വർത്തമാനജീവിതം പറയുന്ന കഥകൾ



അനുഭവങ്ങളും ചുറ്റുപാടുകളുമാണ് പലരിലും കഥകളായി രൂപാന്തരം പ്രാപിക്കുന്നത്. വായന അനുവാചകന്‌ അനുഭവത്തിന്റെ നേർസാക്ഷ്യമാകുന്നതും അതുകൊണ്ടുതന്നെ. വിജയകുമാർ പരിയാരത്തിന്റെ കഥകളിലൂടെ സഞ്ചരിക്കുന്ന വായനക്കാരന് അനുഭവവേദ്യമാകുന്നത് ജീവിതം പറയുന്ന കഥകളാണ്. പച്ചയായ മനുഷ്യജീവിതമാണ് പാവം ഭീകരൻ എന്ന പുസ്തകത്തിലെ 12 കഥയിലും. വർത്തമാന ഇന്ത്യയിലെ അത്ര സുഖകരമല്ലാത്ത അനുഭവങ്ങളാണ് ആദ്യ കഥയായ പാവം ഭീകരൻ. പ്രതിഫലേച്ഛ പ്രതീക്ഷിക്കാതെ ജനസേവനം ചെയ്യുന്ന നിഷ്കളങ്കനായ ഒരാളെ ഭീകരനായി മാറ്റുന്ന  ഭരണകൂട നിലപാടുകളാണ്‌  കഥ അവതരിപ്പിക്കുന്നത്.  അപ്പുണ്ണിയും മലാപ്പപറമ്പിലെ പെണ്ണുങ്ങളും എന്നത്‌ ഒരു കുട്ടിത്തൊഴിലാളിയുടെ കഥയാണ്‌. പണിക്കൊപ്പം കൂട്ടിയ മുതലാളി  തിരികെപ്പോകുമ്പോൾ ആശ്രയമില്ലാതാകുന്നതും  സൂര്യനാരായണൻ സഹായിക്കുന്നതും പിന്നെ അപ്പുണ്ണി ആ ഗ്രാമത്തിന്റെ എല്ലാമായി മാറുന്നതുമാണ് കഥാതന്തു. പേടിപ്പെടുത്തുന്ന വർഗീയതയുടെ വർത്തമാനകാല രൂപത്തെയാണ്  പെൺകുട്ടിയും മൂന്നു പിശാചുക്കളും എന്ന കഥ അനാവരണം ചെയ്യുന്നത്. മതനിരപേക്ഷതയ്‌ക്ക് വർഗീയത ഉയർത്തുന്ന വെല്ലുവിളിയെക്കുറിച്ച് സമൂഹത്തെ ബോധവാന്മാരാക്കുകയെന്ന എഴുത്തുകാരന്റെ ഉത്തരവാദിത്വം നിറവേറ്റുന്നതിൽ ഈ കഥയിൽ കഥാകൃത്ത് വിജയിക്കുന്നുണ്ട്. മനുഷ്യാവസ്ഥകളുടെ നേർക്ക് ആർദ്രതയോടെ സമീപിക്കുന്ന ഇതിലെ കഥകൾ പ്രകാശമാനമായ ലോകത്തേക്കാണ് കൂട്ടിക്കൊണ്ടു പോകുന്നതെന്ന അവതാരകൻ ടി പി  വേണുഗോപാലിന്റെ നിരീക്ഷണം ശരിവയ്‌ക്കുന്നതാണ് എല്ലാ കഥകളും. Read on deshabhimani.com

Related News