പോരാട്ടത്തിന്റെ , പ്രണയത്തിന്റെ ഓര്‍മ്മകള്‍



മധ്യതിരുവിതാംകൂറിലെ അധഃസ്ഥിതരുടെ രാഷ്ട്രീയ  മുന്നേറ്റങ്ങൾ വരച്ചിടുന്ന ഗ്രന്ഥമാണ‌്, ‘പി കെ കുഞ്ഞച്ചൻ: ഭാസുര ഓർമകൾ.’’ ദുരഭിമാനത്തിന്റെ ദുരന്തകാലത്ത്‌ ചർച്ചചെയ്യപ്പെടേണ്ട കൃതി. കർഷകത്തൊഴിലാളി പ്രസ്ഥാനത്തിന്റെ സമുന്നത നേതാവ‌് പി കെ കുഞ്ഞച്ചന്റെ ജീവിതസഖിയും അധ്യാപികയുമായ ഭാസുരാദേവി വരച്ചിട്ട ഓർമച്ചിത്രമാണ‌് ഈ പുസ‌്തകം.ഭാസുര ടീച്ചർ ഓർമയായിട്ട്‌ കാൽനൂറ്റാണ്ട്‌ തികയാൻ പോകുന്നു. ആറു പതിറ്റാണ്ടുമുമ്പ്‌ നിലനിന്ന ജാതീയ ഉച്ചനീചത്വങ്ങളെ ത്യാഗോജ്വലമായി മറികടന്ന പ്രണയ വിപ്ലവത്തെക്കുറിച്ചു കൂടിയാണ‌്  ഈ പുസ‌്തകം.  1957ൽ വിവാഹിതരാകുംമുമ്പ്‌ ദുരഭിമാനത്തിന്റെ ലോകം എത്രമേൽ ഭീതിജനകമാണെന്ന്‌ സ്വന്തം അനുഭവത്തിൽനിന്ന്‌ ഗ്രന്ഥകാരി പറയുന്നു. പി കെ കുഞ്ഞച്ചൻ ‘മഹിളാ സംഘടന’ ഉണ്ടാക്കി സ്ത്രീകളെ രംഗത്തു കൊണ്ടുവരാൻ  നിയോഗിക്കപ്പെട്ടു. ചെങ്ങന്നൂരിൽ മഹിളാ സംഘത്തിന്റെ സെക്രട്ടറിയായിരുന്ന ഭാസുരാദേവിയുടെ കവിതകൾ പ്രസിദ്ധീകരിക്കാൻ മുൻകൈയെടുത്ത അദ്ദേഹം അവരോട്‌ പ്രണയം തുറന്നു പറഞ്ഞു. ‘‘ഞാനൊരു മുഴുവൻ സമയ പാർടി പ്രവർത്തകനാണ്‌. ചിലപ്പോഴൊക്കെ ജയിലിൽ പോകേണ്ടിവരും. ഈ ബന്ധം നാട്ടിലാരും അംഗീകരിക്കില്ല. പ്രധാന കാരണം ഞാനൊരു പട്ടിക ജാതിക്കാരനാണ്‌. സാംബവനാണ്‌.’’ ദുരഭിമാനത്തിന്റെ പേരിൽ അച്ഛൻ മകളെയും, മകളുടെ ഭർത്താവിനെയും കൊല്ലുന്ന കാലത്ത‌് ഈ പുസ‌്തകം പല തലങ്ങ‌ളിൽ  വായിക്കേണ്ടതുണ്ട‌്.  നവോത്ഥാനമൂല്യങ്ങൾ തല്ലിക്കെടുത്തി മുന്നേറുന്ന മത‐വർഗീയ വാദികളെ ചെറുത്തുതോൽപ്പിക്കാനുള്ള ആശയപരമായ ആയുധം കൂടിയാകും ആ വായന.  ആറു പതിറ്റാണ്ട‌് മുമ്പ്‌ ഒരു സാംബവ‐നായർ വിവാഹത്തെ സമൂഹം എതിർക്കുമോ എന്ന ഭയത്തെ രാഷ‌്ട്രീയമായാണ‌് ഭാസുര ടീച്ചർ മറികടന്നത‌്. തൊഴിലാളി പ്രസ്ഥാനം കൂടെയുള്ളപ്പോൾ ഭയം അഭയമായി മാറുകയായിരുന്നു. പി കെ കുഞ്ഞച്ചൻ അനുഭവിച്ച ജീവിത സംഘർഷങ്ങൾ   തെളിമയോടെ ആവിഷ്‌കരിക്കാൻ എഴുത്തുകാരിക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. തേഡ്‌ ഫോറത്തിൽ പഠിക്കുമ്പോൾ കണക്ക്‌ മനസ്സിലായില്ല; ഒന്നുകൂടെ പറഞ്ഞു തരണമെന്ന്‌ പറഞ്ഞതിന്‌ ശരീരം തല്ലിപ്പൊട്ടിച്ച അധ്യാപകനെക്കുറിച്ച്‌ പറയുന്നുണ്ട്‌. ‘‘ഇരിക്കെടാ അഹങ്കാരി! ചോദിക്കാൻ നിനക്കെന്തവകാശം’’ എന്ന്‌ അധ്യാപകൻ.  ‘സംശയം തീരുംവരെ ഞാനിരിക്കില്ല’ എന്ന്‌ ധീരതയോടെ കുഞ്ഞച്ചൻ. താണജാതിക്കാരനായതുകാരണം ഒരു മൂലയ്‌ക്കിരിക്കേണ്ടി വന്ന കുഞ്ഞച്ചനെന്ന കുട്ടിയിൽനിന്ന‌് ഒരു  ചരിത്രം രൂപപ്പെടുകയാണ്‌.   തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ ഇന്റർമീഡിയറ്റിനു ചേർന്ന കാലവും ട്രാൻസ്‌പോർട്ട്‌ കണ്ടക്‌‌ടറായി സേവനം അനുഷ്‌ഠിച്ച കാലവും ജയിൽ ജീവിതവും വിശദമായി ചർച്ചചെയ്യുന്നു. പേപ്പർ മില്ലിൽ ജോലി ലഭിച്ചപ്പോൾ  താണ ജാതിക്കാരന്‌ കീഴിൽ ജോലിചെയ്യുന്നത്‌ മോശമാണെന്ന്‌ തോന്നിയ സവർണ തൊഴിലാളികൾ പായസത്തിൽ വിഷം കലർത്തി നൽകിയതും അത്‌ കുടിക്കാത്ത കാരണം  ജീവൻ രക്ഷപ്പെട്ടതും വിവരിക്കുന്നുണ്ട്‌. ഒരു വിപ്ലവകാരിയുടെ പിറവി എന്ന അധ്യായത്തിൽ പൂജപ്പുര സെൻട്രൽ ജയിലിൽ കഴിഞ്ഞ കാലം വിവരിക്കുന്നു. ജയിലിന്റെ പട്ടിക ഇളക്കി ജയിലിനുള്ളിൽ വെള്ളത്തുണിയിൽ ചുവന്ന ചായം മുക്കിയ കൊടി നാട്ടി. തുടർന്ന്‌  ക്രൂരമർദനം.   എല്ലാവരും ചിതറിയോടി. കൊടികെട്ടിയ മുറിയിൽ മുഹമ്മ അയ്യപ്പനും കുഞ്ഞച്ചനും മാത്രം. ഇരുവരും തല്ലുകൊണ്ടു വീണു. മരിച്ചെന്നു കരുതി പൊലീസ്‌  ഉപേക്ഷിച്ചു. പിന്നെ ഇ ബാലാനന്ദനെയും മർദിച്ച്‌ അവശനാക്കി ആ മുറിക്കുള്ളിലേക്ക്‌ കൊണ്ടുവന്നു. ഇമ്പിച്ചബാവയോടൊപ്പം ജയിൽവാസം അനുഭവിച്ച, അടിയന്തരാവസ്ഥക്കാലത്ത്‌ ഒളിവിൽ കഴിഞ്ഞ അച്ഛനെ ‘അശ്രുപുഷ്‌പങ്ങൾ എന്ന കുറിപ്പിൽ മകൾ ഡോ. ജമീല അഭിമാനത്തോടെ ഓർക്കുന്നു. 1991ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ, രോഗബാധിതനായ കുഞ്ഞച്ചനെ രക്ഷിക്കാൻ ഇ കെ നായനാർ നടത്തിയ ശ്രമങ്ങൾ, ഇ എം എസ്‌ കൂട്ടുകാരന്റെ കൈപിടിച്ച്‌ വിതുമ്പിയത്‌, അവസാന നാളുകളിലും ചെങ്കൊടിയെപ്പറ്റി വികാരാധീനനായത്‌ എല്ലാം  ആവേശത്തോടെയേ വായിക്കാനാകൂ. രാജ്യത്തെ ലക്ഷക്കണക്കിന‌് കർഷകത്തൊഴിലാളികൾക്കും കുടുംബാംഗം കൂടിയായ എ കെ ബാലനെപ്പോലുള്ള നേതാക്കൾക്കും ചെങ്കൊടി കൈമാറി കടന്നു പോയ പി കെ കുഞ്ഞച്ചന്റെ ജീവിതം ഒരു നോവൽപോലെ വരച്ചിട്ടുണ്ട്‌ ഇൗ പുസ‌്തകത്തിൽ. വി എസ‌് അച്യുതാനന്ദന്റെ അവതാരികയും ഏഴാച്ചേരി രാമചന്ദ്രന്റെ അനുഭവക്കുറിപ്പും അതിന‌് മാറ്റേകുന്നു. Read on deshabhimani.com

Related News