പാരീസ്‌ കമ്യൂണിന്റെ 150–-ാം വാർഷികം ; ബഹുഭാഷ പുസ്‌തകത്തിന്റെ 
പിന്‍ചിത്രം മലയാളിയുടേത്‌



ന്യൂഡൽഹി> വിപ്ലവ സോഷ്യലിസ്‌റ്റ്‌ ഭരണകൂടമെന്ന സങ്കൽപ്പത്തിന്‌ നാന്ദികുറിച്ച പാരീസ്‌ കമ്യൂണിന്റെ 150–-ാം വാർഷികം മുൻനിർത്തി ലോകത്തിലെ ഇടതുപക്ഷ പ്രസാധകർ ചേർന്ന്‌ പുറത്തിറക്കുന്ന പുസ്‌തകത്തിന്റെ പിൻകവറായി തെരഞ്ഞെടുത്തത് വയനാട് സ്വദേശിയായ യുവചിത്രകാരി ജുനൈന മുഹമ്മദ് വരച്ച ചിത്രം. പോണ്ടിച്ചേരി സർവകലാശാലയിലെ എസ്‌എഫ്‌ഐ പ്രവർത്തകയായിരുന്നു ജുനൈന. പുസ്‌തകത്തിന്റെ കവർ പേജും പിൻ കവറും തെരഞ്ഞെടുക്കാൻ ആഗോളതലത്തിൽ കലാകാരന്മാരിൽനിന്ന്‌ സൃഷ്ടി ക്ഷണിച്ചിരുന്നു. കവർ ചിത്രമായി നിശ്ചയിച്ചത് ക്യൂബക്കാരൻ യോർജ്‌ ലൂയിസ്‌ റോഡ്രിഗെസ്‌ അഗ്വിലാറിന്റെ സൃഷ്ടി. 15 രാജ്യത്തെ 41 പേരുടെ സൃഷ്ടി ലഭിച്ചു. ഇവ ഉൾപ്പെടുത്തിയുള്ള പ്രദർശനവും പുസ്‌തകം പുറത്തിറക്കുന്നതിന്റെ ഭാഗമായി ഒരുക്കും. മലയാളികളായ ഗോപിക ബാബു, മിഥുൻ, എസ്‌എഫ്‌ഐ കേന്ദ്രകമ്മിറ്റിയംഗം കൂടിയായ ശിൽപ സുരേന്ദ്രൻ, ഷെനി എന്നിവരുടെ സൃഷ്ടികളും പ്രദർശനത്തിൽ ഉൾപ്പെടും. ഓൺലൈൻ എക്‌സിബിഷൻ thetricontinental.org യിൽ ലഭ്യമാകും. മെയ്‌ 28ന് പുസ്‌തകം പ്രകാശനം ചെയ്യും. കാൾ മാർക്‌സിന്റെയും ലെനിന്റെയും ചരിത്രപരമായ കുറിപ്പുകൾ, ഇടതുപക്ഷ സൈദ്ധാന്തികരായ വിജയ്‌പ്രസാദ്‌, ടിങ്‌സ്‌ ചാക്‌ തുടങ്ങിയവരുടെ ലേഖനങ്ങളും ഉൾപ്പെട്ടതാണ്‌ പുസ്‌തകം. ഹിന്ദി, സ്‌പാനിഷ്‌, ഇംഗ്ലീഷ്‌ തുടങ്ങി വിവിധ ഭാഷകളിൽ പുസ്‌തകം തയ്യാറാക്കാൻ ഇന്ത്യയിൽ നിന്നുള്ള 10 പ്രസാധകരും സഹകരിക്കുന്നു. ചിന്ത (കേരളം), ക്രിയ (കന്നഡ), ഭാരതി പുത്തകാലയം (തമിഴ്‌നാട്‌), പ്രജാശക്തി (ആന്ധ്ര), നവതെലങ്കാന (തെലങ്കാന), ജനശക്തി പ്രകാശൻ (മഹാരാഷ്ട്ര), ഓജസ്‌ (ഗുജറാത്ത്‌), എൻബിഎ (ബംഗാൾ), ലെഫ്‌റ്റ്‌വേർഡ്‌–- വാം പ്രകാശൻ (ഡൽഹി) എന്നീ പ്രസാധകരാണ്‌ ഇന്ത്യയിൽനിന്ന്‌ സംരംഭത്തിൽ പങ്കാളികളാകുന്നത്‌. Read on deshabhimani.com

Related News