വൈക്കം വിശ്വന്റെ ജീവിതം ഇതിവൃത്തമാക്കിയ പുസ്‌തകങ്ങൾ പ്രകാശനംചെയ്‌തു



കോട്ടയം പുസ്‌തകത്താളുകളിൽ ഒതുക്കിവയ്‌ക്കാനാവാത്തത്ര വൈപുല്യമുള്ള സമരഭരിതവും അതിലേറെ ത്യാഗസുരഭിലവുമായ ജീവിതത്തിനുടമയായ സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം വൈക്കം വിശ്വന്റെ തീഷ്‌ണാനുഭവങ്ങളെ കോർത്തിണക്കി രചിച്ച രണ്ട് പുസ്തകങ്ങൾ പ്രകാശിതമായി. ടി കെ രാമകൃഷ്ണൻ സ്മാരക പഠനഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കെ പി എസ് മേനോൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം പ്രകാശ്‌ കാരാട്ട്‌ പുസ്‌തകങ്ങളുടെ പ്രകാശനം നിർവഹിച്ചു.  മലയാള മനോരമ മുൻ അസി. എഡിറ്റർ സനിൽ പി തോമസ് രചിച്ച ‘കനൽവഴികൾ’, ഗീതാ ബക്ഷി രചിച്ച ‘ജീവിതംകൊണ്ട് ചരിത്രമെഴുതിയ നേതാവ് ’ എന്നീ പുസ്തകങ്ങളാണ്‌ പ്രകാശനംചെയ്‌തത്‌. ആറു പതിറ്റാണ്ടിലേറെ നീണ്ട പൊതുജീവിതത്തിലൂടെ സമൂഹത്തിന്‌ അദ്ദേഹം നൽകിയ സംഭാവനകളും വിപ്ലവജീവിതവും വേദികളിൽ അഗ്നിചിതറിയ പ്രസംഗപാടവവുമെല്ലാമാണ്‌ പുസ്‌തകം പ്രതിപാദിക്കുന്നത്‌. ജില്ലയിലെ രാഷ്ട്രീയ സാമൂഹ്യ പ്രവർത്തന മണ്ഡലത്തിലെ നേതൃസമൂഹം ഒന്നടങ്കം പങ്കെടുത്ത പരിപാടി മുൻകാല സമരപഥങ്ങളുടെ ഓർമ പങ്കുവയ്‌ക്കൽ കൂടിയായി.   മുതിർന്ന പാർടി നേതാവ്‌ എം എം ലോറൻസ്‌, പ്രൊഫ. സി ആർ ഓമനക്കുട്ടൻ എന്നിവർ പുസ്‌തകങ്ങൾ ഏറ്റുവാങ്ങി. ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ് അധ്യക്ഷനായി. ജസ്‌റ്റിസ്‌ കെ ടി തോമസ്‌, മന്ത്രി എം എം മണി, എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ, അഡ്വ. കെ സുരേഷ്‌ കുറുപ്പ്‌, സി കെ ആശ എന്നിവർ സംസാരിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി വി എൻ വാസവൻ സ്വാഗതവും ജില്ലാ സെക്രട്ടറിയറ്റംഗം പ്രൊഫ. എം ടി ജോസഫ്‌ നന്ദിയും പറഞ്ഞു. വൈക്കം വിശ്വൻ, പുസ്‌തക രചയിതാക്കളായ സനിൽ പി തോമസ്, ഗീതാ ബക്ഷി എന്നിവർ മറുപടി പറഞ്ഞു. ചടങ്ങിൽ വൈക്കം വിശ്വന്‌ ഉപഹാരം സമർപ്പിച്ചു. രാഷ്‌ട്രീയ സാമൂഹ്യ രംഗത്തെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.   Read on deshabhimani.com

Related News