുട്ടിക്കളി തുടര്‍ന്നിരുന്നെങ്കിലും, പിന്നീട് അതുപോലെ ആവേശം ഉണര്‍ത്തിയ വൈകുന്നേരങ്ങളോ മത്സരങ്ങളോ ഉണ്ടായിട്ടില്ല. അഭിലാഷ് മേലേതിലിന്റെ ആദ്യ നോവലായ ‘പൊറ്റാളിലെ ഇടവഴികൾ’‍ വായിക്കുമ്പോള്‍ കഥാപരിസരം കൃത്യമായി മുന്നില്‍ തെളിയുന്നത് പൊറ്റാള്‍ പോലെ തന്നെയുള്ള ഒരു ഗ്രാമത്തില്‍, പൊറ്റാളിലെ ഗ്രാമീണരില്‍ നിന്ന് അത്രയ്ക്ക് വ്യത്യസ്തരല്ലാത്ത മനുഷ്യര്‍ക്കിടയില്‍ വളര്‍ന്നത്‌ കൊണ്ടാവാം. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതും തുടര്‍ന്നുണ്ടായ സംഭവങ്ങളും ഒക്കെ വായിച്ചു മാത്രമുള്ള അറിവേയുള്ളൂവെങ്കിലും അത്തരമൊരു സംഭവം നാട്ടില്‍ ഉണ്ടാക്കിയേക്കാവുന്ന അസ്വസ്ഥതകളും കലുഷിതമായ അന്തരീക്ഷവുമൊക്കെ സ്വന്തം അനുഭവങ്ങളോട് ബന്ധിപ്പിക്കാന്‍ പറ്റുന്നതിന്‍റെ കാരണവും മറ്റൊന്നല്ല. മതകീയമായൊരു പ്രശ്നം, നാട്ടിലുണ്ടാക്കുന്ന ആഘാതവും ആളുകളിലുണ്ടാവുന്ന പിരിമുറുക്കവുമൊക്കെ അതിന്‍റെ തീവ്രത ഒട്ടും ചോര്‍ന്നു പോകാതെ നോവലിലേക്ക് ഉള്‍ച്ചേര്‍ക്കാന്‍ എഴുത്തുകാരന് കഴിഞ്ഞിട്ടുണ്ട്. പസില്‍ (Puzzle) പൊറ്റാളിലെ മനുഷ്യരുടെ സ്വഗതാഖ്യാനങ്ങളിലൂടെയാണ് നോവല്‍ വികസിക്കുന്നത്. അവരില്‍ പലചരക്കുകടക്കാരനുണ്ട്, കൂലിപ്പണിക്കാരുണ്ട്, വിദ്യാര്‍ഥികളുണ്ട്, തയ്യല്‍ക്കാരനുണ്ട്, കൃഷിക്കാരുണ്ട്, വാര്‍ക്കപ്പണിക്കാരുണ്ട്, എന്ന് വേണ്ട ഒരു ഗ്രാമത്തിന്‍റെ പരിഛേദം തന്നെ ആഖ്യാതാക്കളാകുന്നു. നോവലിന്‍റെ ഏറ്റവും വലിയ പ്രത്യേകതയും അതു തന്നെയാണെന്ന് തോന്നുന്നു. ഒരു മുഖ്യകഥാപാത്രത്തെയോ ഇവരെയെല്ലാം പുറമേ നിന്ന് നോക്കിക്കാണുന്ന എഴുത്തുകാരനെയോ ആഖ്യാനത്തിനായി ആശ്രയിക്കാതെ ഗ്രാമം മൊത്തം കഥ പറയുകയാണ്‌. കൊണ്ടവനും കൊടുത്തവനും വാണവനും വീണവനും കണ്ടവനും കേട്ടവനും എല്ലാം തരുന്ന വിവരങ്ങള്‍ ഒരു പസില്‍ (ജ്വ്വൌഹല) എന്നവണ്ണം ചേര്‍ത്ത് വെച്ചാണ് ഒരു ഗ്രാമപരിസരത്തെ നിര്‍മ്മിച്ചെടുക്കുന്നത്. പുസ്തകത്തിന്‍റെ കവറില്‍ നിന്ന് തുടങ്ങുന്നുണ്ട് ഈ പസില്‍. ഒരു മുഖത്തിന്‍റെ കാല്‍ഭാഗം മാത്രമുള്‍ക്കൊള്ളുന്ന  കവര്‍ ഡിസൈന്‍ സമര്‍പ്പിച്ചിരിക്കുന്നത് ക്ലാരീസ്‌ ലിസ്‌പെക്‌ടർ (Clarice Lispector) എന്ന ബ്രസീലിയന്‍ എഴുത്തുകാരിക്കാണ്. അവരുടെ നാല് പുസ്തകങ്ങളുടെ കവര്‍ ഒരു മുഖത്തിന്‍റെ നാല് വശങ്ങള്‍ കൂടിച്ചേര്‍ന്ന് ഒരു മുഖമായി മാറുന്ന രീതിയിലായിരുന്നു. അത്തരത്തിൽ ഒരു പസില് പോലെ ചേര്‍ത്ത് വെക്കാവുന്ന ജീവിതങ്ങള്‍, മുഖങ്ങള്‍, വ്യക്തിത്വങ്ങള്‍, സ്വഭാവസവിശേഷതകള്‍, ജോലികള്‍, മതങ്ങള്‍, പേരുകള്‍, അനുഭവങ്ങള്‍. ഒന്നില്‍ നിന്ന് വേര്‍പ്പെട്ടാല്‍ ഇതൊരിക്കലും പൂര്‍ണമാകില്ല, അതുകൊണ്ട് തന്നെ പൊറ്റാളിന്‍റെ കഥയും പൂര്‍ണമല്ല. നാല് പുസ്തകങ്ങള്‍ അടങ്ങിയ നോവല്‍ പരമ്പരയിലെ ആദ്യ പുസ്തകം മാത്രമാണിത്. പൊറ്റാളിന്‍റെ കഥ, കഥാപാത്രങ്ങള്‍, ചരിത്രം, ഭൂമിശാസ്ത്രം എല്ലാം പൂര്‍ണമാകുന്നത് ആ മുഖം പൂര്‍ണമാകുമ്പോഴാണ്. കഥാപാത്രങ്ങളുടെ വീക്ഷണങ്ങള്‍ ചേര്‍ത്ത് വെക്കുകയും കഥയിലെ വഴിത്തിരിവുകളില്‍ അവ ഉപയോഗിക്കുകയും ചെയ്ത് കഥയ്ക്ക് തുടര്‍ച്ചയുണ്ടാക്കേണ്ടത് വായനക്കാരന്‍റെ കടമയാണ്. ആ തരത്തില്‍ ഒരു പസില്‍ പൂര്‍ണമാക്കുന്ന അധ്വാനവും ഭാവനയും വായനക്കാരന്‍ ഉപയോഗിക്കേണ്ടതുണ്ട്. പക്ഷെ, പസിലിലെ ഭാഗങ്ങള്‍ പലയിടങ്ങളിലായി ചിതറിക്കിടക്കുകയല്ല, അത് തമ്മില്‍ തമ്മില്‍ വെളിവാക്കിക്കൊണ്ട് അതിന്റെ തുടർച്ചയിൽ എഴുത്തുകാരന്‍ തന്നെ ക്രമീകരിച്ചിട്ടുണ്ട്, വായനക്കാരന്‍റെ ജോലി എളുപ്പമാക്കാന്‍ അതുപകരിക്കുന്നുണ്ട്. കഥാപാത്രങ്ങളെ ക്രമത്തില്‍ ഇടപെടീക്കാതെ, കാലവും സംഭവഗതികളും മാറ്റി മറിച്ച് പലയിടങ്ങളിലായി ചിതറിത്തെറിപ്പിച്ച്‌ വെച്ചിരുന്നെങ്കില്‍ ഒരു മികച്ച പരീക്ഷണം തന്നെയായി മാറുമായിരുന്നെന്നു തോന്നിയിട്ടുണ്ട്. പക്ഷെ, അതിനെ വായിച്ചെടുക്കാന്‍ വായനക്കാരന്‍ അത്യധ്വാനം തന്നെ നടത്തേണ്ടി വരുമെന്നത് കൊണ്ടും അത്തരമൊരു അധ്വാനത്തിന് വായനക്കാരന്‍ മുതിരാന്‍ സാധ്യത കുറവാണെന്നത് കൊണ്ടുമായിരിക്കാം എഴുത്തുകാരന്‍ തന്നെ ആ പണി എളുപ്പമാക്കിയത് എന്ന് തോന്നുന്നു. അങ്ങനെയെങ്കില്‍ തന്നെയും ഈ രൂപത്തിലും വായനക്കാരന്‍റെ പൂര്‍ണശ്രദ്ധയും പങ്കാളിത്തവും നോവല്‍ ആവശ്യപ്പെടുന്നുണ്ട്. കളിസ്ഥലത്ത് നടക്കുന്ന ചെറിയ വാശികളിലും വഴക്കുകളിലും നിന്നാണ് നോവലിന്‍റെ തുടക്കം. കളിസ്ഥലത്ത്  റിയാസും ദിലീപും തമ്മിലുണ്ടാകുന്ന വഴക്ക് അടിയിലെത്തുന്നതും അതില്‍ വ്യത്യസ്ത താല്പര്യക്കാര്‍ പക്ഷം ചേരുന്നതും അതില്‍ നിന്നുമുണ്ടാകുന്ന അസ്വസ്ഥതകള്‍ മറ്റു വഴക്കുകളിലൂടെയും അഭിപ്രായ വ്യത്യാസങ്ങളിലൂടെയും കണ്ണിചേര്‍ന്ന് പോകുന്നതും പിന്നീടുടലെടുക്കുന്ന പ്രശ്നങ്ങൾ അവയെ ഉണങ്ങാത്ത മുറിവില്‍ ഇടയ്ക്കിടെ പൊടിയുന്ന ചോര പോലെയിങ്ങനെ നിലനിര്‍ത്തുന്നതുമൊക്കെ കഥാപാത്രസംഭാഷണങ്ങളിലൂടെ പുറത്തു വരുന്നു. മനസ് കൊണ്ടെങ്കിലും രണ്ട് ചേരികള്‍ രൂപപ്പെടുന്നത്, ബാബറി മസ്ജിദ് തകര്‍ച്ചയ്ക്ക് ശേഷം അതിനെ രാഷ്ട്രീയമായി മുതലെടുക്കാനിറങ്ങിയവരുടെ ചെയ്തികളിലൂടെ അവര്‍ക്കിടയിലുള്ള വിടവ് ദൃശ്യതയിലേക്ക് വരുന്നത്, എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിക്കാവുന്നൊരു പരുവത്തിലെക്ക് ഒരു ഗ്രാമം നീങ്ങിമാറുന്നത്, ഇതൊക്കെ അതിവൈകാരികതയുടെ അകമ്പടിയില്ലാതെ, ഗോപ്യമായതും വെളിവില്‍ വരുന്നതുമായ വ്യത്യസ്ത സൂചനകളോടെ അവതരിപ്പിക്കുന്നത് നോവലിന് ഒരു പ്രത്യേകമായ ചടുലത നൽകുന്നുണ്ട്‌. പിരിമുറുക്കമാണ് നോവലിന്‍റെ ആദ്യഭാഗങ്ങളെ ഗതിവേഗത്തോടെ മുന്നോട്ടു നയിക്കുന്നത്. പൊറ്റാളുകാര്‍ക്കിടയിലെ  അസ്വസ്ഥതകളും ഭയാശങ്കകളും സംശയങ്ങളും എല്ലാം വായനക്കാരനിലേക്ക് ആഴത്തില്‍ ഇറങ്ങുന്ന രീതിയിലുള്ള ആഖ്യാനരീതി സൃഷ്ടിക്കുന്ന ആ പിരിമുറുക്കം തന്നെയാണ് നോവലിനെ അത്യധികം വായനാക്ഷമമാക്കുന്നതും. അടുത്ത നിമിഷം എന്ത് സംഭവിക്കുമെന്ന് പൊറ്റാളുകാര്‍ ആശങ്കപ്പെടുന്നത് പോലെയൊരു ആകാംക്ഷ വായനക്കാരിലും രൂപപ്പെടുന്നു. ജാതീയത, മതവിദ്വേഷം, ബാലപീഡനം,ലൈംഗിക ചൂഷണം, ദാരിദ്ര്യം, സാമൂഹ്യവിരുദ്ധത, രാഷ്ട്രീയസാമൂഹ്യരംഗത്തുണ്ടാകുന്ന മാറ്റങ്ങള്‍, സദാചാരപ്രശ്നങ്ങള്‍ തുടങ്ങി ഒരു നാടുമായി ബന്ധപ്പെട്ട നാനാതരം വിഷയങ്ങള്‍ നോവലില്‍ കടന്നു വരുന്നുണ്ട്. ഇടവഴികള്‍ ഇടവഴികള്‍ ഒരു പ്രദേശത്തെ വീടുകളെ, പറമ്പുകളെ ഒന്നിനൊന്നില്‍ നിന്ന് വിഭജിച്ചു നിര്‍ത്തുന്ന അതിര്‍ത്തിരേഖകളാണ്.. ഒരു ജിഗ്സോ പസിലിന്റെ രൂപഭാവം ഒരു പ്രദേശത്തിന് സമ്മാനിക്കുന്നത് അതിന്‍റെ ഇടവഴികളാണ്. വീടുകളും പറമ്പുകളും എല്ലാം ആ ജിഗ്സോ പസിലിന്റെ ഓരോ പീസുകളാണ്. ഓരോ വീടിന്റെയും, അതിലെ ആളുകളുടെയും കഥയാണ് ആ പ്രദേശത്തിന്‍റെ കഥ, അവയുടെ ചരിത്രമാണ് ആ പ്രദേശത്തിന്‍റെ ചരിത്രം. അത്തരത്തില്‍ ഇടവഴികള്‍ ഈ  പറമ്പുകളെ, വീടുകളെ വിഭജിക്കുമ്പോള്‍ തന്നെ ഇവയെ പരസ്പരം  ബന്ധിപ്പിക്കുന്ന ധര്‍മം കൂടെ നിര്‍വഹിക്കുന്നുണ്ട്. ഇടവഴികള്‍ പല തരമുണ്ട്. കൊള്ള് എന്ന് ഞങ്ങള്‍ മലബാറില്‍ പറയുന്ന കയ്യാലകള്‍ രണ്ട് വശങ്ങളിലുമായി ഒന്നരയാള്‍ ഉയരത്തില്‍ ഉള്ളതും അരയോളമുള്ളതും ‘കൊള്ള്’ ഇല്ലാതെ വെറും വേലി മാത്രമുള്ളതുമോക്കെയായി പ്രദേശത്തിന്‍റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ക്കനുസരിച്ച് അവ നിലകൊള്ളും. ഈ കൊള്ളുകളില്‍ നാനാതരം സസ്യങ്ങളും ചെടികളും പൂക്കളുമൊക്കെ കാണും. ഇടവഴികളിലൂടെ നടക്കുമ്പോള്‍ ഒരറ്റത്ത് നിന്ന് മറ്റേ അറ്റത്ത് എത്തുമ്പോഴെയ്ക്ക് കൈയില്‍ പൂക്കളും ഇലകളുമൊക്കെയായി പലതരം സസ്യങ്ങളൊക്കെ ഉണ്ടാകും. മഴക്കാലമാണെങ്കില്‍ ഇടവഴികളിലൂടെ ഒഴുകുന്ന വെള്ളം മറ്റൊരു ഓര്‍മ്മയാണ്. വെള്ളത്തില്‍ ചിലപ്പോള്‍ മുകളിലെ തോട്ടില്‍ നിന്ന് ഒഴുകി വരുന്ന  പരലുകള്‍ കാണും, തോര്‍ത്ത്‌ കൊണ്ട് അവയെ പിടിക്കാനും കല്ലുകളില്‍ ചിതറിത്തെറിക്കുന്ന വെള്ളം ശരീരത്തിലേക്ക് തെറിപ്പിച്ചു കളിക്കാനുമൊക്കെ ഒരുപാട് കുട്ടികളും കാണും. എല്ലാ ഇടവഴികളിലും വെള്ളം എത്തും, അതുകൊണ്ട് തന്നെ മുകളില്‍ നിന്നും ഒഴുകിപ്പരന്നു വന്നു റോഡിലോ കുളങ്ങളിലോ ചെന്ന് ചേരുന്ന ഇടവഴികള്‍ ചെറുനദികളെപ്പോലെ തോന്നിച്ചിരുന്നു. പൊറ്റാളിലെ ഷിഹാബിന്‍റെ  എഴുത്തുകളില്‍ നിന്നും നയന കണ്ടെടുക്കുന്ന ഇടവഴികളെപ്പറ്റിയുള്ള കുറിപ്പുകള്‍ ഉണ്ട്. ഷിഹാബിന്റെ വീടിന് മുന്നിലെ ഇടവഴികള്‍ വെള്ളം കൊണ്ട് മൂടുന്നതും ഇടവഴികളില്‍ നിന്നും വെള്ളം ചാലിയിലെ പാടത്തേക്കും കൊടുവായൂര്‍ പാടത്തേക്കുമൊക്കെ കുളങ്ങളിലേക്കും  ഒഴുകുന്ന കാഴ്ച. വെള്ളത്തിന്‍റെ ഒഴുക്ക് പൊറ്റാളുകാരെയെല്ലാം പരിചയപ്പെടുത്തികൊണ്ടായിരുന്നു, രാജേഷിന്‍റെയും പ്രദീപിന്‍റെയും കടകള്‍ കടന്ന്, മാഷമ്മാരുടെ മക്കളായ  അജിത്തിന്റെയും ദിലീപിന്റെയും വീടുകള്‍ കടന്നു, സാദിക്കിന്‍റെയും മഹറൂഫിന്‍റെയും വീടുകളുടെ മുന്നില്‍ കൂടെ, രാജേഷിന്‍റെ വീട് എത്തുന്നതിന് മുന്നേ വലത്തോട്ട് തിരിഞ്ഞു പൊറ്റാള്‍ പാടത്തെക്കുള്ള ഇടവഴിയിലേക്ക് എത്തുന്നത്. ഇടവഴികളും വെള്ളത്തിന്‍റെ ഒഴുക്കും അതിന്‍റെ ശബ്ദം കേട്ട് കൊണ്ടുള്ള ആളുകളുടെ ഉറക്കവുമെല്ലാം ഭംഗിയായി നോവലില്‍ കടന്നു വരുന്നു. ഒരു പ്രദേശത്തിന്‍റെയെന്ന പോലെ നോവലിന്റെയും നാഡീഞരമ്പുകളായി മാറുകയാണ് ഇടവഴികള്‍. ഇടവഴികളിലെ ഇഴജീവികളും, ഓടിയന്മാരും ചാത്തന്മാരും, ചീട്ടുകളിക്കാരും, കിലുക്കിക്കുത്തുകാരും, ചാരായം വില്‍ക്കുന്നവരുമൊക്കെ കൌതുകം നിറയ്ക്കുന്ന കാഴ്ചകളാണ്. ഈ ഇടവഴികള്‍ക്കൊക്കെ ഇത്തരം പല പ്രത്യേകതകളും ഉണ്ട്. ഏതു ഇടവഴികള്‍ ഒഴിവാക്കണം, ഏതു തിരഞ്ഞെടുക്കണം എന്നൊക്കെ നാട്ടുകാര്‍ക്ക് ധാരണയുണ്ടാകും. ചാരായം വേണ്ടവര്‍ ട്യൂബുകളില്‍ ചാരായം നിറച്ച് വില്‍ക്കുന്നവരുള്ള ഇടവഴികളിലെക്ക് തിരിയും, അത്തരം ഇടവഴികള്‍ ഒഴിവാക്കി പോകാന്‍ താല്പര്യമുള്ളവര്‍ക്ക് ഒരു വളവു തിരിഞ്ഞു അടുത്ത ഇടവഴിയിലേക്ക് പ്രവേശിക്കാം. ഏതിടവഴിയിലൂടെ പോയാലും വളഞ്ഞും പുളഞ്ഞും ലക്ഷ്യസ്ഥാനത്ത് എത്താവുന്ന വിധത്തിലാണ് അതിന്‍റെ നിര്‍മിതി. ഇതൊക്കെ എത്ര കാലങ്ങളായി, എത്ര തലമുറകളായി ഉണ്ടായി,ഉപയോഗിച്ച് വരുന്നവയാണെന്ന് ഓര്‍ക്കണം. അത്തരത്തില്‍, വലിയൊരു കാലത്തിന്റെ ചരിത്രം പേറുന്നവയായിരുന്നു ഇടവഴികള്‍. ഇന്ന് ഇടവഴികള്‍ മിക്കതും റോഡുകള്‍ ആയി. റോഡുകള്‍ ആകാത്തവയ്ക്ക് വീതി കൂടി, വീതി കൂടാത്തവയുടെ കൊള്ളുകളുടെ ഉയരം കുറഞ്ഞു, ഇങ്ങനെ പലവിധത്തില്‍ ഇടവഴികള്‍ക്ക് മാറ്റങ്ങള്‍ സംഭവിച്ചു. ഇടവഴികള്‍ വികസിക്കുന്നതിനനുസരിച്ചു വീടുകളും പറമ്പുകളും അകത്തോട്ട്‌ വലിഞ്ഞു, മനുഷ്യരും. സ്ത്രീകളും ഇടവഴികളും ഇടവഴികള്‍ പൊതുവഴികളാണ്. എങ്കിലും ഇടവഴികള്‍ സ്ത്രീകളും പുരുഷന്മാരും ഒരുപോലെയാണ് ഉപയോഗിച്ചിരുന്നത് എന്ന് പറയാന്‍ കഴിയില്ല. സ്ത്രീകള്‍ ഒറ്റയ്ക്ക് നടക്കാത്ത ഇടവഴികള്‍ ഉണ്ട്. അതു മാത്രമല്ല, സ്ത്രീകള്‍ ഇടവഴികള്‍ ഉപയോഗിക്കുന്നത് ഒരു പ്രത്യേക രീതിയിലുമാണ്. റോഡില്‍ നിന്ന് പോകാനുദ്ധേശിക്കുന്ന വീട്ടില്‍ ഇടവഴികളിലൂടെ നേരെയങ്ങ് നടക്കുകയല്ല അവര്‍ ചെയ്യുന്നത്, പലപ്പോഴും വീടുകളെ ബന്ധിപ്പിച്ചുള്ള ഒരു പ്രത്യേക സഞ്ചാരപഥം തന്നെ അവര്‍ക്കുണ്ട്. അമ്മ വീട്ടിലൊക്കെ പോകുമ്പോള്‍ പോകുന്ന വഴിയിലെ ഒട്ടുമിക്ക വീടുകളിലും കയറി വിശേഷങ്ങള്‍ പറഞ്ഞും പങ്ക് വെച്ചും ഒന്നുമില്ലെങ്കില്‍ ഒന്ന് ചിരിച്ചു കാണിക്കുകയെങ്കിലും ചെയ്ത് ഓരോ വീടിന്റെയും മുറ്റത്ത് കൂടെയോ ഉമ്മറത്ത് കൂടെയോ ആയിരുന്നു സഞ്ചാരം. ഇടവഴികളില്‍ നിന്ന് വീടുകളിലേക്ക് കയറി, വീടിന്‍റെ പുറകിലെ കയ്യാലയില്‍ സ്ത്രീകള്‍ നിരന്തര ഉപയോഗം കൊണ്ട് നിര്‍മ്മിച്ചെടുത്ത പടികളിലൂടെ മറ്റൊരു ഇടവഴിയിലേക്ക് ഇറങ്ങി അവിടുന്ന് വേറൊരു വീട് കയറി വേറൊരു ഇടവഴിയിലേക്ക് ഇറങ്ങി അങ്ങനെ ലക്ഷ്യത്തിലേക്ക് നീളുന്ന ഇടവഴികള്‍ക്ക് സമാന്തരമായ ഒരു സഞ്ചാരപഥം ഉണ്ടായിരുന്നു. എല്ലായ്‌പ്പോഴും അങ്ങനെയെന്നല്ല, എങ്കിലും അതുണ്ടായിരുന്നു. ഇടവഴികളോടുള്ള എന്തെങ്കിലും അനിഷ്ടമോ പേടിയോ മാത്രമല്ല, പ്രദേശത്തെ വീടുകളിലെ ബന്ധുക്കളും സുഹൃത്തുക്കളും മറ്റുമായിട്ടുള്ളവരോട് സംസാരിക്കുകയെന്ന ലക്ഷ്യം കൂടി അതിനുണ്ടാകാം. പൊറ്റാളിലെ ഇടവഴികളിലെ സ്ത്രീസാന്നിധ്യവും അതുപോലെയാണെന്ന് തോന്നുന്നു. നോവലില്‍ കടന്നു വരുന്ന സ്ത്രീകള്‍  തുലോം കുറവാണ്, അതില്‍ തന്നെ നമ്മോടു സംസാരിക്കുന്നവര്‍ നയന, റാബിയ, ഉമ്മു എന്നിങ്ങനെ വളരെച്ചുരുക്കം പേരേയുള്ളൂ. നയനയുടെ അമ്മ, നിതിന്റെ അമ്മ, വിജയന്‍റെ അമ്മ ,ശിഹാബിന്റെ പെങ്ങള്‍ തുടങ്ങി പേരില്ലാത്തതും കദിയ, അധികാരിയുടെ മകള്‍ ലത തുടങ്ങി പേരുള്ള കഥാപാത്രങ്ങളും വായനക്കാരനോട് അധികമൊന്നും സംസാരിക്കുന്നില്ല. ഗ്രാമത്തിലെന്ന പോലെ നോവലിലും പുരുഷ ശബ്ദമാണ് അധികവും ഉയര്‍ന്നു കേള്‍ക്കുന്നത് എന്ന് പറയാം. പുരുഷന്മാരെ ചുറ്റിപ്പറ്റിയാണ്‌ കഥ വികസിക്കുന്നത് എന്നത് കൊണ്ടാവാം അത്. എന്നാലും സ്ത്രീകഥാപാത്രങ്ങളില്‍ പലരും പേരുകള്‍ പോലുമില്ലാത്ത വിധം അപ്രധാനമായിപ്പോകുന്നുവോ എന്നൊരു ചിന്ത ഇടയ്ക്ക് ഉടലെടുക്കുന്നുണ്ട്. നയനയുടെ അമ്മ, കദിയ തുടങ്ങിയ ശക്തരായ പൊറ്റാളുകാരെ ദൂരെ നിന്നാണ് നോക്കിക്കാണുന്നത്. കദിയയെ ഇടവഴിയിലേക്ക് ഇറക്കുന്നില്ല, നയനയുടെ അമ്മയെ വായനക്കാരന്‍ കാണുന്നില്ല, അവരെപ്പറ്റി പറഞ്ഞറിയുന്നെയുള്ളൂ. ഇത്തരത്തില്‍ ഗ്രാമത്തിന്‍റെ ഭാഗധേയം നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന, ദൈനംദിന വ്യവഹാരങ്ങളില്‍ പുരുഷന്മാരെ പോലെ ഇടപെടുന്ന ഒട്ടനവധി പ്രത്യേകതകള്‍ ഉള്ള തന്റേടം ഉള്ളതും ഇല്ലാത്തതുമായ സ്ത്രീകള്‍ പൊറ്റാളിന്‍റെ ചരിത്രത്തില്‍ നിന്നും ഇടവഴികളില്‍ നിന്നും മാറ്റിനിര്‍ത്തപ്പെട്ടിട്ടുണ്ട് അല്ലെങ്കില്‍ രേഖപ്പെടുത്താതെ പോയിട്ടുണ്ട്. വൈകാരികത/ജാതീയത/രാഷ്ട്രീയം മലയാളം നോവലുകളുടെ ഒരു പൊതുസ്വഭാവമാണ് അതിവൈകാരികമായി സൃഷ്ടിച്ചെടുക്കുന്ന സന്ദർഭങ്ങളും സംഭാഷണങ്ങളും. പല നോവലുകളിലും കഥകളിലും കഥാപാത്രങ്ങൾ തമ്മിലുള്ള സംഭാഷണങ്ങൾ അസഹ്യമാം വിധം കൃത്രിമവും നാടകീയവുമായിരിക്കും. വൈകാരികമുഹൂർത്തങ്ങൾ അതിഭാവുകത്വത്തോടെ സൃഷ്ടിച്ചെടുക്കും. പൊറ്റാളിലെ ഇടവഴികൾ ഈ രീതികളെയൊക്കെ പാടേ നിരാകരിക്കുന്നുണ്ട്‌. വികാരഭരിതരാവാൻ കൊതിക്കുന്ന കഥാപാത്രങ്ങളെ എഴുത്തുകാരൻ പിന്നോട്ട്‌ വലിച്ചിടും, അടികൂടുന്നവരെ പിടിച്ചു മാറ്റും. എന്നു വെച്ച്‌ വൈകാരികമുഹൂർത്തങ്ങളില്ല എന്നല്ല, അത്‌ അത്രമേൽ സ്വാഭാവികമായങ്ങ്‌ സംഭവിക്കുന്നതാണ്. എഴുത്തുകാരന്റെ ഇടപെടലുണ്ടാകുന്നില്ല. രണ്ട്‌ മരണങ്ങളാണ് പൊറ്റാളിനെ ഇളക്കുന്നത്‌, ഒന്നൊരു കൊലപാതകവും മറ്റൊന്ന് അപകടമരണവും. ഈ രണ്ട്‌ സന്ദർഭങ്ങളും അസാമാന്യമായ ‌വഴക്കത്തോടെയാണ് അവതരിപ്പിക്കുന്നത്‌. നോവലിലെ ഏറ്റവും പ്രധാനസംഭവത്തെ, കഥയുടെ ഗതി തന്നെ മാറ്റുന്ന കൃത്യത്തെ കാമുകിയുടെ വിചാരങ്ങളിലൂടെ ലളിതമായും ഹ്രസ്വമായും തന്മയത്വത്തോടെ അടയാളപ്പെടുത്തിയിരിക്കുന്നു. അതേസമയം, പൊറ്റാളിലെ ജാതീയത വളരെ വിസിബിളാണ്, ലൗഡാണ്. റിയാസ്‌ ഉൾപ്പെടെയുള്ളവർ പച്ചയായി ജാതിപ്പേരുകൾ വിളിക്കുന്നുണ്ട്‌, കളിക്കളത്തിലെ വാശി തീർക്കാനാണെങ്കിൽ പോലും. തിരിച്ച്‌ അമ്മട്ടിൽ ഇതിനിരയാകുന്നവർ പ്രതികരിക്കുന്നില്ല. ഇതൊക്കെ എത്ര കേട്ടിരിക്കുന്നു എന്ന മട്ടിലങ്ങ്‌ ചിരിച്ചു കളയുകയാണ് ചെയ്യുന്നത്‌, പക്ഷെ പിന്നീട്‌ സ്വകാര്യമായി വിളിച്ച്‌ പറഞ്ഞ്‌ മനസിലാക്കിക്കാനും ശ്രമിക്കുന്നുണ്ട്‌. ജാതിപ്പേരു വിളിക്കുന്നത്‌ അത്രമേൽ സ്വാഭാവികമായിക്കണ്ടിരുന്ന ഒരു സമൂഹമായിരുന്നു അന്ന്. എന്നാൽ പോലും പരസ്യമായ വിളികൾ ആളുകളിൽ അസ്വസ്ഥത ജനിപ്പിച്ചിരുന്നു. ജാതീയത പ്രകടമാക്കുന്നതിൽ നിന്നും ആൾക്കാർ പിൻവലിഞ്ഞെങ്കിൽ മതപരമായ കാര്യങ്ങളോടുള്ള ആഭിമുഖ്യം പ്രകടമായി വരുന്നുണ്ട്‌ പിന്നീട്‌. മാഷിന്റെ അമ്പലമുണ്ടാക്കാനുള്ള നടപ്പും അജിത്തിന്റെ കുറി തൊടലും ചരടു കെട്ടലുമെല്ലാം അത്തരമൊരു മതചിന്ത ശക്തമായതിന്റെ അനുരണങ്ങളായിരുന്നു, ഈയൊരു മതചിന്ത അവരെ നയിച്ചത്‌ ശാഖകളിലേക്കും വർഗ്ഗീയ പ്രസ്ഥാനങ്ങളിലേക്കുമായിരുന്നു. ഇത്തരം മാറ്റങ്ങളൊക്കെ പൊറ്റാളുകാരുടെ ജീവിതത്തിൽ നിന്ന് തട്ടിക്കിഴിച്ചെടുത്ത്‌ അടയാളപ്പെടുത്തി വെക്കുന്നുണ്ട്‌ എഴുത്തുകാരൻ. പൊറ്റാളിലെ രതിജീവിതം കുണ്ടൻ എന്ന പേരിലറിയപ്പെട്ടിരുന്ന, മുതിർന്നവർ ലൈംഗികമായി പീഢിപ്പിച്ചിരുന്ന ബാലകൗമാരപ്രായത്തിലുള്ള കുട്ടികൾ അന്ന് ഒട്ടുമിക്കഗ്രാമങ്ങളിലും ഉണ്ടായിരുന്നു. കോഴിക്കോട്‌ അക്കാര്യത്തിൽ കുപ്രസിദ്ധമാണ്. എനിക്കൊരു ചായയും കുണ്ടനൊരു ബിരിയാണിയും എന്ന പ്രസിദ്ധമായ വാചകവും വകഭേദങ്ങളോടെ കോഴിക്കോടും പരിസരപ്രദേശങ്ങളിലും ഇതോടൊപ്പം വ്യാപകമായി ഉപയോഗിച്ചു പോന്നിരുന്നു. ഇത്തരം കാര്യങ്ങൾക്ക്‌ ഉപയോഗപ്പെടുത്തിയിരുന്ന കുട്ടികൾക്ക്‌ പ്രതിഫലമായി ബിരിയാണിയായിരുന്നു പലപ്പൊഴും നൽകിയിരുന്നത്‌. അന്ന് ഇതൊക്കെ സ്വാഭാവികമായി കരുതിപ്പോന്നിരുന്നവരായിരുന്നു സമൂഹത്തിലെ ഒരു പ്രബലവിഭാഗം. ഇന്ന് ഇതൊക്കെ അത്യന്തം ഗൗരവമായൊരു കുറ്റകൃത്യമായി തിരിച്ചറിയപ്പെട്ടിട്ടുണ്ട്‌. ലൈംഗികമായ അധിനിവേശത്തെ രണ്ട്‌ രീതിയിൽ നേരിട്ട കുട്ടികൾ ഉണ്ടായിരുന്നു. ഇതൊരു സ്വാഭാവിക ചോദനയായി കണ്ട, താൻ പിന്നീട്‌ പോയ‌ നാട്ടിൽ ഇതൊന്നും ആർക്കുമറിയില്ലെന്നും അവരെ പഠിപ്പിക്കണമെന്നും പറയുന്ന ഫൈസലും ഇത്തരം ദുരനുഭവങ്ങളിൽ നിന്നും ഓടിയൊളിച്ച്‌ മരിക്കാനടക്കം തുനിഞ്ഞ്‌ ഒടുവിൽ ട്രോമയിൽ ജീവിക്കുന്ന ആബിദും. രണ്ടും രണ്ട്‌ മനോഭാവത്തെ പ്രതിനിധീകരിക്കുന്നു. എഴുത്തുകാർ ഇതിനെ ഒരു റ്റാബൂ ആയിട്ടാണ് കരുതുന്നത്‌, അതുകൊണ്ടു തന്നെ ഇത്തരം തുറന്നെഴുത്തുകൾ കുറവാണ്. വിഷയാവതരണം ഒന്ന് പാളിപ്പോയാൽ പഴി വാങ്ങിയേക്കാവുന്ന ഒരുതരം  ഞാണിന്മേൽ കളിയായത്‌ കൊണ്ടാവാം. ഇവിടെ ഗൗരവമായ ഈ സാമൂഹ്യപ്രശ്നത്തെ വളരെ സൂക്ഷ്മമായും കൈയടക്കത്തോടെയും എഴുത്തിലേക്ക്‌ കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ട്‌. മറ്റൊരു കാര്യം ദിലീപിന്‍റെയും കൂട്ടരുടെയും പോലുള്ള പലസ്ത്രീഗമനങ്ങളും ബന്ധങ്ങളുമെല്ലാം ഏതൊരു ഗ്രാമത്തിലും നടക്കാറുള്ളതാണ്, പലതും പിടിക്കപ്പെടാറുമുണ്ട്‌. പക്ഷെ, അതിൽ ഗൾഫുകാരുടെ ഭാര്യമാർ ഒറ്റയ്ക്ക്‌ താമസിക്കുന്ന വീടിനു നേർക്ക്‌ നടക്കുന്ന ആക്രമണങ്ങളോളമെത്തുന്ന ലൈംഗികാധിനിവേശശ്രമങ്ങൾ സവിശേഷ ശ്രദ്ധയാകർഷിക്കുന്നുണ്ട്‌. അതിനു ദേശകാല വ്യത്യാസങ്ങളില്ല, ഇന്നും ഒരു പരിധിവരെ ഇതു തുടരുന്നുണ്ട്‌. ഏതൊരു നാട്ടിലും ഇത്തരം സ്ത്രീകൾ അവിടത്തുകാരുടെ രതിസ്വപ്നങ്ങളിലെ അവിഭാജ്യഘടകങ്ങളാണ്, എളുപ്പത്തിൽ കീഴ്പ്പെടുത്താവുന്ന അടിച്ചമർത്തപ്പെട്ട ആഗ്രഹങ്ങളുമായി ജീവിക്കുന്നവരാണ്. അവരിലേക്ക്‌ കടന്നുകയറാൻ ശ്രമിക്കുമ്പോൾ ചെറുത്തുനിൽപ്പുകൾ ഉണ്ടാവുമ്പോൾ അപവാദപ്രചാരണങ്ങളും ചുവരെഴുത്തുകളും ഉണ്ടാവുന്നു, ഒരു സാമൂഹ്യസദാചാരപ്രശ്നമായി വളരുന്നു, കുടുംബങ്ങൾ ശിഥിലമാകുന്നു. പൊറ്റാളും അതിൽ നിന്ന് വ്യത്യസ്തമല്ല. വായന/അതിവായന ഏതൊരു നാട്ടിലുമെന്ന പോലെ പൊറ്റാളിലും സവിശേഷമായ സ്വഭാവവിശേഷങ്ങള്‍ ഉള്ള കഥാപാത്രങ്ങള്‍ ഉണ്ട്. മണ്ണില്‍ മുഹമ്മദ്‌, കദിയ തുടങ്ങി ചില അവസരങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്ന കുറച്ചു പേര്‍. മറ്റുള്ളവരെല്ലാം തന്നെ അസാധാരണമാംവിധം സാധാരണക്കാരാണ്. പക്ഷെ, അതില്‍ നിന്ന് വേറിട്ട്‌ നിന്ന് ചില സമയത്ത് ഒരു തരം ദുരൂഹതയുണര്‍ത്തുന്ന രണ്ട് പേരുണ്ട്. ഒരേ സമയം പിടി തരുകയും പിടി തരാതിരിക്കുകയും ചെയ്ത രണ്ട് പേര്‍. ഉമ്മുവും, ഉമ്മുവിന്റെ ബാപ്പയും. പൊറ്റാളിലെ കടംകഥയില്‍ അഴിയാത്ത ഒരു ചോദ്യമായി അവര്‍ നില്‍ക്കുന്നത് പോലെ ചിലപ്പോള്‍ അനുഭവപ്പെടും. ചിലയിടങ്ങളില്‍ ഭാര്യ മരിച്ച, മകളുമായി ഒറ്റപ്പെട്ട് താമസിക്കുന്ന, കുടിയനായ ഔ മധ്യവയസ്കനും ജീവിതം അബദ്ധങ്ങളുടെ നേര്‍രേഖയായ ഒരു മകളുമെന്ന പ്രതീതിയുണര്‍ത്തുമ്പോള്‍ തന്നെ ചിലയിടങ്ങളില്‍ അഛനും മകളും തമ്മിലുള്ള അരുതാത്ത ബന്ധത്തിന്‍റെ പരാമര്‍ശങ്ങളും സംശയങ്ങളും ഉണ്ടാകുന്നുണ്ട്. തെറ്റിത്തിരിഞ്ഞുപോയ മകന്‍റെ ചില പരാമര്‍ശങ്ങളും റിയാസിന്റെ അവസാനത്തെ അടിയുമെല്ലാം അത്തരം ചില നിഗമനങ്ങളിലേക്ക് കൂടി വായനക്കാരനെ കൊണ്ട് പോകുന്നുണ്ട്. കുട്ടികളെ പീഡിപ്പിക്കുന്ന, അതില്‍ രസം കണ്ടെത്തുന്ന, അതു സ്വാഭാവികമായ ഒരു ചോദനയായി കരുതുന്ന അനേകം പേരുണ്ട് പൊറ്റാളില്‍, അതുകൊണ്ട് തന്നെ ഇത്തരമൊരു ബന്ധത്തിന്‍റെ സാധ്യതകളും അത്തരമൊരു സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. ഇരുട്ടാണ്‌ ഉമ്മുവിന്റെ ജീവിതത്തിന്‍റെ ഒരു ഘട്ടത്തില്‍ നിറഞ്ഞു നില്‍ക്കുന്നത്, ആ ഇരുട്ടില്‍ നിന്നും ഒരാള്‍ അവളെ കൈ പിടിച്ച് വെളിച്ചത്തേയ്ക്ക് കൊണ്ട് പോകുന്നു. ആ ഇരുട്ടില്‍ എന്തൊക്കെയോ സംഭവിക്കുന്നുണ്ട്. ആ ഇരുട്ടിലേക്ക് അവള്‍ എത്തിപ്പെട്ടത് ഒരു തിരഞ്ഞെടുപ്പായിരിക്കില്ല, മുന്‍കാലബന്ധങ്ങള്‍ അല്ലാതെ  അതിലേക്ക് നയിച്ച  മറ്റ് കാരണങ്ങള്‍ ഉണ്ടാകാം, ഇല്ലാതിരിക്കാം. എന്തായാലും വായനക്കാരന്‍ അക്കാര്യത്തില്‍ ഇരുട്ടത്ത് തന്നെയാണിപ്പോള്‍ നില്‍പ്പ്. നോവലിന്‍റെ തുടര്‍ഭാഗങ്ങള്/അല്ലെങ്കിൽ രണ്ടാമതൊരു വായന‍ ഇതിലേക്ക് വെളിച്ചം വീഴ്ത്തുമെന്ന പ്രതീക്ഷ പൊറ്റാളിന്‍റെ ഇടവഴികളിലേക്ക് കണ്ണ് നട്ടിരിക്കാനുള്ള കാരണങ്ങളില്‍ മറ്റൊന്നുകൂടെയാകുന്നു. പൊറ്റാളിലെ ഇടവഴികള്‍ സാമ്പ്രദായിക മലയാള നോവല്‍ ചട്ടക്കൂടുകളില്‍ നിന്നും വായനക്കാരനെ രക്ഷപ്പെടുത്തുന്ന ഒരു സൃഷ്ടി തന്നെയാണ്. അയത്നലളിതമായ ഭാഷയും, പിടിച്ചിരുത്തുന്ന ആഖ്യാനശൈലിയും, കഥാപാത്രനിര്‍മിതിയുമൊക്കെ നോവലിനെ വിശേഷപ്പെട്ട ഒരു അനുഭവമാക്കുന്നുണ്ട്. ആഖ്യാനശൈലി കൊണ്ട് മാത്രം മലയാളസാഹിത്യശാഖയില്‍ ഒരു പ്രത്യേക സ്ഥാനം പൊറ്റാളിലെ ഇടവഴികള്‍ക്കുണ്ട്. ഒരു ചരിത്രസംഭത്തിന്‍റെ പശ്ചാത്തലത്തില്‍ ഒരു ഗ്രാമത്തെ, അതിലെ ജനങ്ങളെ, അവരുടെ വികാര വിചാരങ്ങളെ ചരിത്രത്തില്‍ രേഖപ്പെടുത്തുന്ന സൃഷ്ടി എന്ന നിലയിലും പൊറ്റാളിലെ ഇടവഴികള്‍ക്ക് സവിശേഷ സ്ഥാനമുണ്ട്. എഴുത്തുകാരന്‍ എന്ന നിലയില്‍ അഭിലാഷ് മേലെതിലിനെക്കൂടെ അടയാളപ്പെടുത്തുന്ന കൃതിയാണിത്.   Read on deshabhimani.com

Related News